Judges - Chapter 18
Holy Bible

1. അക്കാലത്ത്‌ ഇസ്രായേലില്‍ രാജാവില്ലായിരുന്നു. ദാന്‍ ഗോത്രക്കാര്‍ അധിവസിക്കാന്‍ അവകാശഭൂമി അന്വേഷിക്കുന്ന കാലമായിരുന്നു അത്‌. ഇസ്രായേലിലെ മറ്റുഗോത്രങ്ങള്‍ക്കിടയില്‍ ഒരു സ്‌ഥലം അന്നുവരെ അവര്‍ക്ക്‌ അവകാശമായി ലഭിച്ചിരുന്നില്ല.
2. അവര്‍ സോറായില്‍നിന്നും എഷ്‌താവോലില്‍നിന്നും തങ്ങളുടെ ഗോത്രക്കാരായ കഴിവുറ്റ അഞ്ചുപേരെ ദേശം ഒറ്റുനോക്കുന്നതിന്‌ അയച്ചു. അവര്‍ പറഞ്ഞു: പോയി ദേശം നിരീക്‌ഷിച്ചുവരുവിന്‍. അവര്‍ മലനാടായ എഫ്രായിമില്‍ മിക്കായുടെ വീട്ടിലെത്തി. അവിടെ താമസിച്ചു.
3. മിക്കായുടെ ഭവനത്തെ സമീപിച്ചപ്പോള്‍ അവര്‍ ആയുവലേ വ്യന്‍െറ ശബ്‌ദം തിരിച്ചറിഞ്ഞു. അവര്‍ അടുത്തുചെന്നു ചോദിച്ചു. നിന്നെ ഇവിടെ കൊണ്ടുവന്നതാരാണ്‌? നീ ഇവിടെ എന്തുചെയ്യുന്നു? നിന്‍െറ തൊഴില്‍ എന്താണ്‌?
4. അവന്‍ പറഞ്ഞു: മിക്കാ ഇങ്ങനെ ചെയ്‌തു. അവന്‍ എന്നെ ശമ്പളത്തിനു നിര്‍ത്തിയിരിക്കുന്നു. ഞാന്‍ അവന്‍െറ പുരോഹിതനാണ്‌.
5. അവര്‍ അവനോട്‌ അഭ്യര്‍ഥിച്ചു: ഞങ്ങളുടെയാത്രയുടെ ഉദ്‌ദേശ്യം നിറവേറുമോ എന്നു നീ ദൈവത്തോട്‌ ആരാഞ്ഞറിയുക.
6. പുരോഹിതന്‍ പറഞ്ഞു: സമാധാനമായി പോകുവിന്‍. നിങ്ങളുടെ ഈയാത്രയില്‍ കര്‍ത്താവ്‌ നിങ്ങളെ സംരക്‌ഷിക്കും.
7. ആ അഞ്ചുപേര്‍ അവിടെനിന്നു പുറപ്പെട്ട്‌ ലായിഷില്‍ എത്തി. സീദോന്യരെപ്പോലെ സുരക്‌ഷിതരും പ്രശാന്തരും നിര്‍ഭയരുമായ അവിടത്തെ ജനങ്ങളെ കണ്ടു. അവര്‍ക്ക്‌ ഒന്നിനും കുറവില്ലായിരുന്നു. അവര്‍ സമ്പന്നരായിരുന്നു. സീദോന്യരില്‍നിന്ന്‌ അകലെ താമസിക്കുന്ന ഇവര്‍ക്ക്‌ ആരുമായും സംസര്‍ഗവുമില്ലായിരുന്നു.
8. സോറായിലും എഷ്‌താവോലിലുമുള്ള സഹോദരന്‍മാരുടെ അടുത്തു തിരിച്ചെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: നിങ്ങള്‍ ശേഖരിച്ചവിവരങ്ങള്‍ എന്തെല്ലാം?
9. അവര്‍ പറഞ്ഞു: നമുക്കുപോയി അവരെ ആക്രമിക്കാം. ഞങ്ങള്‍ ആ സ്‌ഥലം കണ്ടു; വളരെ ഫലഭൂയിഷ്‌ഠമായ സ്‌ഥലം. നിഷ്‌ക്രിയരായിരിക്കാതെ വേഗംചെന്നു ദേശം കൈ വശമാക്കുവിന്‍.
10. നിങ്ങള്‍ ചെല്ലുമ്പോള്‍ ശങ്കയില്ലാത്ത ഒരു ജനത്തെയായിരിക്കും കണ്ടുമുട്ടുക. വളരെ വിശാലമായ, ഒന്നിനും ക്‌ഷാമമില്ലാത്ത ആ പ്രദേശം, ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്നു.
11. ദാന്‍ഗോത്രത്തിലെ ആയുധധാരികളായ അറുനൂറുപേര്‍ സോറായിലും എഷ്‌താവോലിലും നിന്നു പുറപ്പെട്ടു.
12. അവര്‍ യൂദായിലെ കിരിയാത്ത്‌ യെയാറിമില്‍ ചെന്നു പാളയമടിച്ചു. ഇക്കാരണത്താല്‍ ആ സ്‌ഥലം മഹനേദാന്‍ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. അത്‌ കിരിയാത്ത്‌ യെയാറിമിനു പടിഞ്ഞാറാണ്‌.
13. അവിടെനിന്ന്‌ അവര്‍ എഫ്രായിം മലനാട്ടിലേക്കു കടന്ന്‌, മിക്കായുടെ ഭവനത്തില്‍ എത്തി.
14. ലായിഷ്‌ദേശത്ത്‌ ചാരവൃത്തി നടത്തുന്നതിന്‌ പോയിരുന്ന ആ അഞ്ചുപേര്‍ അവരുടെ സഹോദരന്‍മാരോടു പറഞ്ഞു: ഈ ഭവനങ്ങളിലൊന്നില്‍ ഒരു എഫോദും, കുലവിഗ്രഹങ്ങളും ഒരു കൊത്തുവിഗ്രഹവും ഒരു വാര്‍പ്പുവിഗ്രഹവും ഉണ്ട്‌ എന്ന്‌ നിങ്ങള്‍ക്കറിയാമോ? എന്താണ്‌ ചെയ്യേണ്ടതെന്ന്‌ ആലോചിക്കുവിന്‍.
15. അവര്‍ തിരിഞ്ഞു മിക്കായുടെ ഭവനത്തില്‍ താമസിക്കുന്നയുവലേവ്യന്‍െറ അടുത്തുചെന്നു കുശലം ചോദിച്ചു.
16. പടക്കോപ്പുകള്‍ അണിഞ്ഞഅറുനൂറു ദാന്‍കാര്‍ പടിവാതില്‍ക്കല്‍ നിന്നു.
17. ചാരവൃത്തി നടത്താന്‍ പോയിരുന്ന ആ അഞ്ചുപേര്‍ കടന്നുചെന്ന്‌ കൊത്തുവിഗ്രഹവും എഫോദും കുലവിഗ്രഹങ്ങളും വാര്‍പ്പുവിഗ്രഹവും എടുത്തു. ആ സമയത്ത്‌ പടിവാതില്‍ക്കല്‍ പുരോഹിതന്‍ ആയുധധാരികളായ അറുനൂറു പേരോടൊപ്പം നില്‍ക്കുകയായിരുന്നു.
18. അവര്‍ മിക്കായുടെ ഭവനത്തില്‍ പ്രവേശിച്ച്‌ കൊത്തുവിഗ്രഹവും എഫോദും കുലവിഗ്രഹങ്ങളും വാര്‍പ്പുവിഗ്രഹ വും എടുത്തപ്പോള്‍, നിങ്ങള്‍ എന്താണീചെയ്യുന്നത്‌ എന്ന്‌ പുരോഹിതന്‍ ചോദിച്ചു.
19. അവര്‍ പറഞ്ഞു: മിണ്ടരുത്‌; വായ്‌പൊത്തി ഞങ്ങളോടുകൂടെ വരുക. ഞങ്ങള്‍ക്കു പിതാവും പുരോഹിതനുമാകുക. ഒരുവന്‍െറ വീടിനുമാത്രം പുരോഹിതനായിരിക്കുന്നതോ ഇസ്രായേലില്‍ ഒരു ഗോത്രത്തിനും വംശത്തിനും പുരോഹിതനായിരിക്കുന്നതോ ഏതാണു നിനക്കു നല്ലത്‌?
20. പുരോഹിതന്‍െറ ഹൃദയം സന്തുഷ്‌ടമായി; അവന്‍ എഫോദുംകുലവിഗ്രഹങ്ങളും കൊത്തുവിഗ്രഹവും എടുത്ത്‌ അവരോടുകൂടെപോയി.
21. അവര്‍ അവിടെനിന്നു തിരിഞ്ഞ്‌ കുട്ടികളെയും കന്നുകാലികളെയും വസ്‌തുവകകളോടൊപ്പം മുന്‍പില്‍ നിര്‍ത്തിയാത്രയായി.
22. അവര്‍ കുറെദൂരം ചെന്നപ്പോള്‍ മിക്കാ അയല്‍വാസികളെ ഒന്നിച്ചുകൂട്ടി, ദാന്‍കാരെ പിന്തുടര്‍ന്ന്‌ അവരുടെ മുന്‍പില്‍ കയറി.
23. അവര്‍ ദാന്‍കാരുടെ നേരേ അട്ടഹസിച്ചപ്പോള്‍, ദാന്‍കാര്‍ തിരിഞ്ഞു മിക്കായോടുചോദിച്ചു: ഈ ആളുകളെയുംകൂട്ടിവരാന്‍ നിനക്കെന്തുപറ്റി?
24. അവന്‍ പറഞ്ഞു: ഞാന്‍ ഉണ്ടാക്കിയ ദേവന്‍മാരെ നിങ്ങള്‍ കൈവശമാക്കി; എന്‍െറ പുരോഹിതനെയും കൊണ്ടുപോകുന്നു. എന്താണ്‌, എനിക്കിനി ശേഷിച്ചിരിക്കുന്നത്‌? എന്നിട്ടും എനിക്ക്‌ എന്തുപറ്റിയെന്ന്‌ നിങ്ങള്‍ ചോദിക്കുന്നോ?
25. ദാന്‍കാര്‍ അവനോടു പറഞ്ഞു: മിണ്ടാതിരിക്കുക. വല്ലവരും കോപിച്ചു നിന്‍െറ മേല്‍ ചാടിവീണു നിന്നെയും കുടുംബത്തെയും കൊന്നുകളഞ്ഞെന്നുവരാം. ദാന്‍കാര്‍ അവരുടെ വഴിക്കുപോയി.
26. തനിക്കു ചെറുക്കാനാവാത്ത വിധം ശക്‌തരാണവര്‍ എന്നുകണ്ട്‌ മിക്കാ വീട്ടിലേക്കു മടങ്ങി.
27. മിക്കാ ഉണ്ടാക്കിയ വസ്‌തുക്കളോടൊപ്പം അവന്‍െറ പുരോഹിതനെയും അവര്‍കൊണ്ടുപോയി. ശങ്കയില്ലാത്തവരും ശാന്തരുമായി ജീവിച്ചിരുന്ന ലായിഷിലെ ജനങ്ങളുടെ അടുത്ത്‌ അവര്‍ എത്തി; അവരെ വാളിനിരയാക്കി, പട്ടണം തീവച്ചു നശിപ്പിച്ചു.
28. അവരെ രക്‌ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കാരണം അവര്‍ സീദോനില്‍നിന്ന്‌ വളരെ അകലെയായിരുന്നു. അവര്‍ക്ക്‌ ആരുമായും സമ്പര്‍ക്കവുമില്ലായിരുന്നു. ബത്‌റെഹോബിലുള്ള താഴ്‌വരയിലായിരുന്നു ലായിഷ്‌. ദാന്‍കാര്‍ ആ പട്ടണം പുതുക്കിപ്പണിത്‌ അവിടെ താമസമാക്കി.
29. ഇസ്രായേലിന്‍െറ മകനും തങ്ങളുടെ ഗോത്രപിതാവുമായ ദാനിന്‍െറ പേര്‍ ആ സ്‌ഥലത്തിന്‌ അവര്‍ നല്‍കി. ലായിഷ്‌ എന്നായിരുന്നു അതിന്‍െറ ആദ്യത്തെപേര്‌.
30. ദാന്‍കാര്‍ കൊത്തുവിഗ്രഹം തങ്ങള്‍ക്കായി സ്‌ഥാപിച്ചു. മോശയുടെ പുത്രനായ ഗര്‍ഷോമിന്‍െറ പുത്രന്‍ ജോനാഥാനും പുത്രന്‍മാരും പ്രവാസകാലംവരെ ദാന്‍ഗോത്രത്തിന്‍െറ പുരോഹിതന്‍മാരായിരുന്നു.
31. ദൈവത്തിന്‍െറ ആലയം ഷീലോയില്‍ ആയിരുന്നിടത്തോളംകാലം മിക്കാ ഉണ്ടാക്കിയ കൊത്തുവിഗ്രഹം അവര്‍ അവിടെ പ്രതിഷ്‌ഠിച്ചു.

Holydivine