Mark - Chapter 4
Holy Bible

1. കടല്‍ത്തീരത്തുവച്ച്‌ യേശു വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ അവന്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു.
2. അവന്‍ ഉപമ കള്‍വഴി പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു.
3. അവരെ ഉപദേശിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു: കേള്‍ക്കുവിന്‍, ഒരു വിതക്കാരന്‍ വിതയ്‌ക്കാന്‍ പുറപ്പെട്ടു.
4. വിതച്ചപ്പോള്‍ വിത്തുകളില്‍ ചിലതു വഴിയരികില്‍ വീണു. പക്‌ഷികള്‍ വന്ന്‌ അവ തിന്നുകളഞ്ഞു.
5. മറ്റുചിലത്‌ മണ്ണ്‌ അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന്‌ ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്നു മുളച്ചുപൊങ്ങി.
6. സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയുംചെയ്‌തു.
7. വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന്‌ അതിനെ ഞെരുക്കിക്ക ളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല.
8. ശേഷിച്ചവിത്തുകള്‍ നല്ല മണ്ണില്‍ പതിച്ചു. അവ തഴച്ചുവളര്‍ന്ന്‌, മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയി ച്ചു.
9. അവന്‍ പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
10. അവന്‍ തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച്‌ അവനോടു ചോദിച്ചു.
11. അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്‍െറ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്‌, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം.
12. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്‌സുതിരിഞ്ഞ്‌ മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ്‌ അത്‌.
13. അവന്‍ അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ക്കു മനസ്‌സിലാകുന്നില്ലേ? അങ്ങനെയെങ്കില്‍, ഉപമകളെല്ലാം നിങ്ങള്‍ എങ്ങനെ മനസ്‌സിലാക്കും?
14. വിതക്കാരന്‍ വചനം വിതയ്‌ക്കുന്നു. ചിലര്‍ വചനം ശ്ര വിക്കുമ്പോള്‍ത്തന്നെ സാത്താന്‍വന്ന്‌,
15. അവരില്‍ വിതയ്‌ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു. ഇവരാണ്‌ വഴിയരികില്‍ വിതയ്‌ക്കപ്പെട്ട വിത്ത്‌.
16. ചിലര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്‌ക്കപ്പെട്ട വിത്ത്‌ ഇവരാണ്‌.
17. വേരില്ലാത്തതിനാല്‍, അവ അല്‍പസമയത്തേക്കുമാത്രം നിലനില്‍ക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്‌ക്‌ഷണം അവര്‍ വീണുപോകുന്നു.
18. മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്‌ക്കപ്പെട്ടത്‌ മറ്റുചിലരാണ്‌. അവര്‍ വചനം ശ്രവിക്കുന്നു.
19. എന്നാല്‍, ലൗകിക വ്യഗ്രതയും ധനത്തിന്‍െറ ആകര്‍ഷണവും മറ്റു വസ്‌തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു.
20. നല്ല മണ്ണില്‍ വിതയ്‌ക്കപ്പെട്ട വിത്താകട്ടെ, വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്‌. അവര്‍ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു.
21. അവന്‍ അവരോടു പറഞ്ഞു: വിളക്കുകൊണ്ടുവരുന്നത്‌ പറയുടെ കീഴിലോകട്ടിലിന്‍െറ അടിയിലോ വയ്‌ക്കാനാണോ? പീഠത്തിന്‍മേല്‍ വയ്‌ക്കാനല്ലേ?
22. വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല.
23. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. അവന്‍ പറഞ്ഞു:
24. നിങ്ങള്‍ ശ്രദ്‌ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും.
25. ഉള്ള വനു നല്‍കപ്പെടും; ഇല്ലാത്തവനില്‍നിന്ന്‌ ഉള്ളതുപോലും എടുക്കപ്പെടും.
26. അവന്‍ പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്‌ക്കുന്നതിനു സദൃശം.
27. അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു.
28. ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന്‌ കതിരില്‍ ധാന്യമണികള്‍ - ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു.
29. ധാന്യം വിളയുമ്പോള്‍ കൊയ്‌ത്തിനു കാലമാകുന്നതുകൊണ്ട്‌ അവന്‍ അരിവാള്‍ വയ്‌ക്കുന്നു.
30. അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത്‌ ഉപമകൊണ്ട്‌ അതിനെ വിശദീകരിക്കും?
31. അത്‌ ഒരു കടുകുമണിക്കു സദൃശ മാണ്‌. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്‌.
32. എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതുവളര്‍ന്ന്‌ എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറ പ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്‌ഷികള്‍ക്ക്‌ അതിന്‍െറ തണലില്‍ ചേക്കേറാന്‍ കഴിയുന്നു.
33. അവര്‍ക്കു മനസ്‌സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു.
34. ഉപമകളിലൂടെയല്ലാതെ അവന്‍ അവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, ശിഷ്യന്‍മാര്‍ക്ക്‌ എല്ലാം രഹസ്യമായി വിശ ദീകരിച്ചുകൊടുത്തിരുന്നു.
35. അന്നു സായാഹ്‌നമായപ്പോള്‍ അവന്‍ അവരോടു പറഞ്ഞു:
36. നമുക്ക്‌ അക്കരയ്‌ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്‌, അവന്‍ ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്‌ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു.
37. അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക്‌ ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു.
38. യേശു അമരത്തു തലയണവച്ച്‌ ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ?
39. അവന്‍ ഉണര്‍ന്ന്‌ കാറ്റിനെ ശാസിച്ചുകൊണ്ട്‌ കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി.
40. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്‌? നിങ്ങള്‍ക്കു വിശ്വാസമില്ലേ?
41. അവര്‍ അത്യധികം ഭയന്ന്‌ പരസ്‌പരം പറഞ്ഞു: ഇവന്‍ ആരാണ്‌! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!

Holydivine