Acts - Chapter 3
Holy Bible

1. ഒരു ദിവസം ഒമ്പതാംമണിക്കൂറിലെപ്രാര്‍ഥനയ്‌ക്കു പത്രോസും യോഹന്നാനുംദേവാലയത്തിലേക്കു പോവുകയായിരുന്നു.
2. ജന്‍മനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലര്‍ അവിടെയെത്തി. ദേവാലയത്തില്‍ പ്രവേശിക്കുന്നവരോടു ഭിക്‌ഷയാചിക്കാനായി സുന്‌ദരകവാടം എന്നു വിളിക്കപ്പെടുന്ന ദേവാലയ വാതില്‍ക്കല്‍ അവനെ കിടത്തുക പതിവായിരുന്നു.
3. പത്രോസുംയോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട്‌ അവന്‍ അവരോടു ഭിക്‌ഷയാചിച്ചു.
4. പത്രോസ്‌ യോഹന്നാനോടൊപ്പം അവനെ സൂക്‌ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക.
5. അവരുടെ പക്കല്‍നിന്ന്‌ എന്തെങ്കിലും കിട്ടുമെന്നു പ്രതീക്‌ഷിച്ച്‌ അവന്‍ അവരെ നോക്കി.
6. പത്രോസ്‌ പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്‍െറ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്‌തുവിന്‍െറ നാമത്തില്‍ എഴുന്നേറ്റു നടക്കുക.
7. പത്രോസ്‌ വലത്തുകൈയ്‌ക്കു പിടിച്ച്‌ അവനെ എഴുന്നേല്‍പിച്ചു. ഉടന്‍തന്നെ അവന്‍െറ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു.
8. അവന്‍ ചാടി എഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും ദൈവത്തെ സ്‌തുതിച്ചും കൊണ്ട്‌ അവന്‍ അവരോടൊപ്പം ദേവാലയത്തില്‍ പ്രവേശിച്ചു.
9. അവന്‍ നടക്കുന്നതും ദൈവത്തെ സ്‌തുതിക്കുന്നതും ജനമെല്ലാം കണ്ടു.
10. ദേവാലയത്തിന്‍െറ സുന്‌ദരകവാടത്തിങ്കല്‍ ഭിക്‌ഷയാചിച്ചുകൊണ്ടിരുന്നവനാണ്‌ അവനെന്ന്‌ മന സ്‌സിലാക്കി, അവനു സംഭവി ച്ചകാര്യത്തെക്കുറിച്ച്‌ അവര്‍ അദ്‌ഭുതസ്‌തബ്‌ധരായി.
11. അവന്‍ പത്രോസിനെയും യോഹന്നാനെയും വിട്ടുമാറാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ എല്ലാവരും ആശ്‌ചര്യപ്പെട്ട്‌ സോളമന്‍െറ മണ്‍ഡപത്തില്‍ അവരുടെ അടുത്ത്‌ ഓടിക്കൂടി.
12. ഇതുകണ്ട്‌ പത്രോസ്‌ അവരോടു പറഞ്ഞു: ഇസ്രായേല്‍ജനമേ, നിങ്ങളെന്തിന്‌ ഇതില്‍ അദ്‌ഭുതപ്പെടുന്നു? ഞങ്ങള്‍ സ്വന്തം ശക്‌തിയോ സുകൃതമോകൊണ്ട്‌ ഇവനു നടക്കാന്‍ കഴിവുകൊടുത്തു എന്ന മട്ടില്‍ ഞങ്ങളെ സൂക്‌ഷിച്ചുനോക്കുന്നതെന്തിന്‌?
13. അബ്രാഹത്തിന്‍െറയും ഇസഹാക്കിന്‍െറയും യാക്കോബിന്‍െറയും ദൈവം, നമ്മുടെ പിതാക്കന്‍മാരുടെ ദൈവം, തന്‍െറ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ അവനെ ഏല്‍പിച്ചുകൊടുത്തു. പീലാത്തോസ്‌ അവനെ വിട്ടയയ്‌ക്കാന്‍ തീരുമാനിച്ചിട്ടും അവന്‍െറ മുമ്പില്‍വച്ച്‌ നിങ്ങള്‍ അവനെ തള്ളിപ്പറഞ്ഞു.
14. പരിശുദ്‌ധനും നീതിമാനുമായ അവനെ നിങ്ങള്‍ നിരാകരിച്ചു. പകരം ഒരു കൊലപാതകിയെ വിട്ടുകിട്ടാന്‍ അപേക്‌ഷിച്ചു.
15. ജീവന്‍െറ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്‌ഷികളാണ്‌.
16. അവന്‍െറ നാമത്തിലുള്ള വിശ്വാസംമൂലം, അവന്‍െറ നാമമാണ്‌ നിങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനെ സുഖപ്പെടുത്തിയത്‌. അവനിലുള്ള വിശ്വാസമാണ്‌ നിങ്ങളുടെ മുമ്പില്‍വച്ച്‌ ഈ മനുഷ്യനു പൂര്‍ണ്ണാരോഗ്യം പ്രദാനം ചെയ്‌തത്‌.
17. സഹോദരരേ, നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും അജ്‌ഞതമൂലമാണ്‌ ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന്‌ എനിക്കറിയാം.
18. എന്നാല്‍, തന്‍െറ അഭിഷിക്‌തന്‍ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകന്‍മാര്‍വഴി ദൈവം മുന്‍കൂട്ടി അരുളിച്ചെയ്‌തത്‌ അവിടുന്ന്‌ ഇങ്ങനെ പൂര്‍ത്തിയാക്കി.
19. അതിനാല്‍, നിങ്ങളുടെപാപങ്ങള്‍ മായിച്ചുകളയാന്‍ പശ്‌ചാത്തപിച്ച്‌ ദൈവത്തിലേക്കു തിരിയുവിന്‍.
20. നിങ്ങള്‍ക്കു കര്‍ത്താവിന്‍െറ സന്നിധിയില്‍നിന്നു സമാശ്വാസത്തിന്‍െറ കാലം വന്നെത്തുകയും, നിങ്ങള്‍ക്കുവേണ്ടി ക്രിസ്‌തുവായി നിശ്‌ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന്‌ അയയ്‌ക്കുകയും ചെയ്യും.
21. ആദിമുതല്‍ തന്‍െറ വിശുദ്‌ധ പ്രവാചകന്‍മാര്‍വഴി ദൈവം അരുളിച്ചെയ്‌തതുപോലെ, സകലത്തിന്‍െറയും പുനഃസ്‌ഥാപനകാലം വരെ സ്വര്‍ഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു.
22. മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കര്‍ത്താവ്‌ നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്‍മാരുടെയിടയില്‍നിന്ന്‌, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും. അവന്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം.
23. ആ പ്രവാചകന്‍െറ വാക്കു കേള്‍ക്കാത്തവരെല്ലാം ജനത്തിന്‍െറ ഇടയില്‍നിന്നു പൂര്‍ണമായി വിച്‌ഛേദിക്കപ്പെടും.
24. സാമുവലും തുടര്‍ന്നുവന്ന പ്രവാചകന്‍മാ രെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്‌.
25. നിങ്ങള്‍ പ്രവാചകന്‍മാരുടെയും നമ്മുടെ പിതാക്കന്‍മാരോടു ദൈവം ചെയ്‌ത ഉടമ്പടിയുടെയും സന്തതികളാണ്‌. അവിടുന്ന്‌ അബ്രാഹത്തോട്‌ അരുളിച്ചെയ്‌തു: ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്‍െറ സന്തതിവഴി അനുഗൃഹീതമാകും.
26. ദൈവം തന്‍െറ ദാസനെ ഉയിര്‍പ്പിച്ച്‌, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്‌. നിങ്ങള്‍ ഓരോരുത്തരെയും ദുഷ്‌ടതയില്‍നിന്നു പിന്തിരിപ്പിച്ച്‌ അനുഗ്രഹിക്കാന്‍വേണ്ടിയാണ്‌ അത്‌.

Holydivine