Mark - Chapter 9
Holy Bible

1. അവന്‍ അവരോടു പറഞ്ഞു: ദൈവരാജ്യം ശക്‌തിയോടെ സമാഗതമാകുന്നതു കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലര്‍ ഇവിടെ നില്‍ക്കുന്നവരിലുണ്ടെന്ന്‌ സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
2. ആറു ദിവസം കഴിഞ്ഞ്‌, പത്രോസ്‌, യാക്കോബ്‌, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട്‌ യേശു ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു.
3. അവന്‍െറ വസ്‌ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാര നും വെളുപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍വെണ്‍മയും തിളക്കവുമുള്ളവയായി.
4. ഏലിയായും മോശയും പ്രത്യക്‌ഷപ്പെട്ട്‌ യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു.
5. അപ്പോള്‍, പത്രോസ്‌ യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്‌. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന്‌ നിനക്ക്‌, ഒന്ന്‌ മോശയ്‌ക്ക്‌, ഒന്ന്‌ ഏലിയായ്‌ക്ക്‌.
6. എന്താണ്‌ പറയേണ്ടതെന്ന്‌ അവന്‌ അറിഞ്ഞുകൂടായിരുന്നു. അവര്‍ അത്രയ്‌ക്ക്‌ ഭയപ്പെട്ടിരുന്നു.
7. അപ്പോള്‍ ഒരു മേഘം വന്ന്‌ അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന്‌ ഒരു സ്വരം പുറപ്പെട്ടു: ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവന്‍െറ വാക്കു ശ്രവിക്കുവിന്‍.
8. അവര്‍ ചുറ്റുംനോക്കി യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവര്‍ കണ്ടില്ല.
9. അവര്‍ കണ്ട കാര്യങ്ങള്‍ മനുഷ്യപുത്രന്‍മരിച്ചവരില്‍നിന്ന്‌ ഉയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്‌, മലയില്‍നിന്നിറങ്ങിപ്പോരുമ്പോള്‍ അവന്‍ അവരോടു കല്‍പിച്ചു.
10. മരിച്ചവരില്‍നിന്ന്‌ ഉയിര്‍ക്കുകയെന്നത്‌ എന്താണെന്നു ചിന്തിച്ചുകൊണ്ട്‌ അവര്‍ ഈ വചനം രഹ സ്യമായി സൂക്‌ഷിച്ചു.
11. അവര്‍ അവനോടു ചോദിച്ചു: ഏലിയാ ആദ്യം വരണമെന്ന്‌ നിയമജ്‌ഞര്‍ പറയുന്നത്‌ എന്തുകൊണ്ടാണ്‌?
12. അവന്‍ പറഞ്ഞു: ഏലിയാ ആദ്യമേ വന്ന്‌ എല്ലാം പുനഃസ്‌ഥാപിക്കും. മനുഷ്യപുത്രന്‍ വളരെ പീഡകള്‍ സഹിക്കുകയും നിന്‌ദനങ്ങള്‍ ഏല്‍ക്കുകയുംചെയ്യണമെന്ന്‌ എഴുതപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ട്‌?
13. ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നുകഴിഞ്ഞു. അവനെക്കുറിച്ച്‌ എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ, തങ്ങള്‍ക്കിഷ്‌ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്‌തു.
14. അവര്‍ ശിഷ്യന്‍മാരുടെ അടുത്ത്‌ എത്തിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടം അവരുടെ ചുറ്റും കൂടിയിരിക്കുന്നതും നിയമജ്‌ഞര്‍ അവരോടു തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതും കണ്ടു.
15. അവനെ കണ്ടയുടനെ ജനക്കൂട്ടം മുഴുവന്‍ വിസ്‌മയഭരിതരായി ഓടിക്കൂടി അവനെ അഭിവാദനംചെയ്‌തു.
16. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്താണ്‌ അവരുമായി തര്‍ക്കിക്കുന്നത്‌?
17. ജനക്കൂട്ടത്തില്‍ ഒരാള്‍ മറുപടി പറഞ്ഞു: ഗുരോ, ഞാന്‍ എന്‍െറ മകനെ അങ്ങയുടെ അടുത്തു കൊണ്ടുവന്നിട്ടുണ്ട്‌. മൂകനായ ഒരു ആത്‌മാവ്‌ അവനെ ആവേശിച്ചിരിക്കുന്നു.
18. അത്‌ എവിടെവച്ച്‌ അവനെ പിടികൂടിയാലും അവനെ നിലംപതിപ്പിക്കുന്നു. അപ്പോള്‍ അവന്‍ പല്ലുകടിക്കുകയും നുരയും പതയും പുറപ്പെടുവിക്കുകയും മരവിച്ചുപോവുകയും ചെയ്യുന്നു. അതിനെ ബഹിഷ്‌കരിക്കാന്‍ അങ്ങയുടെ ശിഷ്യന്‍മാരോട്‌ ഞാന്‍ അപേക്‌ഷിച്ചു; അവര്‍ക്കു കഴിഞ്ഞില്ല.
19. അവന്‍ അവരോടു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്‌ഷമിച്ചിരിക്കും? അവനെ എന്‍െറ അടുക്കല്‍ കൊണ്ടുവരൂ.
20. അവര്‍ അവനെ അവന്‍െറ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ടയുടനെ ആത്‌മാവ്‌ കുട്ടിയെ തള്ളിയിട്ടു. അവന്‍ നിലത്തു വീണ്‌ ഉരുളുകയും അവന്‍െറ വായിലൂടെ നുരയും പതയും പുറപ്പെടുകയും ചെയ്‌തു.
21. യേശു അവന്‍െറ പിതാവിനോടു ചോദിച്ചു: ഇതു തുടങ്ങിയിട്ട്‌ എത്ര കാലമായി? അവന്‍ പറഞ്ഞു: ശൈശവം മുതല്‍.
22. പലപ്പോഴും അത്‌ അവനെ നശിപ്പിക്കാന്‍വേണ്ടി തീയിലും വെള്ളത്തിലും വീഴ്‌ത്തിയിട്ടുണ്ട്‌. എന്തെങ്കിലും ചെയ്യാന്‍ നിനക്കു കഴിയുമെങ്കില്‍ ഞങ്ങളുടെമേല്‍ കരുണതോന്നി ഞങ്ങളെ സഹായിക്കണമേ!
23. യേശു പറഞ്ഞു: കഴിയുമെങ്കിലെ ന്നോ! വിശ്വസിക്കുന്നവന്‌ എല്ലാക്കാര്യങ്ങളും സാധിക്കും.
24. ഉടനെ കുട്ടിയുടെ പിതാവു വിളിച്ചുപറഞ്ഞു: ഞാന്‍ വിശ്വസിക്കുന്നു. എന്‍െറ അവിശ്വാസം പരിഹരിച്ച്‌ എന്നെ സഹായിക്കണമേ!
25. ജനങ്ങള്‍ ഓടിക്കൂടുന്നതു കണ്ട്‌ യേശു അശുദ്‌ധാത്‌മാ വിനെ ശകാരിച്ചു: മൂകനും ബധിരനുമായ ആത്‌മാവേ, നിന്നോടു ഞാന്‍ ആജ്‌ഞാപിക്കുന്നു, അവനില്‍നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്ക രുത്‌.
26. അപ്പോള്‍ അവനെ ശക്‌തിയായി നിലത്തു തള്ളിയിടുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്‌തുകൊണ്ട്‌ അതു പുറത്തുപോയി. ബാലന്‍മരിച്ചവനെപ്പോലെയായി. അവന്‍ മരിച്ചുപോയി എന്നു പലരും പറഞ്ഞു.
27. യേശു അവനെ കൈയ്‌ക്കു പിടിച്ചുയര്‍ത്തി; അവന്‍ എഴുന്നേറ്റിരുന്നു.
28. യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്‍മാര്‍ സ്വകാര്യമായി ചോദിച്ചു: എന്തുകൊണ്ടാണ്‌ അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത്‌?
29. അവന്‍ പറഞ്ഞു: പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല.
30. അവര്‍ അവിടെനിന്നുയാത്രതിരിച്ചു ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന്‌ അവന്‍ ആഗ്രഹിച്ചു. കാരണം, അവന്‍ ശിഷ്യന്‍മാരെ പഠിപ്പിക്കുകയായിരുന്നു.
31. അവന്‍ പറഞ്ഞു: മനുഷ്യപുത്രന്‍മനുഷ്യരുടെകൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ വധിക്കുകയുംചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
32. ഈ വചനം അവര്‍ക്കു മനസ്‌സിലായില്ല. എങ്കിലും, അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.
33. അവര്‍ പിന്നീട്‌ കഫര്‍ണാമില്‍ എത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച്‌ എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്‌?
34. അവര്‍ നിശ്‌ശബ്‌ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ്‌ വഴിയില്‍വച്ച്‌ അവര്‍ തര്‍ക്കിച്ചത്‌.
35. അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്ത വനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.
36. അവന്‍ ഒരു ശിശുവിനെ എടുത്ത്‌ അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചുകൊണ്ടു പറഞ്ഞു:
37. ഇതുപോലുള്ള ഒരു ശിശുവിനെ എന്‍െറ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ്‌ സ്വീകരിക്കുന്നത്‌.
38. യോഹന്നാന്‍ അവനോടു പറഞ്ഞു: ഗുരോ, നിന്‍െറ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ തടഞ്ഞു. കാരണം, അവന്‍ നമ്മളെ അനുഗമിച്ചില്ല.
39. യേശു പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന്‌ എന്‍െറ നാമത്തില്‍ അദ്‌ഭുതപ്രവൃത്തി ചെയ്യാനും ഉട നെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല.
40. നമുക്ക്‌ എതിരല്ലാത്ത വന്‍ നമ്മുടെ പക്‌ഷത്താണ്‌.
41. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്‌തുവിനുള്ളവരാകയാല്‍ അവന്‍െറ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക്‌ ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.
42. വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന്‌ ഇടര്‍ച്ചഹ്ന വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്‌, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌.
43. നിന്‍െറ കൈ നിനക്കു ദുഷ്‌പ്രരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു വെട്ടിക്കളയുക.
44. ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അ ഗ്‌നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത്‌ അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌.
45. നിന്‍െറ പാദം നിനക്കു ദുഷ്‌പ്രരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു മുറിച്ചുകളയുക.
46. രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌.
47. നിന്‍െറ കണ്ണുമൂലം നിനക്കു ദുഷ്‌പ്രരണ ഉണ്ടാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി,
48. പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്‌.
49. കാരണം, എല്ലാവരും അഗ്‌നിയാല്‍ ഉറകൂട്ടപ്പെടും.
50. ഉപ്പ്‌ നല്ലതാണ്‌. എന്നാല്‍, ഉറകെട്ടുപോയാല്‍ പിന്നെ എന്തുകൊണ്ട്‌ അതിന്‌ ഉറകൂട്ടും? നിങ്ങളില്‍ ഉപ്പ്‌ ഉണ്ടായിരിക്കട്ടെ. പരസ്‌പരം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുവിന്‍.

Holydivine