Acts - Chapter 27
Holy Bible

1. ഞങ്ങള്‍ ഇറ്റലിയിലേക്കു കപ്പലില്‍ പോകണമെന്നു തീരുമാനമുണ്ടായി. അവര്‍ പൗലോസിനെയും മറ്റുചില തടവുകാരെയും സെബാസ്‌തേ സൈന്യവിഭാഗത്തിന്‍െറ ശതാധിപനായ ജൂലിയൂസിനെ ഏല്‍പിച്ചു.
2. ഞങ്ങള്‍ അദ്രാമീത്തിയാത്തില്‍ നിന്നുള്ള ഒരു കപ്പലില്‍ക്കയറി. അത്‌ ഏഷ്യയുടെ തീരത്തുള്ള തുറമുഖങ്ങളിലേക്കു പോകുന്നതായിരുന്നു. ഞങ്ങള്‍യാത്ര പുറപ്പെട്ടപ്പോള്‍ തെസലോനിക്കാനഗരവാസിയും മക്കെദോനിയാക്കാരനുമായ അരിസ്‌താര്‍ക്കൂസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
3. പിറ്റെദിവസം ഞങ്ങള്‍ സീദോനിലിറങ്ങി. ജൂലിയൂസ്‌ പൗലോസിനോടു ദയാപൂര്‍വം പെരുമാറുകയും സ്‌നേഹിതരുടെ അടുക്കല്‍ പോകുന്നതിനും അവരുടെ ആതിഥ്യം സ്വീകരിക്കുന്നതിനും അവനെ അനുവദിക്കുകയും ചെയ്‌തു.
4. അവിടെനിന്നു ഞങ്ങള്‍യാത്രതിരിച്ചു. കാറ്റ്‌ പ്രതികൂലമായിരുന്നതിനാല്‍ സൈപ്രസിനടുത്തുകൂടെയാണു പോയത്‌.
5. കിലിക്യായുടെയും പാംഫീലിയായുടെയും അടുത്തുള്ള സമുദ്രഭാഗങ്ങള്‍ കടന്ന്‌ ഞങ്ങള്‍ ലിക്കിയായിലെ മീറായിലെത്തി.
6. ഇറ്റലിയിലേക്കു പോകുന്ന ഒരു അലക്‌സാണ്‍ഡ്രിയന്‍ കപ്പല്‍ അവിടെ കിടക്കുന്നതു കണ്ടു. ശതാധിപന്‍ ഞങ്ങളെ അതില്‍ക്കയറ്റി.
7. ഞങ്ങള്‍ കുറച്ചധികം ദിവസം മന്‌ദഗതിയില്‍യാത്രചെയ്‌ത്‌ വളരെ പ്രയാസപ്പെട്ട്‌ ക്‌നീദോസിന്‌ എതിരേ എത്തി. മുന്നോട്ടുപോകാന്‍ കാറ്റ്‌ അനുവദിക്കായ്‌കയാല്‍ സല്‍മോനെയുടെ എതിര്‍വശത്തുകൂടെ ക്രത്തേയുടെ തീരം ചേര്‍ന്നു നീങ്ങി.
8. അതിനു സമീപത്തിലൂടെ ദുര്‍ഘടയാത്രയെത്തുടര്‍ന്ന്‌ ശുഭതുറമുഖങ്ങള്‍ എന്നു പേരുള്ള സ്‌ഥലത്തെത്തി. ലാസായിയാ പട്ടണം അതിനു സമീപമാണ്‌.
9. സമയം വളരെയേറെ നഷ്‌ടപ്പെട്ടുകഴിഞ്ഞിരുന്നു. ഉപവാസകാലം അവസാനിക്കുകയും ചെയ്‌തു. അപ്പോള്‍യാത്രചെയ്യുക അപകടപൂര്‍ണവുമായിരുന്നു. അതിനാല്‍, പൗലോസ്‌ അവരോട്‌ ഇങ്ങനെ
10. ഉപദേശിച്ചു: മാന്യരേ, നമ്മുടെ ഈ കപ്പല്‍യാത്ര കപ്പലിനും ചരക്കിനും മാത്രമല്ല നമ്മുടെ ജീവനുതന്നെയും നഷ്‌ടവും അപകടവും വരുത്തുമെന്നു ഞാന്‍ കാണുന്നു.
11. എന്നാല്‍, ശതാധിപന്‍ പൗലോസിന്‍െറ വാക്കുകളെയല്ല, കപ്പിത്താനെയും കപ്പലുടമയെയുമാണ്‌ അനുസരിച്ചത്‌.
12. ആ തുറമുഖം ശൈ ത്യകാലം ചെലവഴിക്കാന്‍ പറ്റിയതല്ലാത്തതിനാല്‍ അവിടെനിന്നു പുറപ്പെട്ട്‌ കഴിയുമെങ്കില്‍ ഫേനിക്‌സില്‍ എത്തി, ശൈത്യകാലം അവിടെ കഴിക്കണമെന്നു മിക്കവരും അഭിപ്രായപ്പെട്ടു. ക്രത്തേയിലെ ഈ തുറമുഖത്തിന്‍െറ വടക്കുപടിഞ്ഞാറും തെക്കുപടിഞ്ഞാറും ഭാഗങ്ങള്‍ കടലിലേക്കു തുറന്നുകിടന്നിരുന്നു.
13. തെക്കന്‍കാറ്റ്‌ മന്‌ദമായി വീശിത്തുടങ്ങിയപ്പോള്‍ തങ്ങളുടെ ഉദ്‌ദേശ്യം സാധിതപ്രായമായി എന്ന ചിന്തയോടെ അവര്‍ നങ്കൂരം ഉയര്‍ത്തി ക്രത്തേയുടെ തീരം ചേര്‍ന്നുയാത്ര തുടര്‍ന്നു.
14. എന്നാല്‍, പൊടുന്നനേ വടക്കുകിഴക്കന്‍ എന്നു വിളിക്കപ്പെടുന്നകൊടുങ്കാറ്റ്‌ കരയില്‍നിന്ന്‌ ആഞ്ഞടിച്ചു. കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടു.
15. കാറ്റിനെ എതിര്‍ത്തുനില്‍ക്കാന്‍ അതിനു കഴി ഞ്ഞില്ല. അതിനാല്‍, ഞങ്ങള്‍ കാറ്റിനു വഴങ്ങി അതിന്‍െറ വഴിക്കുതന്നെ പോയി.
16. ക്ലെവ്‌ദാ എന്നു വിളിക്കപ്പെടുന്ന ദ്വീപിന്‍െറ അരികുചേര്‍ത്തു കപ്പലോടിക്കുമ്പോള്‍ ക പ്പലിനോടു ബന്ധിച്ചിരുന്നതോണി വളരെ പ്രയാസപ്പെട്ടാണ്‌ നിയന്ത്രണാധീനമാക്കിയത്‌.
17. അവര്‍ അത്‌ എടുത്തുയര്‍ത്തി കപ്പലിനോടു ചേര്‍ത്തു കെട്ടിയുറപ്പിച്ചു. പിന്നെ, സിര്‍ത്തിസ്‌തീരത്ത്‌ ആഴംകുറഞ്ഞസ്‌ഥലങ്ങളില്‍ കപ്പല്‍ ഉറച്ചുപോകുമോ എന്നു ഭയപ്പെട്ടു കപ്പല്‍പ്പായ്‌കള്‍ താഴ്‌ത്തി. കാറ്റിന്‍െറ വഴിക്കു കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നു.
18. വലിയ കൊടുങ്കാറ്റില്‍പ്പെട്ടു കപ്പല്‍ ആടിയുലഞ്ഞതിനാല്‍ അടുത്തദിവസം അവര്‍ ചരക്കുകള്‍ കടലില്‍ എറിയാന്‍ തുടങ്ങി.
19. മൂന്നാംദിവസം അവര്‍ സ്വന്തംകൈകൊണ്ടു കപ്പല്‍പ്പായ്‌കളും വലിച്ചെറിഞ്ഞു.
20. വളരെ ദിവസങ്ങളായി സൂര്യനോ നക്‌ഷത്രങ്ങളോ പ്രത്യക്‌ഷപ്പെട്ടിരുന്നില്ല. കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചുകൊണ്ടിരുന്നതിനാല്‍ രക്‌ഷപെടാമെന്ന ആശതന്നെ ഞങ്ങള്‍ കൈവെ ടിഞ്ഞു.
21. പല ദിവസങ്ങള്‍ ഭക്‌ഷണമില്ലാതെ കഴിയേണ്ടിവന്നപ്പോള്‍ പൗലോസ്‌ അവരുടെ മധ്യേനിന്നു പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ എന്‍െറ വാക്കു കേള്‍ക്കേണ്ടതായിരുന്നു. ക്രത്തേയില്‍നിന്നുയാത്ര തിരിക്കുകയേ അരുതായിരുന്നു. എങ്കില്‍, ഈ നാശങ്ങള്‍ സംഭവിക്കുമായിരുന്നില്ല.
22. എന്നാല്‍, ഇപ്പോള്‍ ധൈര്യമായിരിക്കണമെന്നു നിങ്ങളോടു ഞാന്‍ ഉപദേശിക്കുന്നു. കപ്പല്‍ തകര്‍ന്നുപോകുമെന്നല്ലാതെ നിങ്ങള്‍ക്കാര്‍ക്കും ജീവഹാനി സംഭവിക്കുകയില്ല.
23. എന്തെന്നാല്‍, ഞാന്‍ ആരാധിക്കുന്നവനും എന്‍െറ ഉടയവനുമായ ദൈവത്തിന്‍െറ ഒരു ദൂതന്‍ ഇക്കഴിഞ്ഞരാത്രി എനിക്കു പ്രത്യക്‌ഷപ്പെട്ടു പറഞ്ഞു:
24. പൗലോസ്‌, നീ ഭയപ്പെടേണ്ടാ, സീസറിന്‍െറ മുമ്പില്‍ നീ നില്‍ക്കുകതന്നെ ചെയ്യും. നിന്നോടൊപ്പംയാത്രചെയ്യുന്നവരെയും ദൈവം നിനക്കു വിട്ടുതന്നിരിക്കുന്നു.
25. അതിനാല്‍, ജനങ്ങളേ, നിങ്ങള്‍ ധൈര്യമായിരിക്കുവിന്‍. എന്നോടു പറഞ്ഞതെല്ലാം അതുപോലെ സംഭവിക്കും എന്ന്‌ എന്‍െറ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.
26. ഒരു ദ്വീപില്‍ നാം ചെന്നുപറ്റും.
27. പതിന്നാലാമത്തെ രാത്രി അദ്രിയാക്ക ടലിലൂടെ ഞങ്ങള്‍ ഒഴുകിനീങ്ങുകയായിരുന്നു. ഏകദേശം അര്‍ധരാത്രിയായതോടെ, തങ്ങള്‍ കരയെ സമീപിക്കുകയാണെന്നു നാവികര്‍ക്കു തോന്നി. അവര്‍ ആഴം അളന്നു നോക്കിയപ്പോള്‍ ഇരുപത്‌ ആള്‍ താഴ്‌ചയുണ്ടെന്നു കണ്ടു.
28. കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ വീണ്ടും അളന്നുനോക്കി. അപ്പോള്‍ പതിനഞ്ച്‌ ആള്‍ താഴ്‌ചയേ ഉണ്ടായിരുന്നുള്ളു.
29. കപ്പല്‍ പാറക്കെട്ടില്‍ച്ചെന്ന്‌ ഇടിച്ചെങ്കിലോ എന്നു ഭയന്ന്‌, അവര്‍ അമരത്തുനിന്നു നാലു നങ്കൂരങ്ങള്‍ ഇറക്കിയിട്ട്‌ പ്രഭാതമാകാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
30. നാവികര്‍ കപ്പലില്‍നിന്നു രക്‌ഷപെടാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ , കപ്പലിന്‍െറ അണിയത്തുനിന്നു നങ്കൂരമിറക്കാനെന്ന വ്യാജേന തോണി കടലിലിറക്കി.
31. പൗലോസ്‌ ശതാധിപനോടും ഭടന്‍മാരോടുമായി പറഞ്ഞു: ഈ ആളുകള്‍ കപ്പലില്‍ത്തന്നെ നിന്നില്ലെങ്കില്‍ ആര്‍ക്കും രക്‌ഷപെടാന്‍ സാധിക്കുകയില്ല.
32. അപ്പോള്‍ ഭടന്‍മാര്‍ തോണിയുടെ കയറു ഛേദിച്ച്‌ അതു കടലിലേക്കു തള്ളി.
33. പ്രഭാതമാകാറായപ്പോള്‍, ഭക്‌ഷണം കഴിക്കാന്‍ പൗലോസ്‌ എല്ലാവരെയും പ്രരിപ്പിച്ചു. അവന്‍ പറഞ്ഞു: നിങ്ങള്‍ ഉത്‌കണ്‌ഠാകുലരായി ഒന്നും ഭക്ഷിക്കാതെ കഴിയാന്‍ തുടങ്ങിയിട്ട്‌ പതിനാലു ദിവസമായല്ലോ.
34. അതിനാല്‍, വല്ലതും ഭക്‌ഷിക്കാന്‍ നിങ്ങളോടു ഞാന്‍ അഭ്യര്‍ഥിക്കുന്നു. അതു നിങ്ങള്‍ക്കു ശക്‌തിപകരും. നിങ്ങളിലാരുടെയും ഒരു തലമുടിപോലും നശിക്കുകയില്ല.
35. ഇതു പറഞ്ഞിട്ട്‌, അവന്‍ എല്ലാവരുടെയും മുമ്പാകെ അപ്പമെടുത്ത്‌ ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിച്ചുകൊണ്ട്‌ മുറിച്ചു ഭക്‌ഷിക്കാന്‍ തുടങ്ങി.
36. അവര്‍ക്കെല്ലാം ഉന്‍മേഷമുണ്ടായി. അവരും ഭക്‌ഷണം കഴിച്ചു.
37. കപ്പലില്‍ ഞങ്ങള്‍ ആകെ ഇരുന്നൂറ്റിയെ ഴുപത്താറു പേര്‍ ഉണ്ടായിരുന്നു.
38. അവര്‍ മതിയാവോളം ഭക്‌ഷിച്ചുകഴിഞ്ഞപ്പോള്‍ ഗോതമ്പു കടലിലേക്കെറിഞ്ഞ്‌ കപ്പലിനു ഭാരം കുറച്ചു.
39. പ്രഭാതമായപ്പോള്‍ അവര്‍ സ്‌ഥലം തിരിച്ചറിഞ്ഞില്ലെങ്കിലും മണല്‍ത്തിട്ടകളോടുകൂടിയ ഒരു ഉള്‍ക്കടല്‍ കണ്ടു. കഴിയുമെങ്കില്‍ അവിടെ കപ്പലടുപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു.
40. അവര്‍ നങ്കൂരങ്ങള്‍ അറുത്ത്‌ കടലില്‍തള്ളി. ചുക്കാന്‍ ബന്‌ധിച്ചിരുന്ന കയറുകളും അയച്ചു. കാറ്റിനനുസരിച്ചു പായ്‌ ഉയര്‍ത്തിക്കെട്ടി, തീരത്തേക്കു നീങ്ങി.
41. മുമ്പോട്ടു നീങ്ങിയ കപ്പല്‍ തള്ളിനിന്നതിട്ടയില്‍ചെന്നുറച്ചു. കപ്പലിന്‍െറ അണിയം മണ്ണില്‍പ്പുതഞ്ഞു ചലനരഹിതമായി. അമരം തിരമാലയില്‍പ്പെട്ടു തകര്‍ന്നുപോയി.
42. തടവുകാര്‍ നീന്തി രക്‌ഷപെടാതിരിക്കാന്‍ അവരെ കൊന്നുകളയണമെന്നായിരുന്നു ഭടന്‍മാരുടെ തീരുമാനം.
43. പൗലോസിനെ രക്‌ഷിക്കണമെന്നാഗ്രഹി ച്ചശതാധിപന്‍ ആ ഉദ്യമത്തില്‍നിന്ന്‌ അവരെ തടഞ്ഞു. നീന്തല്‍ വശമുള്ളവരെല്ലാം ആദ്യം കപ്പലില്‍നിന്നു ചാടിയും
44. മറ്റുള്ളവര്‍ പലകകളിലോ കപ്പലിന്‍െറ കഷണങ്ങളിലോ പിടിച്ചും നീന്തി കര പറ്റാന്‍ അവന്‍ ആജ്‌ഞാപിച്ചു. അങ്ങനെ എല്ലാവരും സുരക്‌ഷിതരായി കരയിലെത്തി.

Holydivine