Zechariah - Chapter 7
Holy Bible

1. ദാരിയൂസ്‌ രാജാവിന്‍െറ നാലാം ഭരണ വര്‍ഷം ഒന്‍പതാം മാസമായ കിസ്‌ളേവ്‌ നാലാംദിവസം സഖറിയായ്‌ക്ക്‌ കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി.
2. കര്‍ത്താവിന്‍െറ പ്രീതിക്കായി പ്രാര്‍ഥിക്കാന്‍, ബഥേല്‍ നിവാസികള്‍ ഷരേസറിനെയും രഗെംമെലെക്കിനെയും അവരുടെ ആളുകളെയും അയച്ചു.
3. അനേക വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്‌തുപോന്നതുപോലെ അഞ്ചാം മാസത്തില്‍ വിലാപവും ഉപവാസവും ആചരിക്കണമോ എന്ന്‌ പ്രവാചകന്‍മാരോടും സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ആലയത്തിലെ പുരോഹിതന്‍മാ രോടും ആരായാന്‍ അവരെ ഏല്‍പിച്ചു.
4. അപ്പോള്‍ സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:
5. നീ ദേശത്തെ ജനത്തോടും പുരോഹിതന്‍മാരോടും പറയുക. നിങ്ങള്‍ കഴിഞ്ഞഎഴുപതു വര്‍ഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും വിലാപവും ഉപവാസവും ആചരിച്ചത്‌ എനിക്കുവേണ്ടി ആയിരുന്നുവോ?
6. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നത്‌ നിങ്ങള്‍ക്കുവേണ്ടിത്തന്നെയല്ലേ?
7. ജറുസലെമും പ്രാന്തനഗരങ്ങളും ജനനിബിഡവും ഐശ്വര്യപൂര്‍ണവും ആയി കഴിഞ്ഞിരുന്നപ്പോള്‍, നെഗെബിലും സമതലപ്രദേശങ്ങളിലും ജനങ്ങള്‍ വസിച്ചിരുന്നപ്പോള്‍, പണ്ടത്തെ പ്രവാചകന്‍മാരിലൂടെ കര്‍ത്താവ്‌ ഇതല്ലേ കല്‍പിച്ചിരുന്നത്‌?
8. കര്‍ത്താവ്‌ സഖറിയായോട്‌ അരുളിച്ചെയ്‌തു:
9. സെന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, സത്യസന്‌ധമായി വിധിക്കുക; സഹോദരര്‍ പരസ്‌പരം കരുണയും അലിവും കാണിക്കുക.
10. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്‌. നിങ്ങളില്‍ ആരും തന്‍െറ സഹോദരനെതിരേ തിന്‍മ നിരൂപിക്കരുത്‌.
11. എന്നാല്‍ അവര്‍ കൂട്ടാക്കിയില്ല; കേള്‍ക്കാതിരിക്കാന്‍ ദുശ്‌ശാഠ്യത്തോടെ ചെവി അടച്ചുകളഞ്ഞു.
12. സൈന്യങ്ങളുടെ കര്‍ത്താവ്‌ തന്‍െറ ആത്‌മാവിനാല്‍ മുന്‍കാലപ്രവാചകന്‍മാരിലൂടെ അരുളിച്ചെയ്‌ത നിയമവും വചനങ്ങളും കേള്‍ക്കാതിരിക്കാന്‍ അവര്‍ ഹൃദയം കഠിന മാക്കി. അതുകൊണ്ട്‌ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ക്രോധം അവരുടെമേല്‍ പതിച്ചു.
13. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കേട്ടില്ല. അതുപോലെ അവര്‍ വിളിക്കുമ്പോള്‍ ഞാനും കേള്‍ക്കുകയില്ല.
14. ഞാന്‍ ചുഴലിക്കാറ്റയച്ച്‌ അവരെ അപരിചിതരായ ജനതകളുടെ ഇടയില്‍ ചിതറിച്ചു. അവര്‍ വിട്ടുപോയ ദേശം ശൂന്യമായി. ആരും അതിലേ കടന്നു പോയില്ല. മനോഹരമായ ദേശം വിജനമായി.

Holydivine