Malachi - Chapter 2
Holy Bible

1. പുരോഹിതന്‍മാരേ, ഇതാ, ഈ കല്‍പന നിങ്ങള്‍ക്കു വേണ്ടിയാണ്‌.
2. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ ശ്രദ്‌ധിക്കാതിരിക്കുകയും, എന്‍െറ നാമത്തിനു മഹത്വം നല്‍കാന്‍മനസ്‌സു വയ്‌ക്കാതിരിക്കുകയും ചെയ്‌താല്‍ ഞാന്‍ നിങ്ങളുടെമേല്‍ ശാപം അയയ്‌ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാന്‍ ശാപമാക്കും; നിങ്ങള്‍ മനസ്‌സു വയ്‌ക്കാഞ്ഞതിനാല്‍ ഞാന്‍ ശപിച്ചുകഴിഞ്ഞു.
3. ഞാന്‍ നിങ്ങളുടെ സന്തതികളെ ശാസിക്കും. നിങ്ങളുടെ ബലിമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്‌ക്കും. എന്‍െറ സന്നിധിയില്‍ നിന്നു നിങ്ങളെ ഞാന്‍ നിഷ്‌കാസനം ചെയ്യും.
4. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ലേവിയുമായുള്ള എന്‍െറ ഉടമ്പടി നിലനില്‍ക്കേണ്ടതിനാണ്‌ ഈ കല്‍പന ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നതെന്ന്‌ അങ്ങനെ നിങ്ങള്‍ അറിയും.
5. അവനോടുള്ള എന്‍െറ ഉടമ്പടി ജീവന്‍െറയും സമാധാനത്തിന്‍െറയും ഉടമ്പടി ആയിരുന്നു. അവന്‍ ഭയപ്പെടേണ്ടതിന്‌ ഞാന്‍ അവ അവനു നല്‍കി. അവന്‍ എന്നെ ഭയപ്പെടുകയും എന്‍െറ നാമത്തോടുള്ള ഭയഭക്‌തികളാല്‍ നിറയുകയും ചെയ്‌തു.
6. അവന്‍െറ നാവില്‍യഥാര്‍ഥ പ്രബോധനം ഉണ്ടായിരുന്നു. അവന്‍െറ അധരത്തില്‍ ഒരു തെറ്റും കണ്ടില്ല. സമാധാനത്തിലും സത്യസന്‌ധതയിലും അവന്‍ എന്നോടുകൂടെ വ്യാപരിച്ചു. അനേകരെ അകൃത്യങ്ങളില്‍നിന്ന്‌ അവന്‍ പിന്‍തിരിപ്പിച്ചു.
7. പുരോഹിതന്‍ അധരത്തില്‍ ജ്‌ഞാനം സൂക്‌ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ദൂതനാണ്‌.
8. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്‌ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:
9. നിങ്ങള്‍ എന്‍െറ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്‌ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്‍െറയും മുന്‍പില്‍ നിന്‌ദിതരും നികൃഷ്‌ടരും ആക്കും.
10. നമുക്കെല്ലാവര്‍ക്കും ഒരേ പിതാവല്ലേ ഉള്ളത്‌? ഒരേ ദൈവം തന്നെയല്ലേ നമ്മെസൃഷ്‌ടിച്ചത്‌? എങ്കില്‍ നമ്മുടെ പിതാക്കന്‍മാരുടെ ഉടമ്പടിയുടെ പവിത്രത നശിപ്പിച്ചുകൊണ്ട്‌ നാം എന്തിനു പരസ്‌പരം അവിശ്വസ്‌തത കാണിക്കുന്നു?
11. യൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. ജറുസലെമിലും ഇസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. കര്‍ത്താവിനു പ്രിയപ്പെട്ട വിശുദ്‌ധമന്‌ദിരത്തെ യൂദാ അശുദ്‌ധമാക്കി. അന്യദേവന്‍െറ പുത്രിയെ വിവാഹംചെയ്‌തിരിക്കുന്നു.
12. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്‌ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ കര്‍ത്താവിനു കാഴ്‌ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്‍െറ കൂടാരത്തില്‍നിന്നു കര്‍ത്താവ്‌ വിച്‌ഛേദിക്കട്ടെ.
13. നിങ്ങള്‍ ഇതും ചെയ്യുന്നു. അവിടുന്ന്‌ നിങ്ങളുടെ കാഴ്‌ചകളെ പരിഗണിക്കുകയോ അതില്‍ പ്രസാദിക്കുകയോ ചെയ്യാത്തതിനാല്‍ നിങ്ങള്‍ തേങ്ങിക്കരഞ്ഞ്‌ കര്‍ത്താവിന്‍െറ ബലിപീഠം കണ്ണീരുകൊണ്ടു മൂടുന്നു.
14. എന്തുകൊണ്ട്‌ അവിടുന്ന്‌ ഇത്‌ സ്വീകരിക്കുന്നില്ല എന്ന്‌ നിങ്ങള്‍ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച്‌ നിന്‍െറ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ അവിശ്വസ്‌തത കാണി ച്ചനിന്‍െറ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവ്‌ സാക്‌ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ.
15. ഏകശരീരവും ഏകാത്‌മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്‌ടിച്ചത്‌. ദൈവഭക്‌തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്‌? അതുകൊണ്ട്‌ യൗവനത്തിലെ ഭാര്യയോട്‌ അവിശ്വസ്‌തത കാണിക്കാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.
16. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു. ഒരുവന്‍ തന്‍െറ വസ്‌ത്രം അക്രമംകൊണ്ടു പൊതിയുന്നതിനെയും ഞാന്‍ വെറുക്കുന്നു. അതുകൊണ്ട്‌ നിങ്ങള്‍ ശ്രദ്‌ധയോടെ വ്യാപരിക്കുക; അവിശ്വസ്‌തത കാണിക്കരുത്‌.
17. വാക്കുകള്‍കൊണ്ടു നിങ്ങള്‍ കര്‍ത്താവിനു മടുപ്പുവരുത്തിയിരിക്കുന്നു. നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണ്‌ ഞങ്ങള്‍ അവിടുത്തെ അസഹ്യപ്പെടുത്തിയത്‌? തിന്‍മ പ്രവര്‍ത്തിക്കുന്ന ഏവനും കര്‍ത്താവിന്‍െറ മുന്‍പില്‍ നല്ലവനാണ്‌, അവിടുന്ന്‌ അവനില്‍ പ്രസാദിക്കുന്നു എന്നു പറയുകയും നീതിയുടെ ദൈവം എവിടെ എന്നു ചോദിക്കുകയും ചെയ്‌തുകൊണ്ട്‌.

Holydivine