John - Chapter 4
Holy Bible

1. യോഹന്നാനെക്കാള്‍ അധികം ആളുകളെ താന്‍ ശിഷ്യപ്പെടുത്തുകയും സ്‌നാനപ്പെടുത്തുകയും ചെയ്യുന്നുവെന്ന്‌ ഫരിസേയര്‍ കേട്ടതായി കര്‍ത്താവ്‌ അറിഞ്ഞു.
2. വാസ്‌തവത്തില്‍, ശിഷ്യന്‍മാരല്ലാതെ യേശു നേരിട്ട്‌ ആരെയും സ്‌നാനപ്പെടുത്തിയില്ല.
3. അവന്‍ യൂദയാ വിട്ട്‌ വീണ്ടും ഗലീലിയിലേക്കു പുറപ്പെട്ടു.
4. അവനു സമരിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു.
5. സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ അവന്‍ എത്തി. യാക്കോബ്‌ തന്‍െറ മകന്‍ ജോസഫിനു നല്‍കിയ വയലിനടുത്താണ്‌ ഈ പട്ടണം.
6. യാക്കോബിന്‍െറ കിണര്‍ അവിടെയാണ്‌. യാത്രചെയ്‌തു ക്ഷീണി ച്ചയേശു ആ കിണറിന്‍െറ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു.
7. ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. യേശു അവളോട്‌ എനിക്കു കുടിക്കാന്‍ തരുക എന്നു പറഞ്ഞു.
8. അവന്‍െറ ശിഷ്യന്‍മാരാകട്ടെ, ഭക്‌ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരുന്നു.
9. ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്‌? യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ.
10. യേശു അവളോടു പറഞ്ഞു: ദൈവത്തിന്‍െറ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട്‌ ആവശ്യപ്പെടുന്നത്‌ ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു.
11. അവള്‍ പറഞ്ഞു: പ്രഭോ, വെള്ളം കോരാന്‍ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്ക്‌ എവിടെനിന്നു കിട്ടും?
12. ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്‍െറ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്‌.
13. യേശു പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും.
14. എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന്‌ പിന്നീട്‌ ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും.
15. അപ്പോള്‍ അവള്‍ പറഞ്ഞു: ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ ഞാന്‍ ഇവിടെ വരുകയും വേണ്ടല്ലോ.
16. അവന്‍ പറഞ്ഞു: നീ ചെന്ന്‌ നിന്‍െറ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരുക.
17. എനിക്കു ഭര്‍ത്താവില്ല എന്ന്‌ ആ സ്‌ത്രീ മറുപടി പറഞ്ഞു. യേശു അവളോടു പറഞ്ഞു: എനിക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്‌.
18. നിനക്ക്‌ അഞ്ചു ഭര്‍ത്താക്കന്‍മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്‍െറ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യമാണ്‌.
19. അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ്‌ ഒരു പ്രവാചകനാണെന്നു ഞാന്‍ മനസ്‌സിലാക്കുന്നു.
20. ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, യഥാര്‍ഥമായ ആരാധനാസ്‌ഥലം ജറുസലെമിലാണ്‌ എന്നു നിങ്ങള്‍ പറയുന്നു.
21. യേശു പറഞ്ഞു: സ്‌ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു.
22. നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്‌ഷ യഹൂദരില്‍ നിന്നാണ്‌.
23. എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്‌മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത്‌ ഇപ്പോള്‍ത്തന്നെയാണ്‌. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ്‌ പിതാവ്‌ അന്വേഷിക്കുന്നതും.
24. ദൈവം ആത്‌മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌.
25. ആ സ്‌ത്രീ പറഞ്ഞു: മിശിഹാ - ക്രിസ്‌തു - വരുമെന്ന്‌ എനിക്ക്‌ അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും.
26. യേശു അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ്‌ അവന്‍ .
27. അവന്‍െറ ശിഷ്യന്‍മാര്‍ തിരിച്ചെത്തി. അവന്‍ ഒരു സ്‌ത്രീയോടു സംസാരിക്കുന്നതു കണ്ട്‌ അവര്‍ അദ്‌ഭുതപ്പെട്ടു. എന്നാല്‍, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട്‌ അവളോടു സംസാരിക്കുന്നെന്നോ ആരും അവനോടു ചോദിച്ചില്ല.
28. ആ സ്‌ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്‌, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു:
29. ഞാന്‍ ചെയ്‌ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍. ഇവന്‍തന്നെയായിരിക്കുമോ ക്രിസ്‌തു?
30. അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട്‌ അവന്‍െറ അടുത്തു വന്നു.
31. തത്‌സമയം ശിഷ്യന്‍മാര്‍ അവനോട്‌ അപേക്‌ഷിച്ചു: റബ്‌ബി, ഭക്‌ഷണം കഴിച്ചാലും.
32. അവന്‍ പറഞ്ഞു: നിങ്ങള്‍ അറിയാത്ത ഭക്‌ഷണം എനിക്കുണ്ട്‌.
33. ആരെങ്കിലും ഇവനു ഭക്‌ഷണം കൊണ്ടുവന്നു കൊടുത്തിരിക്കുമോ എന്നു ശിഷ്യന്‍മാര്‍ പരസ്‌പരം പറഞ്ഞു.
34. യേശു പറഞ്ഞു: എന്നെ അയച്ചവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്‍െറ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്‍െറ ഭക്‌ഷണം.
35. നാലു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞുകൊയ്‌ത്തിനു പാകമായിരിക്കുന്നു.
36. കൊയ്യുന്നവനു കൂലി കിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്‌ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു.
37. വിതയ്‌ക്കുന്നത്‌ ഒരുവന്‍ , കൊയ്യുന്നതു മറ്റൊരുവന്‍ എന്ന ചൊല്ല്‌ ഇവിടെ സാര്‍ഥകമായിരിക്കുന്നു.
38. നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്ത വിളവു ശേഖരിക്കാന്‍ ഞാന്‍ നിങ്ങളെ അയച്ചു; മറ്റുള്ളവരാണ്‌ അധ്വാനിച്ചത്‌. അവരുടെ അധ്വാനത്തിന്‍െറ ഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു.
39. ഞാന്‍ ചെയ്‌തതെല്ലാം അവന്‍ എന്നോടു പറഞ്ഞു എന്ന ആ സ്‌ത്രീയുടെ സാക്‌ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍ അവനില്‍ വിശ്വസിച്ചു.
40. ആ സമരിയാക്കാര്‍ അവന്‍െറ അടുത്തു വന്നു തങ്ങളോടൊത്തു വസിക്കണമെന്ന്‌ അവനോട്‌ അപേക്‌ഷിക്കുകയും അവന്‍ രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്‌തു.
41. അവന്‍െറ വചനം ശ്രവി ച്ചമറ്റു പലരും അവനില്‍ വിശ്വസിച്ചു.
42. അവര്‍ ആ സ്‌ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്‍െറ വാക്കുമൂലമല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണുയഥാര്‍ഥത്തില്‍ ലോക രക്‌ഷകന്‍ എന്ന്‌ മനസ്‌സിലാക്കുകയും ചെയ്‌തിരിക്കുന്നു.
43. രണ്ടു ദിവസം കഴിഞ്ഞ്‌ അവന്‍ അവിടെനിന്നു ഗലീലിയിലേക്കു പോയി.
44. പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന്‌ യേശുതന്നെ സാക്‌ഷ്യപ്പെടുത്തിയിരുന്നു.
45. അവന്‍ ഗലീലിയില്‍ വന്നപ്പോള്‍ ഗലീലിയാക്കാര്‍ അവനെ സ്വാഗതം ചെയ്‌തു. എന്തെന്നാല്‍, തിരുനാളില്‍ അവന്‍ ജറുസലെമില്‍ ചെയ്‌ത കാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.
46. അവന്‍ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ്‌ അവന്‍ വെള്ളം വീഞ്ഞാക്കിയത്‌. കഫര്‍ണാമില്‍ ഒരു രാജസേവകന്‍ ഉണ്ടായിരുന്നു. അവന്‍െറ മകന്‍ രോഗബാധിതനായിരുന്നു.
47. യേശുയൂദയായില്‍ നിന്നു ഗലീലിയിലേക്കുവന്നെന്നു കേട്ടപ്പോള്‍ അവന്‍ ചെന്ന്‌ തന്‍െറ ആസന്നമരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന്‌ അവനോട്‌ അപേക്‌ഷിച്ചു.
48. അപ്പോള്‍ യേശു പറഞ്ഞു: അടയാളങ്ങളും അദ്‌ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ.
49. അപ്പോള്‍, ആ രാജസേവകന്‍ അവനോട്‌ അപേക്‌ഷിച്ചു: കര്‍ത്താവേ, എന്‍െറ മകന്‍ മരിക്കുംമുമ്പ്‌ വരണമേ! യേശു പറഞ്ഞു:പൊയ്‌ക്കൊള്ളുക. നിന്‍െറ മകന്‍ ജീവിക്കും.
50. യേശു പറഞ്ഞവചനം വിശ്വസിച്ച്‌ അവന്‍ പോയി.
51. പോകുംവഴി മകന്‍ സുഖം പ്രാപിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായി ഭൃത്യന്‍മാര്‍ എതിരേ വന്നു.
52. ഏതു സമയത്താണ്‌ അവന്‍െറ സ്‌ഥിതി മെച്ചപ്പെട്ടത്‌ എന്ന്‌ അവന്‍ അന്വേഷിച്ചു. ഇന്നലെ ഏഴാം മണിക്കൂറില്‍ പനി വിട്ടുമാറി എന്ന്‌ അവര്‍ പറഞ്ഞു.
53. നിന്‍െറ മകന്‍ ജീവിക്കും എന്ന്‌ യേശു പറഞ്ഞത്‌ ആ മണിക്കൂറില്‍ത്തന്നെയാണെന്ന്‌ ആ പിതാവു മനസ്സിലാക്കി; അവനും കുടുംബം മുഴുവനും വിശ്വസിച്ചു.
54. ഇത്‌യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ യേശു പ്രവര്‍ത്തി ച്ചരണ്ടാമത്തെ അടയാളമാണ്‌.

Holydivine