Ecclesiastes - Chapter 12
Holy Bible

1. ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ്‌യൗവനകാലത്ത്‌ സ്രഷ്‌ടാവിനെ സ്‌മരിക്കുക.
2. സൂര്യനും പ്രകാശവും, ചന്‌ദ്രനും നക്‌ഷത്രങ്ങളും ഇരുണ്ടുപോകും; വൃഷ്‌ടി കഴിഞ്ഞ്‌ മറഞ്ഞമേഘങ്ങള്‍ വീണ്ടും വരും.
3. വീട്ടുകാവല്‍ക്കാര്‍ സംഭ്രമിക്കുകയും ശക്‌തന്‍മാര്‍ കൂനിപ്പോവുകയും, അരയ്‌ക്കുന്നവര്‍ ആളു കുറവായതിനാല്‍ വിരമിക്കുകയും, കിളിവാതിലിലൂടെ നോക്കുന്നവര്‍ അന്‌ധരാവുകയും ചെയ്യും;
4. തെരുവിലെ വാതിലുകള്‍ അടയ്‌ക്കപ്പെടും; മാവു പൊടിക്കുന്ന ശബ്‌ദം മന്‌ദീഭവിക്കും; പക്‌ഷിയുടെ ശബ്‌ദം കേട്ട്‌ മനുഷ്യന്‍ ഉണര്‍ന്നുപോകും; ഗായികമാരുടെ ശബ്‌ദം താഴും.
5. ഉയര്‍ന്നു നില്‍ക്കുന്നതും വഴിയില്‍ കാണുന്നതുമെല്ലാം അവര്‍ക്കു ഭീതിജനകമാകും; ബദാം വൃക്‌ഷം തളിര്‍ക്കും; പച്ചക്കുതിര ഇഴയും, ആശ അറ്റുപോകും; മനുഷ്യന്‍ തന്‍െറ നിത്യഭവനത്തിലേക്കു പോവുകയും, വിലപിക്കുന്നവര്‍ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും.
6. വെള്ളിച്ചരട്‌ പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച്‌ കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും;
7. ധൂളി അതിന്‍െറ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്‌മാവ്‌ തന്‍െറ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും.
8. സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ; സമസ്‌തവും മിഥ്യ.
9. സഭാപ്രസംഗകന്‍ ജ്‌ഞാനിയായിരുന്നു, കൂടാതെ അവന്‍ ആപ്‌തവചനങ്ങള്‍ വിവേചിച്ചു പഠിക്കുകയും ക്രമത്തിലടുക്കുകയും ചെയ്‌തുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ അറിവു പകര്‍ന്നു.
10. ഇമ്പമുള്ള വാക്കുകള്‍ കണ്ടുപിടിക്കാന്‍ സഭാപ്രസംഗകന്‍ ശ്രമിച്ചിട്ടുണ്ട്‌, സത്യവച സ്‌സുകള്‍ സത്യസന്‌ധമായി രേഖപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.
11. ജ്‌ഞാനിയുടെ വാക്കുകള്‍ ഇടയന്‍െറ വടിപോലെയാണ്‌. ഇടയന്‍െറ സമാഹരിക്കപ്പെട്ട സൂക്‌തങ്ങള്‍ തറഞ്ഞുകയറിയ ആണികള്‍പോലെയാണ്‌.
12. മകനേ, ഇതിലപ്പുറമുള്ള സകലതിലും നീ മുന്‍കരുതലുള്ളവനായിരിക്കണം. നിരവധി ഗ്രന്‌ഥങ്ങള്‍ നിര്‍മിക്കുക എന്നുവച്ചാല്‍ അ തിന്‌ അവസാനമുണ്ടാവുകയില്ല, അധ്യയനം അധികമായാല്‍ അതു ശരീരത്തെ തളര്‍ത്തും.
13. പരിസമാപ്‌തി ഇതാണ്‌; എല്ലാം കേട്ടുകഴിഞ്ഞതുതന്നെ. ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്‍പനകള്‍ പാലിക്കുക; മനുഷ്യന്‍െറ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ.
14. നല്ലതോ ചീത്തയോ ആയ ഏതു നിഗൂഢപ്രവൃത്തിയും ദൈവം നീതിപീഠത്തിനു മുന്‍പില്‍ കൊണ്ടുവരും.

Holydivine