Mathew - Chapter 4
Holy Bible

1. അനന്തരം, പിശാചിനാല്‍ പരീക്‌ഷിക്കപ്പെടുന്നതിന്‌ യേശുവിനെ ആത്‌മാവു മരുഭൂമിയിലേക്കു നയിച്ചു.
2. യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.
3. പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.
4. അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍െറ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്‌ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
5. അനന്തരം, പിശാച്‌ അവനെ വിശുദ്‌ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്‍െറ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു:
6. നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച്‌ അവന്‍ തന്‍െറ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്‍െറ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
7. യേശു പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവിനെ പരീക്‌ഷിക്കരുത്‌ എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.
8. വീണ്ടും, പിശാച്‌ വളരെ ഉയര്‍ന്ന ഒരു മലയിലേക്ക്‌ അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്‌, അവനോടു പറഞ്ഞു:
9. നീ സാഷ്‌ടാംഗം പ്രണമിച്ച്‌ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും.
10. യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.
11. അപ്പോള്‍ പിശാച്‌ അവനെ വിട്ടുപോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന്‌ അവനെ ശുശ്രൂഷിച്ചു.
12. യോഹന്നാന്‍ ബന്‌ധനസ്‌ഥനായെന്നുകേട്ടപ്പോള്‍ യേശു ഗലീലിയിലേക്കു പിന്‍വാങ്ങി.
13. അവന്‍ നസറത്തുവിട്ടു സെബുലൂണിന്‍െറയും നഫ്‌ത്താലിയുടെയും അതിര്‍ത്തിയില്‍, സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ചെന്നു പാര്‍ത്തു.
14. ഇത്‌ ഏശയ്യാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടത്‌ നിവൃത്തിയാകാന്‍ വേണ്ടിയാണ്‌:
15. സമുദ്രത്തിലേക്കുള്ള വഴിയില്‍, ജോര്‍ദാന്‍െറ മറുകരയില്‍, സെബുലൂണ്‍, നഫ്‌ത്താലി പ്രദേശങ്ങള്‍ - വിജാതീയരുടെ ഗലീലി!
16. അന്‌ധകാരത്തില്‍ സ്‌ഥിതിചെയ്‌തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്‍െറ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്‌തി ഉദയം ചെയ്‌തു.
17. അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
18. അവന്‍ ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്‍മാരെ കണ്ടു - പത്രോസ്‌ എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
19. അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.
20. തത്‌ക്‌ഷണം അവര്‍ വലകളുപേക്‌ഷിച്ച്‌ അവനെ അനുഗമിച്ചു.
21. അവര്‍ അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടു സഹോദരന്‍മാരെ കണ്ടു - സെബദീപുത്രനായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവുമൊത്ത്‌ വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവന്‍ വിളിച്ചു.
22. തത്‌ക്‌ഷണം അവര്‍ വഞ്ചി ഉപേക്‌ഷിച്ച്‌, പിതാവിനെയും വിട്ട്‌, അവനെ അനുഗമിച്ചു.
23. അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍െറ സുവിശേഷംപ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു.
24. അവന്‍െറ കീര്‍ത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതര്‍, അപസ്‌മാരരോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവര്‍ അവന്‍െറ അടുത്തുകൊണ്ടുവന്നു. അവന്‍ അവരെ സുഖപ്പെടുത്തി.
25. ഗലീലി, ദക്കാപ്പോളിസ്‌, ജറുസലെം, യൂദയാ, ജോര്‍ദാന്‍െറ മറുകര എന്നിവിടങ്ങളില്‍നിന്ന്‌ വലിയ ജനക്കൂട്ടങ്ങള്‍ അവനെ അനുഗമിച്ചു.

Holydivine