Amos - Chapter 9
Holy Bible

1. ബലിപീഠത്തിനരികേ കര്‍ത്താവ്‌ നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവിടുന്ന്‌ അരുളിച്ചെയ്‌തു: പൂമുഖം കുലുങ്ങുമാറ്‌ പോതികയെ ഊക്കോടെ അടിക്കുക. എല്ലാവരുടെയും തലയില്‍ അതു തകര്‍ന്നുവീഴട്ടെ. അവശേഷിക്കുന്നവരെ ഞാന്‍ വാളിനിരയാക്കും; ഒരുവനും ഓടിയൊളിക്കുകയില്ല. ഒരുവനും രക്‌ഷപെടുകയില്ല.
2. അവര്‍ പാതാളത്തിലേക്കു തുരന്നിറങ്ങിയാലും ഞാന്‍ അവരെ പിടിക്കും. ആകാശത്തിലേക്ക്‌ അവര്‍ കയറിപ്പോയാലും അവിടെ നിന്നു ഞാന്‍ അവരെ വലിച്ചുതാഴെയിറക്കും.
3. കാര്‍മല്‍ ശൃംഗത്തില്‍ ഒളിച്ചാലും അവിടെനിന്ന്‌ ഞാനവരെ തിരഞ്ഞുപിടിക്കും. എന്‍െറ കണ്ണില്‍പ്പെടാത്തവിധം ആഴിയുടെ അഗാധത്തില്‍ അവര്‍ ഒളിച്ചിരുന്നാലും, സര്‍പ്പത്തിനു ഞാന്‍ കല്‍പന കൊടുക്കും. അത്‌ അവരെ ദംശിക്കും.
4. ശത്രുക്കള്‍ അവരെ പ്രവാസികളായി പിടിച്ചുകൊണ്ടു പോയാലും ഖഡ്‌ഗങ്ങളോടു ഞാന്‍ ആജ്‌ഞാപിക്കും, അത്‌ അവരെ വധിക്കും. അവരുടെമേല്‍ ഞാന്‍ ദൃഷ്‌ടി പതിക്കും. നന്‍മയ്‌ക്കല്ല തിന്‍മയ്‌ക്ക്‌.
5. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ഈ ഭൂമിയെ സ്‌പര്‍ശിക്കുമ്പോള്‍ അത്‌ ഉരുകിപ്പോകുന്നു. അതിലെ നിവാസികള്‍ ആര്‍ത്തരായി കേഴുന്നു. അതു മുഴുവന്‍ നൈല്‍പോലെ, അതേ, ഈജിപ്‌തിലെ നൈല്‍പോലെ പതഞ്ഞുപൊങ്ങുകയും താഴുകയും ചെയ്യും.
6. ആകാശങ്ങളില്‍ തന്‍െറ ഉന്നതമന്‌ദിരം തീര്‍ക്കുകയും ഭൂമിയുടെമേല്‍ കമാനം നിര്‍മിക്കുകയും കടല്‍ജലത്തെ വിളിച്ച്‌ ഭൂതലത്തില്‍ വര്‍ഷിക്കുകയുംചെയ്യുന്ന അവിടുത്തെനാമം കര്‍ത്താവ്‌ എന്നാണ്‌.
7. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങള്‍ എനിക്ക്‌ എത്യോപ്യാക്കാരെപ്പോലെ അല്ലയോ? ഇസ്രായേല്‍ക്കാരെ ഈജിപ്‌തില്‍നിന്നും ഫിലിസ്‌ത്യരെ കഫ്‌ത്തോറില്‍ നിന്നും സിറിയാക്കാരെ കീറില്‍ നിന്നും കൊണ്ടുവന്നതു ഞാനല്ലയോ?
8. ഇതാ, പാപപങ്കിലമായരാജ്യത്തിന്‍െറ മേല്‍ ദൈവമായ കര്‍ത്താവിന്‍െറ ദൃഷ്‌ടി പതിഞ്ഞിരിക്കുന്നു. ഭൂമുഖത്തുനിന്നു ഞാന്‍ അതിനെ നശിപ്പിക്കും. എന്നാല്‍, യാക്കോബിന്‍െറ ഭവനത്തെ പൂര്‍ണമായും നശിപ്പിക്കുകയില്ല. കര്‍ത്താവാണ്‌ ഇത്‌ അരുളിച്ചെയ്യുന്നത്‌.
9. ജനതകള്‍ക്കിടയില്‍ ഇസ്രായേല്‍ ഭവനത്തെ ഞാന്‍ അടിച്ചു ചിതറിക്കും. അരിപ്പകൊണ്ടെന്നപോലെ അവരെ ഞാന്‍ അരിക്കും. ഒരു മണല്‍ത്തരിപോലും താഴെ വീഴുകയില്ല.
10. എന്‍െറ ജനത്തിനിടയിലുള്ള പാപികള്‍ മുഴുവന്‍ വാളാല്‍ നിഹനിക്കപ്പെടും. തിന്‍മ തങ്ങളെ കീഴടക്കുകയോ എതിര്‍ക്കുക പോലുമോ ചെയ്യുകയില്ലെന്ന്‌ അവര്‍ പറഞ്ഞു.
11. അന്നു ദാവീദിന്‍െറ വീണുപോയ കൂടാരത്തെ ഞാന്‍ ഉയര്‍ത്തും. കേടുപാടുകള്‍ തീര്‍ത്ത്‌ വീണ്ടും അതിനെ പഴയകാലത്തെന്നപോലെ പണിതുയര്‍ത്തും.
12. അപ്പോള്‍, ഏദോമില്‍ അവശേഷിക്കുന്നവരെയും എന്‍െറ നാമത്തില്‍ അറിയപ്പെട്ടിരുന്ന ജനതകളെയും അവര്‍ കൈവശമാക്കും. ഇതു ചെയ്യുന്ന കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.
13. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ആദിനങ്ങള്‍ ആസന്നമായി. അന്ന്‌ ഉഴവുകാരന്‍ കൊയ്‌ത്തുകാരനെയും മുന്തിരി മെതിക്കുന്നവന്‍ വിതക്കാരനെയും പിന്നിലാക്കും. പര്‍വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും. മലകളില്‍ അതു കവിഞ്ഞൊഴുകും.
14. എന്‍െറ ജന മായ ഇസ്രായേലിന്‍െറ ഐശ്യര്യം ഞാന്‍ പുനഃസ്‌ഥാപിക്കും. തകര്‍ന്ന നഗരങ്ങള്‍ പുനരുദ്‌ധരിച്ച്‌ അവര്‍ അതില്‍ വസിക്കും. മുന്തിരിത്തോപ്പുകള്‍ നട്ടുപിടിപ്പിച്ച്‌, അവര്‍ വീഞ്ഞു കുടിക്കും. അവര്‍ തോട്ടങ്ങളുണ്ടാക്കി, ഫലം ആസ്വദിക്കും.
15. അവര്‍ക്കു നല്‍കിയ ദേശത്ത്‌ ഞാന്‍ അവരെ നട്ടുവളര്‍ത്തും; ആരും അവരെ പിഴുതെറിയുകയില്ല - ദൈവമായ കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.

Holydivine