Mathew - Chapter 15
Holy Bible

1. അനന്തരം ജറുസലെമില്‍നിന്നു ഫരിസേയരും നിയമജ്‌ഞരും യേശുവിന്‍െറ അടുത്തുവന്നുപറഞ്ഞു:
2. നിന്‍െറ ശിഷ്യന്‍മാര്‍ പൂര്‍വികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്തുകൊണ്ട്‌? ഭക്‌ഷണം കഴിക്കുന്നതിനു മുമ്പ്‌ അവര്‍ കൈകഴുകുന്നില്ലല്ലോ.
3. അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്‍െറ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍െറ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്‌?
4. പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ അധിക്‌ഷേപിക്കുന്നവന്‍മരിക്കണം എന്നു ദൈവം കല്‍പിച്ചിരിക്കുന്നു.
5. എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്‍െറ പിതാവിനോടോ മാതാവിനോടോ എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടത്‌ വഴിപാടായി നല്‍കിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ പിന്നെ അവന്‍ അവരെ സംരക്‌ഷിക്കേണ്ടതില്ല എന്ന്‌.
6. ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെനിങ്ങള്‍ വ്യര്‍ഥമാക്കിയിരിക്കുന്നു.
7. കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു:
8. ഈ ജനം അധരംകൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്‌.
9. അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട്‌ വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു.
10. അവന്‍ ജനങ്ങളെ തന്‍െറ അടുത്തു വിളിച്ചു പറഞ്ഞു: നിങ്ങള്‍ കേട്ടു മനസ്‌സിലാക്കുവിന്‍;
11. വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ്‌ ഒരുവനെ അശുദ്‌ധനാക്കുന്നത്‌.
12. അപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തുവന്നു പറഞ്ഞു: ഈ വചനം ഫരിസേയര്‍ക്ക്‌ ഇടര്‍ച്ചയുണ്ടാക്കിയെന്ന്‌ നീ അറിയുന്നുവോ?
13. അവന്‍ മറുപടി പറഞ്ഞു: എന്‍െറ സ്വര്‍ഗീയ പിതാവ്‌ നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടും.
14. അവരെ വിട്ടേക്കൂ; അവര്‍ അന്‌ധരെ നയിക്കുന്ന അന്‌ധരാണ്‌. അന്‌ധന്‍ അന്‌ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും.
15. ഈ ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരണമേ എന്നു പത്രോസ്‌ അപേക്‌ഷിച്ചു.
16. അവന്‍ ചോദിച്ചു: നിങ്ങള്‍ ഇപ്പോഴും ഗ്രഹണശക്‌തിയില്ലാത്തവരാണോ?
17. വായില്‍ പ്രവേശിക്കുന്നവ ഉദരത്തിലേക്കുപോകുന്നെന്നും അവിടെനിന്ന്‌ അതു വിസര്‍ജിക്കപ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
18. എന്നാല്‍, വായില്‍നിന്നു വരുന്നത്‌ ഹൃദയത്തില്‍ നിന്നാണു പുറപ്പെടുന്നത്‌. അതു മനുഷ്യനെ അശുദ്‌ധനാക്കുന്നു.
19. ദുശ്‌ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍ നിന്നാണ്‌ പുറപ്പെടുന്നത്‌.
20. ഇവയാണ്‌ ഒരുവനെ അശുദ്‌ധനാക്കുന്നത്‌. കൈകഴുകാതെ ഭക്‌ഷണം കഴിക്കുന്നത്‌ ആരെയും അശുദ്‌ധനാക്കുന്നില്ല.
21. യേശു അവിടെ നിന്നു പുറപ്പെട്ട്‌ ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി.
22. അപ്പോള്‍ ആ പ്രദേശത്തുനിന്ന്‌ ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്‌ഷിച്ചു: കര്‍ത്താവേ, ദാവീദിന്‍െറ പുത്രാ, എന്നില്‍ കനിയണമേ! എന്‍െറ മകളെ പിശാച്‌ ക്രൂരമായി ബാധിച്ചിരിക്കുന്നു.
23. എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്‍മാര്‍ അവനോട്‌ അഭ്യര്‍ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ.
24. അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നത്‌.
25. എന്നാല്‍, അവള്‍ അവനെ പ്രണമിച്ച്‌ കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന്‌ അപേക്‌ഷിച്ചു.
26. അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത്‌ നായ്‌ക്കള്‍ക്ക്‌ എറിഞ്ഞുകൊടുക്കുന്നത്‌ ഉചിതമല്ല.
27. അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്‌ക്കളുംയജമാനന്‍മാരുടെമേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ.
28. യേശു പറഞ്ഞു: സ്‌ത്രീയേ, നിന്‍െറ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.
29. യേശു അവിടെനിന്നു പുറപ്പെട്ട്‌ ഗലീലിക്കടലിന്‍െറ തീരത്തുവന്ന്‌ ഒരു മലയില്‍ കയറി അവിടെ ഇരുന്നു.
30. തത്‌സമയം മുടന്തര്‍, വികലാംഗര്‍, അന്‌ധര്‍, ഊമര്‍ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങള്‍ അവിടെ വന്ന്‌ അവരെ അവന്‍െറ കാല്‍ക്കല്‍ കിടത്തി. അവന്‍ അവരെ സുഖപ്പെടുത്തി.
31. ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്‌ധര്‍ കാഴ്‌ചപ്രാപിക്കുന്നതും കണ്ട്‌ ജനക്കൂട്ടം വിസ്‌മയിച്ചു. അവര്‍ ഇസ്രായേലിന്‍െറ ദൈവത്തെ മഹത്വപ്പെടുത്തി.
32. യേശു ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക്‌ അനുകമ്പതോന്നുന്നു. മൂന്നു ദിവസമായി അവര്‍ എന്നോടുകൂടെയാണ്‌; അവര്‍ക്കു ഭക്‌ഷിക്കാന്‍യാതൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നു വീഴാനിടയുള്ളതിനാല്‍ ആഹാരം നല്‍കാതെ അവരെ പറഞ്ഞയയ്‌ക്കാന്‍ എനിക്കു മനസ്‌സുവരുന്നില്ല.
33. ശിഷ്യന്‍മാര്‍ ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടത്ര അപ്പം ഈ മരുഭൂമിയില്‍ എവിടെ നിന്നു കിട്ടും?
34. യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്‌? അവര്‍ പറഞ്ഞു: ഏഴ്‌, കുറെ ചെറിയ മത്‌സ്യവും ഉണ്ട്‌.
35. ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്‌ഞാപിച്ചിട്ട്‌,
36. അവന്‍ ഏഴപ്പവും മത്‌സ്യവും എടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌, മുറിച്ച്‌ ശിഷ്യന്‍മാരെ ഏല്‍പിച്ചു. ശിഷ്യന്‍മാര്‍ അതു ജനക്കൂട്ടങ്ങള്‍ക്കു വിളമ്പി. അവര്‍ ഭക്‌ഷിച്ചു തൃപ്‌തരായി.
37. ബാക്കിവന്ന കഷണങ്ങള്‍ ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
38. ഭക്‌ഷിച്ചവര്‍ സ്‌ത്രീകളും കുട്ടികളുമൊഴികെ നാലായിരം പുരുഷന്‍മാരായിരുന്നു.
39. ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട്‌ അവന്‍ വഞ്ചിയില്‍ കയറി മഗദാന്‍ പ്രദേശത്തേക്കു പോയി.

Holydivine