Colossians - Chapter 4
Holy Bible

1. യജമാനന്‍മാരേ, നിങ്ങളുടെ ദാസരോടു നീതിയും സമഭാവനയും പുലര്‍ത്തുവിന്‍. നിങ്ങള്‍ക്കും സ്വര്‍ഗത്തില്‍ ഒരുയജമാനന്‍ ഉണ്ടെന്ന്‌ ഓര്‍മിക്കുവിന്‍.
2. കൃതജ്‌ഞതാഭരിതരായി ഉണര്‍ന്നിരുന്ന്‌ നിരന്തരം പ്രാര്‍ഥിക്കുവിന്‍.
3. ദൈവം വചനത്തിന്‍െറ കവാടം ഞങ്ങള്‍ക്കു തുറന്നുതരാനും ഞങ്ങള്‍ ക്രിസ്‌തുവിന്‍െറ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ഇതിനായിട്ടാണല്ലോ ഞാന്‍ ബന്‌ധനസ്‌ഥനായിരിക്കുന്നത്‌.
4. പ്രസംഗിക്കാന്‍ എനിക്കുള്ള ഉത്തരവാദിത്വമനുസരിച്ച്‌, ആ രഹസ്യം ഞാന്‍ പ്രസ്‌പഷ്‌ടമാക്കാന്‍ ഇടയാകുന്നതിനുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍.
5. പുറമേയുള്ളവരോടു നിങ്ങള്‍ വിവേകപൂര്‍വം വര്‍ത്തിക്കുവിന്‍. സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുക.
6. നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്നു നിങ്ങള്‍ മനസ്‌സിലാക്കിയിരിക്കണം.
7. എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തിക്കിക്കോസ്‌ നിങ്ങളെ അറിയിക്കും. അവന്‍ എന്‍െറ വത്‌സലസഹോദരനും കര്‍ത്താവില്‍ വിശ്വസ്‌തശുശ്രൂഷകനും സഹസേവ കനുമത്ര.
8. അതിനു വേണ്ടിത്തന്നെയാണ്‌ അവനെ നിങ്ങളുടെ അടുത്തേക്കു ഞാന്‍ അയച്ചത്‌ - അതായത്‌; ഞങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ ആശ്വാസം പക രുന്നതിനുംവേണ്ടി.
9. നിങ്ങളില്‍നിന്നുതന്നെയുള്ള ഒരാളും അവരോടൊപ്പം വരുന്നുണ്ട്‌ - വിശ്വസ്‌തനും പ്രിയങ്കരനുമായ സഹോദരന്‍ ഒനേസിമോസ്‌. ഇവിടെ നടന്ന എല്ലാകാര്യങ്ങളെയുംകുറിച്ച്‌ അവര്‍ നിങ്ങളെ അറിയിക്കും.
10. എന്‍െറ കൂട്ടുതടവുകാരനായ അരിസ്‌ താര്‍ക്കൂസ്‌ നിങ്ങളെ അഭിവാദനംചെയ്യുന്നു, അപ്രകാരം തന്നെ ബാര്‍ണബാസിന്‍െറ പിതൃവ്യപുത്രനായ മര്‍ക്കോസും. അവനെക്കുറിച്ചു നിങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടല്ലോ. അവന്‍ വരുകയാണെങ്കില്‍ നിങ്ങള്‍ അവനെ സ്വാഗതം ചെയ്യണം.
11. യൂസ്‌തോസ്‌ എന്നു വിളിക്കപ്പെടുന്ന യേസൂസും നിങ്ങള്‍ക്കു വന്‌ദനം പറയുന്നു. ദൈവരാജ്യത്തിനുവേണ്ടി അധ്വാനിക്കുന്ന എന്‍െറ സ ഹപ്രവര്‍ത്തകരില്‍ പരിച്‌ഛേദനം സ്വീകരിച്ചവര്‍ ഈ മൂന്നു പേര്‍ മാത്രമാണ്‌. ഇവര്‍ എനിക്കു വലിയ ആശ്വാസമായിരുന്നു.
12. നിങ്ങളില്‍നിന്നുള്ളവനും യേശുക്രിസ്‌തുവിന്‍െറ ദാസനുമായ എപ്പഫ്രാസ്‌ നിങ്ങള്‍ക്ക്‌ അഭിവാദനം അര്‍പ്പിക്കുന്നു. ദൈവതിരുമന സ്‌സില്‍ നിങ്ങള്‍ പൂര്‍ണമായി ആശ്രയിക്കുന്നതിനും പക്വമതികളായി നിലനില്‍ക്കുന്നതിനും വേണ്ടി അവന്‍ തന്‍െറ പ്രാര്‍ഥനകളില്‍ താത്‌പര്യപൂര്‍വം നിങ്ങളെ അനുസ്‌മരിക്കുന്നതാണ്‌.
13. നിങ്ങള്‍ക്കുവേണ്ടിയും ലവൊദീക്യായിലും ഹിയറാപോളീസിലും ഉള്ള വര്‍ക്കുവേണ്ടിയും അവന്‍ കഠിനമായി അധ്വാനിച്ചിട്ടുണ്ട്‌ എന്നതിനു ഞാന്‍ സാക്‌ഷിയാണ്‌.
14. നമ്മുടെ പ്രിയങ്കരനായ ഭിഷഗ്വരന്‍ ലൂക്കായും ദേമാസും നിങ്ങള്‍ക്കു വന്‌ദനം പറയുന്നു.
15. ലവൊദീക്യായിലുള്ള സഹോദരര്‍ക്കും നിംഫായ്‌ക്കും അവളുടെ ഭവനത്തിലെ സഭയ്‌ക്കും എന്‍െറ ആശംസകള്‍.
16. ഈ കത്തു നിങ്ങളുടെയിടയില്‍ വായിച്ചുകഴിഞ്ഞതിനുശേഷം ലവൊദീക്യായിലുള്ള സഭയിലും വായിക്കണം. അതുപോലെതന്നെ ലവൊദീക്യാക്കാര്‍ക്കുള്ള കത്തു നിങ്ങളും വായിക്കണം.
17. കര്‍ത്താവില്‍ സ്വീകരിച്ചിരിക്കുന്ന ശുശ്രൂഷ നിര്‍വഹിക്കാന്‍ പരിശ്രമിക്കുക എന്ന്‌ ആര്‍ക്കിപ്പൂസിനോടു പറയുക.
18. പൗലോസായ ഞാന്‍, സ്വന്തം കൈകൊണ്ടുതന്നെ ഈ അഭിവാദനം എഴുതുന്നു. എന്‍െറ ചങ്ങലകള്‍ നിങ്ങള്‍ ഓര്‍മിക്കുവിന്‍. ദൈവകൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.

Holydivine