Genesis - Chapter 24
Holy Bible

1. അബ്രാഹത്തിനു പ്രായമേറെയായി. കര്‍ത്താവ്‌ എല്ലാ കാര്യങ്ങളിലും അവനെ അനുഗ്രഹിച്ചു.
2. അവന്‍ തന്‍െറ എല്ലാ വസ്‌തുക്കളുടെയും മേല്‍നോട്ടക്കാരനും തന്‍െറ ഭവനത്തിലെ ഏറ്റവും പ്രായം കൂടിയവനുമായ വേലക്കാരനെ വിളിച്ചുപറഞ്ഞു: നിന്‍െറ കൈ എന്‍െറ തുടയുടെ കീഴെ വയ്‌ക്കുക.
3. ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്‍മക്കളില്‍നിന്ന്‌ എന്‍െറ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന്‌ ആകാശത്തിന്‍െറയും ഭൂമിയുടെയും ദൈവമായ കര്‍ത്താവിന്‍െറ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യംചെയ്യിക്കും.
4. എന്‍െറ നാട്ടില്‍ എന്‍െറ ചാര്‍ച്ചക്കാരുടെയടുക്കല്‍പോയി, അവരില്‍നിന്ന്‌ എന്‍െറ മകന്‍ ഇസഹാക്കിനു ഭാര്യയെ കണ്ടു പിടിക്കണം.
5. അപ്പോള്‍ ദാസന്‍ ചോദിച്ചു: ആ സ്‌ത്രീക്ക്‌ എന്നോടുകൂടെ ഈ നാട്ടിലേക്കു പോരാന്‍ ഇഷ്‌ടമില്ലെങ്കിലോ? അങ്ങു വിട്ടുപോന്ന നാട്ടിലേക്ക്‌ അങ്ങയുടെ മകനെ ഞാന്‍ കൊണ്ടുപോകണമോ?
6. അബ്രാഹം പറഞ്ഞു: എന്‍െറ മകനെ അങ്ങോട്ടു കൊണ്ടുപോക രുത്‌.
7. എന്‍െറ പിതാവിന്‍െറ വീട്ടില്‍നിന്നും ചാര്‍ച്ചക്കാരില്‍നിന്നും എന്നെ പുറത്തുകൊണ്ടുവന്നവനും, എന്നോടു സംസാരിച്ചവനും, നിന്‍െറ സന്തതികള്‍ക്ക്‌ ഈ ഭൂമി ഞാന്‍ തരുമെന്നു വാഗ്‌ദാനം ചെയ്‌തവനുമായ, ആകാശത്തിന്‍െറ ദൈവമായ കര്‍ത്താവ്‌ തന്‍െറ ദൂതനെ നിനക്കു മുമ്പേഅയയ്‌ക്കും; നീ അവിടെനിന്ന്‌ എന്‍െറ മകന്‌ ഒരു ഭാര്യയെ കണ്ടെണ്ടത്തുകയും ചെയ്യും.
8. എന്നാല്‍, ആ സ്‌ത്രീക്കു നിന്നോടുകൂടെപോരാന്‍ ഇഷ്‌ടമില്ലെങ്കില്‍ എന്‍െറ ഈ ശപഥത്തില്‍നിന്ന്‌ നീ വിമുക്‌തനാണ്‌; എന്‍െറ മകനെ അങ്ങോട്ടു തിരികേ കൊണ്ടു പോകരുതെന്നു മാത്രം.
9. തന്‍െറ യജമാന നായ അബ്രാഹത്തിന്‍െറ തുടയ്‌ക്കു കീഴെ കൈവച്ചു ഭൃത്യന്‍ സത്യംചെയ്‌തു.
10. അനന്തരം, ഭൃത്യന്‍യജമാനന്‍െറ ഒട്ടകങ്ങളില്‍ പത്തെണ്ണവും വിലപിടിപ്പുള്ള ധാരാളം വസ്‌തുക്കളുമായി പുറപ്പെട്ടു. അവന്‍ മെസൊപ്പൊട്ടാമിയായില്‍ നാഹോറിന്‍െറ നഗരത്തിലെത്തി.
11. വൈകുന്നേരം സ്‌ത്രീകള്‍ വെള്ളംകോരാന്‍ വരുന്ന സമയത്ത്‌ അവന്‍ ഒട്ടകങ്ങളെ പട്ടണത്തിനു വെളിയില്‍ വെള്ളമുള്ള ഒരു കിണറിനടുത്തു നിര്‍ത്തി.
12. അനന്തരം, അവന്‍ പ്രാര്‍ഥിച്ചു: എന്‍െറ യജ മാനനായ അബ്രാഹത്തിന്‍െറ ദൈവമായ കര്‍ത്താവേ, ഇന്ന്‌ എന്‍െറ ദൗത്യം അങ്ങു വിജയിപ്പിക്കണമേ!
13. എന്‍െറ യജമാനന്‍െറ മേല്‍ കനിയണമേ! ഞാന്‍ ഇതാ, ഈ കിണറ്റുകരയില്‍ നില്‍ക്കുകയാണ്‌. ഇന്നാട്ടിലെ പെണ്‍കുട്ടികള്‍ വെള്ളം കോരാന്‍ വരുന്നുണ്ട്‌.
14. നിന്‍െറ കുടം താഴ്‌ത്തിത്തരുക; ഞാന്‍ കുടിക്കട്ടെ, എന്നു പറയുമ്പോള്‍ ഇതാ, കുടിച്ചു കൊള്ളുക; നിങ്ങളുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം എന്നുപറയുന്ന പെണ്‍കുട്ടിയായിരിക്കട്ടെ അങ്ങയുടെ ദാസ നായ ഇസഹാക്കിന്‌ അങ്ങു നിശ്‌ചയിച്ചിരിക്കുന്നവള്‍. അങ്ങ്‌ എന്‍െറ യജമാനനോടു നിരന്തരമായ കാരുണ്യം കാണിച്ചിരിക്കുന്നുവെന്ന്‌ അതുവഴി ഞാന്‍ മനസ്‌സിലാക്കും.
15. അവന്‍ ഇതു പറഞ്ഞു തീരുംമുമ്പ്‌ തോളില്‍ കുടവുമായി റബേക്കാ വെള്ളം കോരാന്‍ വന്നു. അവള്‍ അബ്രാഹത്തിന്‍െറ സഹോദരന്‍ നാഹോറിനു ഭാര്യ മില്‍ക്കായിലുണ്ടായ മകനായ ബത്തുവേലിന്‍െറ മകളായിരുന്നു.
16. പെണ്‍കുട്ടി കാണാന്‍ വളരെ അഴകുള്ളവളും കന്യകയുമായിരുന്നു. അവള്‍ കിണറ്റിങ്കലേക്കിറങ്ങി കുടംനിറച്ച്‌ കയറി വന്നു.
17. അബ്രാഹത്തിന്‍െറ ഭൃത്യന്‍ അപ്പോള്‍ അവളുടെ അടുത്തേക്ക്‌ ഓടിച്ചെന്നു പറഞ്ഞു: ദയവായി നിന്‍െറ കുടത്തില്‍ നിന്നു കുറച്ചു വെള്ളം കുടിക്കാന്‍ തരുക.
18. പ്രഭോ, കുടിച്ചാലും, അവള്‍ പറഞ്ഞു. തിടുക്കത്തില്‍ കുടം താഴ്‌ത്തിപ്പിടിച്ച്‌ അവള്‍ അവനു കുടിക്കാന്‍ കൊടുത്തു.
19. കുടിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: അങ്ങയുടെ ഒട്ടകങ്ങള്‍ക്കും കുടിക്കാന്‍ ഞാന്‍ വെ ള്ളം കോരിക്കൊടുക്കാം.
20. അവള്‍ വേഗം കുടത്തിലെ വെള്ളം തൊട്ടിയിലൊഴിച്ച്‌ വീണ്ടുംവെള്ളം കോരാന്‍ കിണറ്റിങ്കലേക്കോടി. ഒട്ടകങ്ങള്‍ക്കെല്ലാം വെള്ളം കോരിക്കൊടുത്തു.
21. തന്‍െറ യാത്ര കര്‍ത്താവു ശുഭമാക്കിയോ ഇല്ലയോ എന്നറിയാന്‍ അവന്‍ നിശ്‌ശബ്‌ദനായി അവളെത്തന്നെ നോക്കി നിന്നു.
22. ഒട്ടകങ്ങള്‍ കുടിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ അരഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണമോതിരവും പത്തു ഷെക്കല്‍ തൂക്കമുള്ള രണ്ടു പൊന്‍വളകളും അവള്‍ക്കു നല്‍കിക്കൊണ്ടു പറഞ്ഞു:
23. നീ ആരുടെ മകളാണെന്നു ദയവായി എന്നോടു പറയുക. നിന്‍െറ പിതാവിന്‍െറ ഭവനത്തില്‍ ഞങ്ങള്‍ക്കു രാത്രി കഴിക്കാന്‍ ഇടം കാണുമോ?
24. അവള്‍ പറഞ്ഞു: നാഹോറിനു മില്‍ക്കായില്‍ ജ നി ച്ചബത്തുവേലിന്‍െറ മകളാണ്‌ ഞാന്‍.
25. അവള്‍ തുടര്‍ന്നു പറഞ്ഞു: ഞങ്ങള്‍ക്കു കാലിത്തീറ്റയും കച്ചിയും വേണ്ടുവോളമുണ്ട്‌, താമസിക്കാന്‍മുറിയുമുണ്ട്‌.
26. അവന്‍ തല കുനിച്ചു കര്‍ത്താവിനെ ആരാധിച്ചുകൊണ്ടു പറഞ്ഞു:
27. എന്‍െറ യജമാനനായ അബ്രാഹത്തിന്‍െറ ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെട്ടവന്‍. തന്‍െറ കാരുണ്യവും വിശ്വസ്‌ത തയും അവിടുന്ന്‌ അവനില്‍നിന്നു പിന്‍വലിച്ചിട്ടില്ല. എന്‍െറ യജമാനന്‍െറ ചാര്‍ച്ചക്കാരുടെ വീട്ടിലേക്ക്‌ അവിടുന്ന്‌ എന്നെ നയിക്കുകയുംചെയ്‌തിരിക്കുന്നു.
28. പെണ്‍കുട്ടി ഓടിച്ചെന്ന്‌ അമ്മയുടെ വീട്ടുകാരെ വിവരമറിയിച്ചു.
29. റബേക്കായ്‌ക്കു ലാബാന്‍ എന്നു പേരുള്ള ഒരു സഹോദരന്‍ ഉണ്ടായിരുന്നു. അവന്‍ ഉടനെ കിണറ്റുകരയില്‍ ആ മനുഷ്യന്‍െറ അടുത്തേക്ക്‌ ഓടിച്ചെന്നു.
30. മോതിരവും വളകളും സഹോദരിയുടെ കൈകളില്‍ കാണുകയും ആ മനുഷ്യന്‍ ഇങ്ങനെ എന്നോടു സംസാരിച്ചു എന്ന്‌ അവള്‍ പറഞ്ഞതുകേള്‍ക്കുകയും ചെയ്‌തപ്പോള്‍ ലാബാന്‍ അവന്‍െറ അടുത്തേക്കുചെന്നു. അവന്‍ അപ്പോഴും കിണറ്റുകരയില്‍ ഒട്ടകങ്ങളുടെ അടുത്തു നില്‍ക്കുകയായിരുന്നു.
31. ലാബാന്‍ പറഞ്ഞു: കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവനേ, വരുക. എന്താണു പുറത്തു നില്‍ക്കുന്നത്‌? ഞാന്‍ വീടും ഒട്ടകങ്ങള്‍ക്കുള്ള സ്‌ഥലവും ഒരുക്കിയിട്ടുണ്ട്‌. അവന്‍ വീട്ടിലേക്കു കയറി.
32. ലാബാന്‍ ഒട്ടകങ്ങളുടെ ജീനി അഴിച്ചുമാറ്റി, തീറ്റയും കച്ചിയും കൊടുത്തു. അവനും കൂടെയുണ്ടായിരുന്നവര്‍ക്കും കാല്‍കഴുകാന്‍വെള്ളവും കൊടുത്തു.
33. അവര്‍ അവനു ഭക്‌ഷണം വിളമ്പി. എന്നാല്‍ അവന്‍ പറഞ്ഞു: വന്നകാര്യം പറയാതെ ഞാന്‍ ഭക്‌ഷണം കഴിക്കയില്ല. പറഞ്ഞുകൊള്ളുക, ലാബാന്‍ സമ്മതിച്ചു.
34. അവന്‍ പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്‍െറ ഭൃത്യനാണ്‌.
35. കര്‍ത്താവ്‌ എന്‍െറ യജമാനനെ സമൃദ്‌ധമായി അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ സമ്പന്നനാണ്‌. ആടും മാടും പൊന്നും വെള്ളിയും വേലക്കാരും ഒട്ടകങ്ങളും കഴുതകളും അവിടുന്ന്‌ അവനു കൊടുത്തിരിക്കുന്നു.
36. യജമാനന്‍െറ ഭാര്യ സാറാ വൃദ്‌ധയായപ്പോള്‍ അവന്‌ അവളില്‍ ഒരു പുത്രന്‍ ജനിച്ചു. തനിക്കുള്ളതൊക്കെയജമാനന്‍ അവനാണു കൊടുത്തിരിക്കുന്നത്‌.
37. എന്‍െറ യജമാനന്‍ എന്നെക്കൊണ്ട്‌ ഒരു സത്യം ചെയ്യിച്ചു: ഞാന്‍ പാര്‍ക്കുന്ന കാനാന്‍കാരുടെ നാട്ടില്‍നിന്ന്‌ എന്‍െറ മകനു നീയൊരു വധുവിനെ തിരഞ്ഞെടുക്കരുത്‌.
38. മറിച്ച്‌, നീ എന്‍െറ പിതാവിന്‍െറ നാട്ടില്‍ എന്‍െറ ചാര്‍ച്ചക്കാരുടെയടുത്തു പോയി, എന്‍െറ മകന്‌ ഒരു ഭാര്യയെ കണ്ടുപിടിക്കണം.
39. ഞാന്‍ ചോദിച്ചു: ഒരുവേള ആ പെണ്‍കുട്ടി എന്‍െറ കൂടെ വന്നില്ലെങ്കിലോ?
40. അവന്‍ എന്നോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന കര്‍ത്താവു തന്‍െറ ദൂതനെ നിന്‍െറ മുന്‍പേ അയച്ച്‌ നിന്‍െറ വഴി ശുഭമാക്കും. എന്‍െറ പിതാവിന്‍െറ വീട്ടില്‍നിന്ന്‌, എന്‍െറ ചാര്‍ച്ചക്കാരില്‍നിന്ന്‌, നീ എന്‍െറ മകന്‌ ഒരു വധുവിനെ തിരഞ്ഞെടുക്കും.
41. എന്‍െറ ചാര്‍ച്ചക്കാരുടെയടുത്തു ചെല്ലുമ്പോള്‍ പ്രതിജ്‌ഞയില്‍നിന്ന്‌ നീ വിമുക്‌തനാകും. അവര്‍ പെണ്‍കുട്ടിയെ നിനക്ക്‌ വിട്ടുതന്നില്ലെങ്കിലും പ്രതിജ്‌ഞയില്‍നിന്ന്‌ നീ വിമുക്‌തനായിരിക്കും.
42. ഞാന്‍ കിണറ്റുകരയില്‍ വന്നപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: എന്‍െറ യജമാനനായ അബ്രാഹത്തിന്‍െറ ദൈവമായ കര്‍ത്താവേ, ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കാര്യം അങ്ങ്‌ ഇപ്പോള്‍ ശുഭ മാക്കണമേ.
43. ഇതാ, ഞാന്‍ ഈ കിണറ്റിന്‍കരെ നില്‍ക്കും. വെള്ളം കോരാന്‍ വരുന്ന പെണ്‍കുട്ടിയോട്‌, ദയവായി നിന്‍െറ കുടത്തില്‍നിന്ന്‌ എനിക്കല്‍പം വെള്ളം കുടിക്കാന്‍ തരിക എന്നു ഞാന്‍ പറയും.
44. അപ്പോള്‍, കുടിച്ചാലും, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാമല്ലോ എന്നുപറയുന്ന പെണ്‍കുട്ടിയാവട്ടെ എന്‍െറ യജമാനന്‍െറ മകന്‌ അവിടുന്നു കണ്ടുവച്ചിരിക്കുന്നവള്‍.
45. എന്‍െറ ഉള്ളില്‍ ഞാനിതു പറഞ്ഞുതീരുംമുമ്പ്‌ തോളില്‍ കുടവുമായിവെള്ളം കോരാന്‍ റബേക്കാ വന്നു. അവള്‍ ഇറങ്ങിച്ചെന്ന്‌ വെള്ളംകോരി. ഞാന്‍ അവളോട്‌ എനിക്കല്‍പം കുടിക്കാന്‍ തരുക എന്നുപറഞ്ഞു.
46. അവള്‍ ഉടനെ കുടം തോളില്‍ നിന്നിറക്കി, ഇങ്ങനെ പറഞ്ഞു: കുടിച്ചാലും; അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ കുടിക്കാന്‍ തരാം. ഞാന്‍ കുടിച്ചു. ഒട്ടകങ്ങള്‍ക്കും അവള്‍ വെള്ളം കൊടുത്തു.
47. അപ്പോള്‍, ഞാനവളോട്‌ നീ ആരുടെ മകളാണ്‌? എന്നു ചോദിച്ചു. നാഹോറിനു മില്‍ക്കായില്‍ ജനി ച്ചബത്തുവേലിന്‍െറ മകളാണ്‌ ഞാന്‍ എന്ന്‌ അവള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ അവള്‍ക്കു മോതിരവും വളകളും കൊടുത്തു.
48. അതിനുശേഷം എന്‍െറ യജമാനനായ അബ്രാഹത്തിന്‍െറ ദൈവമായ കര്‍ത്താവിനെ ഞാന്‍ താണുവണങ്ങി ആരാധിച്ചു. എന്‍െറ യജമാനന്‍െറ മകന്‌ അവന്‍െറ സഹോദരന്‍െറ മകളെ വധുവായി തിരഞ്ഞെടുക്കുവാന്‍ എന്നെ നേര്‍വഴിക്കു നയി ച്ചഅവിടുത്തെ ഞാന്‍ സ്‌തുതിച്ചു.
49. അതുകൊണ്ട്‌ എന്‍െറ യജമാനനോടു നിങ്ങള്‍ കാരുണ്യത്തോടും വിശ്വസ്‌തതയോടും കൂടിപെരുമാറുമെങ്കില്‍, അതു പറയുക, മറിച്ചാണെങ്കിലും പറയുക. എനിക്ക്‌ അതനുസരിച്ചു പ്രവര്‍ത്തിക്കാമല്ലോ.
50. അപ്പോള്‍ ലാബാനും ബത്തുവേലും പറഞ്ഞു: ഇതു കര്‍ത്താവിന്‍െറ ഇഷ്‌ടമാണ്‌. ഇതിനെക്കുറിച്ച്‌ ഗുണവും ദോഷവും ഞങ്ങള്‍ക്കു പറയാനില്ല.
51. ഇതാ, റബേക്കാ നിന്‍െറ മുമ്പില്‍ നില്‍ക്കുന്നു. അവളെകൊണ്ടുപോയ്‌ക്കൊള്ളുക. കര്‍ത്താവു തിരുവുള്ളമായതുപോലെ അവള്‍ നിന്‍െറ യജമാനന്‍െറ മകനു ഭാര്യയായിരിക്കട്ടെ.
52. ഈ വാക്കുകള്‍ കേട്ടപ്പോള്‍ അബ്രാഹത്തിന്‍െറ ഭൃത്യന്‍ താണുവീണു കര്‍ത്താവിനെ ആരാധിച്ചു.
53. അനന്തരം, അവന്‍ പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്‌ത്രങ്ങളുമെടുത്തു റബേക്കായ്‌ക്കു കൊടുത്തു. അവളുടെ സഹോദരനും അമ്മയ്‌ക്കും വിലപിടിപ്പുള്ള സമ്മാനങ്ങളും അവന്‍ കൊടുത്തു.
54. അവനും കൂടെയുണ്ടായിരുന്നവരും ഭക്‌ഷിക്കുകയും പാനം ചെയ്യുകയും ആ രാത്രി അവിടെ ചെലവഴിക്കുകയും ചെയ്‌തു. പുലര്‍ച്ചയ്‌ക്ക്‌ എഴുന്നേറ്റ്‌ അവന്‍ പറഞ്ഞു: എന്നെയജമാനന്‍െറ അടുത്തേക്കു തിരിച്ചയയ്‌ക്കുക.
55. അവളുടെ അമ്മയും സഹോദരനും പറഞ്ഞു: കുറച്ചുനാള്‍കൂടി, പത്തു ദിവസമെങ്കിലും, അവളിവിടെ നില്‍ക്കട്ടെ.
56. അതു കഴിഞ്ഞ്‌ അവള്‍ക്കു പോകാം. അവന്‍ പറഞ്ഞു: എന്നെതാമസിപ്പിക്കരുത്‌. കര്‍ത്താവ്‌ എന്‍െറ വഴി ശുഭമാക്കിയിരിക്കകൊണ്ട്‌യജമാനന്‍െറ യടുക്കലേക്കു തിരിച്ചുപോകാന്‍ എന്നെ അനുവദിക്കുക.
57. നമുക്കു പെണ്‍കുട്ടിയെ വിളിച്ചുചോദിക്കാം എന്ന്‌ അവര്‍ പറഞ്ഞു.
58. അവര്‍ റബേക്കായെ വിളിച്ച്‌ നീ ഈ മനുഷ്യനോടുകൂടെപോകുന്നുവോ എന്നുചോദിച്ചു. ഞാന്‍ പോകുന്നു എന്ന്‌ അവള്‍ മറുപടി പറഞ്ഞു.
59. അവര്‍ അവരുടെ സഹോദരി റബേക്കായെയും അവളുടെ തോഴിയെയും അബ്രാഹത്തിന്‍െറ ഭൃത്യനോടും അവന്‍െറ ആള്‍ക്കാരോടുംകൂടെ പറഞ്ഞയച്ചു.
60. അവര്‍ അവളെ ആശീര്‍വദിച്ചു പറഞ്ഞു: നീ ഞങ്ങളുടെ സഹോദരിയാണ്‌. നീ ആയിരങ്ങളുടെയും, പതിനായിരങ്ങളുടെയും അമ്മയായിത്തീരുക. തങ്ങളെ വെറുക്കുന്നവരുടെ വാതിലുകള്‍ നിന്‍െറ സന്തതികള്‍ പിടിച്ചെടുക്കട്ടെ.
61. റബേക്കായും തോഴിമാരും ഒട്ടകപ്പുറത്തു കയറി അവനെ അനുഗമിച്ചു. അങ്ങനെ റബേക്കായുമായി ഭൃത്യന്‍ പുറപ്പെട്ടു.
62. ആയിടയ്‌ക്ക്‌ ഇസഹാക്ക്‌ ബേര്‍ല്‌ഹായ്‌റോയില്‍നിന്നു പോന്ന്‌ നെഗെബില്‍ താമസിക്കുകയായിരുന്നു.
63. ഒരുദിവസം വൈ കുന്നേരം അവന്‍ ചിന്താമഗ്‌നനായി വയലിലൂടെ നടക്കുകയായിരുന്നു. അവന്‍ തലപൊക്കി നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു.
64. റബേക്കായും ശിരസ്‌സുയര്‍ത്തിനോക്കി. ഇസഹാക്കിനെ കണ്ടപ്പോള്‍ അവള്‍ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി.
65. അവള്‍ ഭൃത്യനോടു ചോദിച്ചു: അങ്ങകലെ പാടത്തുകൂടി നമ്മുടെ നേരേ നടന്നുവരുന്ന മനുഷ്യന്‍ ആരാണ്‌? ഭൃത്യന്‍ പറഞ്ഞു: അവനാണ്‌ എന്‍െറ യജമാനന്‍. ഉടനെ അവള്‍ ശിരോവസ്‌ത്രംകൊണ്ടു മുഖംമൂടി.
66. നടന്നതെല്ലാം ഭൃത്യന്‍ ഇസഹാക്കിനോടു പറഞ്ഞു.
67. ഇസഹാക്ക്‌ അവളെ തന്‍െറ അമ്മസാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. അവന്‍ അവളെ സ്‌നേഹിച്ചു. അങ്ങനെ അമ്മയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന അവന്‌ ആശ്വാസം ലഭിച്ചു.

Holydivine