Mathew - Chapter 23
Holy Bible

1. യേശു ജനക്കൂട്ടത്തോടും തന്‍െറ ശിഷ്യന്‍മാരോടും അരുളിച്ചെയ്‌തു:
2. നിയമജ്‌ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു.
3. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്‌. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല.
4. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല.
5. മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ്‌അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്‌. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്‌ത്രത്തിന്‍െറ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു;
6. വിരുന്നുകളില്‍ പ്രമുഖസ്‌ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും
7. നഗരവീഥികളില്‍ അഭിവാദനവും ഇഷ്‌ടപ്പെടുന്നു. റബ്‌ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു.
8. എന്നാല്‍, നിങ്ങള്‍ റബ്‌ബീ എന്നു വിളിക്കപ്പെടരുത്‌. എന്തെന്നാല്‍ നിങ്ങള്‍ക്ക്‌ ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്‌.
9. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
10. നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നും വിളിക്കപ്പെടരുത്‌. എന്തെന്നാല്‍, ക്രിസ്‌തുവാണ്‌ നിങ്ങളുടെ ഏക നേതാവ്‌.
11. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
12. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
13. കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു.
14. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല.
15. കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
16. അന്‌ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു: ഒരുവന്‍ ദേവാലയത്തെക്കൊണ്ട്‌ ആണയിട്ടാല്‍ ഒന്നുമില്ല. ദേവാലയത്തിലെ സ്വര്‍ണത്തെക്കൊണ്ട്‌ ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്‌.
17. അന്‌ധരും മൂഢരുമായവരേ, ഏതാണു വലുത്‌? സ്വര്‍ണമോ സ്വര്‍ണത്തെ പവിത്രമാക്കുന്ന ദേവാലയമോ?
18. നിങ്ങള്‍ പറയുന്നു: ഒരുവന്‍ ബലിപീഠത്തെക്കൊണ്ട്‌ ആണയിട്ടാല്‍ ഒന്നുമില്ല; എന്നാല്‍ ബലിപീഠത്തിലെ കാഴ്‌ചവസ്‌തുവിനെക്കൊണ്ട്‌ ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്‌.
19. അന്‌ധരേ, ഏതാണു വലുത്‌? കാഴ്‌ചവസ്‌തുവോ കാഴ്‌ചവസ്‌തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ?
20. ബലിപീഠത്തെക്കൊണ്ട്‌ ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിന്‍മേലുള്ള എല്ലാ വസ്‌തുക്കളെക്കൊണ്ടും ആണയിടുന്നു.
21. ദേവാലയത്തെക്കൊണ്ട്‌ ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതില്‍ വസിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
22. സ്വര്‍ഗത്തെക്കൊണ്ട്‌ ആണയിടുന്നവന്‍ ദൈവത്തിന്‍െറ സിംഹാസനത്തെക്കൊണ്ടും അതില്‍ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
23. കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്‌ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്‌തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്‌ - മറ്റുള്ളവ അവഗണിക്കാതെതന്നെ.
24. അന്‌ധരായ മാര്‍ഗദര്‍ശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയുംചെയ്യുന്നവരാണു നിങ്ങള്‍!
25. കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍െറയും ഭക്‌ഷണപാത്രത്തിന്‍െറയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള്‌ കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു.
26. അന്‌ധനായ ഫരിസേയാ, പാനപാത്രത്തിന്‍െറയും ഭക്‌ഷണപാത്രത്തിന്‍െറയും പുറംകൂടി ശുദ്‌ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്‌ധിയാക്കുക.
27. കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടി ച്ചകുഴിമാടങ്ങള്‍ക്കു സദൃശരാണ്‌. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്‌ക്കുള്ളില്‍ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.
28. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്‌.
29. കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്‍മാര്‍ക്കു ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്‍മാരുടെ സ്‌മാരകങ്ങള്‍ അലങ്കരിക്കുകയുംചെയ്‌തുകൊണ്ടുപറയുന്നു,
30. ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്‍മാരുടെ രക്‌തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്‌.
31. അങ്ങനെ, നിങ്ങള്‍ പ്രവാചകന്‍മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന്‌ നിങ്ങള്‍ക്കുതന്നെ എതിരായി സാക്‌ഷ്യം നല്‍കുന്നു.
32. നിങ്ങളുടെ പിതാക്കന്‍മാരുടെ ചെയ്‌തികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!
33. സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
34. അതുകൊണ്ട്‌, ഇതാ, പ്രവാചകന്‍മാരെയും ജ്‌ഞാനികളെയും നിയമജ്‌ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്‌ക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച്‌, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയും ചെയ്യും.
35. അങ്ങനെ, നിരപരാധനായ ആബേലിന്‍െറ രക്‌തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധി ച്ചബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും.
36. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ തലമുറയ്‌ക്കു സംഭവിക്കുകതന്നെ ചെയ്യും.
37. ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്‍െറ അടുത്തേക്ക്‌ അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്‍െറ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു.
38. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്‌തവും ശൂന്യവുമായിത്തീര്‍ന്നിരിക്കുന്നു.
39. ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്‍െറ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാണ്‌ എന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങള്‍ എന്നെ കാണുകയില്ല.

Holydivine