Leviticus - Chapter 26
Holy Bible

1. നിങ്ങള്‍ ആരാധനയ്‌ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപങ്ങളോ ഉണ്ടാക്കരുത്‌. നിങ്ങളുടെ ദേശത്തു സ്‌തംഭങ്ങളുയര്‍ത്തുകയോ കൊത്തിയ കല്ലുകള്‍ നാട്ടുകയോ അരുത്‌. എന്തെന്നാല്‍, ഞാനാണ്‌ നിങ്ങളുടെദൈവമായ കര്‍ത്താവ്‌.
2. നിങ്ങള്‍ എന്‍െറ സാബത്ത്‌ ആചരിക്കുകയും എന്‍െറ വിശുദ്‌ധസ്‌ഥലം പൂജ്യമായിക്കരുതുകയും ചെയ്യുവിന്‍. ഞാനാണ്‌ കര്‍ത്താവ്‌.
3. നിങ്ങള്‍ എന്‍െറ നിയമങ്ങള്‍ അനുസരിക്കുകയും കല്‍പനകള്‍ പാലിക്കുകയും ചെയ്യുമെങ്കില്‍, ഞാന്‍ യഥാകാലം നിങ്ങള്‍ക്കു മഴ തരും;
4. ഭൂമി വിളവുകള്‍ വര്‍ദ്‌ധിപ്പിക്കുകയും വൃക്‌ഷങ്ങള്‍ ഫലം നല്‍കുകയും ചെയ്യും.
5. നിങ്ങളുടെ കറ്റമെതിക്കല്‍ മുന്തിരിപ്പഴം പറിക്കുന്ന കാലംവരെയും മുന്തിരിപ്പഴം പറിക്കുന്ന കാലം വിതയ്‌ക്കുന്ന കാലംവരെയും നീണ്ടുനില്‍ക്കും. നിങ്ങള്‍ തൃപ്‌തിയാവോളം ഭക്‌ഷിച്ച്‌ നിങ്ങളുടെ ദേശത്തു സുരക്‌ഷിതരായി വസിക്കും.
6. ഞാന്‍ നിങ്ങളുടെ നാട്ടില്‍ സമാധാനം സ്‌ഥാപിക്കും. നിങ്ങള്‍ സ്വൈരമായി വസിക്കും. ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാന്‍ നാട്ടില്‍നിന്നു ദുഷ്‌ടമൃഗങ്ങളെ ഓടിച്ചുകളയും. നിങ്ങളുടെ ദേശത്തുകൂടെ വാള്‍ കടന്നുപോകയില്ല.
7. ശത്രുക്കളെ നിങ്ങള്‍ തുരത്തും. അവര്‍ നിങ്ങളുടെ മുന്‍പില്‍ വാളിനിരയാകും.
8. നിങ്ങള്‍ അഞ്ചുപേര്‍ നൂറുപേരെയും നൂറുപേര്‍ പതിനായിരംപേരെയും ഓടിക്കും. ശത്രുക്കള്‍ നിങ്ങളുടെ മുന്‍പില്‍ വാളിനിരയാകും.
9. ഞാന്‍ നിങ്ങളെ കടാക്‌ഷിക്കുകയും സന്താനപുഷ്‌ടി നല്‍കി നിങ്ങളെ വര്‍ദ്‌ധിപ്പിക്കുകയും ചെയ്യും. നിങ്ങളുമായി ഞാന്‍ എന്‍െറ ഉടമ്പടി ഉറപ്പിക്കും.
10. നിങ്ങള്‍ പഴയ ശേഖരങ്ങളില്‍നിന്നു ധാന്യങ്ങള്‍ ഭക്‌ഷിക്കുകയും പുതിയതിനുവേണ്ടി പഴയതിനെ മാറ്റിക്കളയുകയും ചെയ്യും.
11. ഞാന്‍ എന്‍െറ കൂടാരം നിങ്ങളുടെയിടയില്‍ സ്‌ഥാപിക്കും. ഞാന്‍ നിങ്ങളെ ഉപേക്‌ഷിക്കുകയില്ല.
12. ഞാന്‍ നിങ്ങളുടെ ഇടയില്‍ സഞ്ചരിക്കും; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍െറ ജനവുമായിരിക്കും.
13. നിങ്ങള്‍ ഈജിപ്‌തുകാരുടെ അടിമകളായിത്തുടരാതിരിക്കാന്‍ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍. നിങ്ങള്‍ നിവര്‍ന്നുനടക്കേണ്ടതിന്‌ നിങ്ങളുടെ നുകത്തിന്‍െറ കെട്ടുകള്‍ ഞാന്‍ പൊട്ടിച്ചു.
14. നിങ്ങള്‍ എന്‍െറ വാക്കു കേള്‍ക്കാതെയും ഈ കല്‍പനകളെല്ലാം അനുസരിക്കാതെയും നടന്നാല്‍,
15. എന്‍െറ നിയമങ്ങള്‍ ധിക്കരിക്കുകയും പ്രമാണങ്ങള്‍ വെറുത്ത്‌ എന്‍െറ കല്‍പനകള്‍ അനുഷ്‌ഠിക്കാതിരിക്കുകയും ഉടമ്പടി ലംഘിക്കുകയും ചെയ്‌താല്‍,
16. ഞാനും അപ്രകാരം നിങ്ങളോടു പ്രവര്‍ത്തിക്കും. പെട്ടെന്നുള്ള ഭയവും ക്‌ഷയവും കണ്ണുകള്‍ക്കു ഹാനിയും ജീവനുതന്നെ നാശവും വരുത്തുന്ന പനിയും നിങ്ങളുടെമേല്‍ ഞാന്‍ വരുത്തും. നിങ്ങള്‍ വിതയ്‌ക്കുന്നതു വൃഥാവിലാകും; നിങ്ങളുടെ ശത്രുക്കള്‍ അതു ഭക്‌ഷിക്കും.
17. ഞാന്‍ നിങ്ങള്‍ക്കെതിരേ മുഖംതിരിക്കും. ശത്രുക്കളുടെ മുന്‍പില്‍വച്ചു നിങ്ങള്‍ വധിക്കപ്പെടും. നിങ്ങളെ വെറുക്കുന്നവര്‍ നിങ്ങളെ ഭരിക്കും. പിന്‍തുടരാന്‍ ആരുംതന്നെയില്ലെങ്കിലും നിങ്ങള്‍ ഭയപ്പെട്ടോടും.
18. ഇതെല്ലാമായിട്ടും എന്‍െറ വാക്ക്‌ കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ക്കു ഞാന്‍ നിങ്ങളെ ഏഴിരട്ടി ശിക്‌ഷിക്കും.
19. ശക്‌തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാന്‍ നശിപ്പിക്കും, ആകാശം നിങ്ങള്‍ക്ക്‌ ഇരുമ്പുപോലെയും ഭൂമി പിത്തളപോലെയും ആക്കും.
20. നിങ്ങളുടെ കരുത്ത്‌ ഞാന്‍ നിഷ്‌ഫലമാക്കും. നിങ്ങളുടെ ദേശം വിളവുതരുകയോ വൃക്‌ഷങ്ങള്‍ ഫലം പുറപ്പെടുവിക്കുകയോ ഇല്ല.
21. നിങ്ങള്‍ എനിക്കു വിരുദ്‌ധമായി വ്യാപരിക്കുകയും എന്നെ അനുസരിക്കാതിരിക്കുകയുംചെയ്‌താല്‍ നിങ്ങളുടെ പാപങ്ങള്‍ക്കു ശിക്‌ഷയായി ഏഴിരട്ടി അനര്‍ഥങ്ങള്‍ ഞാന്‍ നിങ്ങളുടെമേല്‍ വരുത്തും.
22. ഞാന്‍ നിങ്ങളുടെയിടയിലേക്കു വന്യമൃഗങ്ങളെ കടത്തിവിടും. അവനിങ്ങളുടെ മക്കളെ അപഹരിക്കുകയും കന്നുകാലികളെ നശിപ്പിക്കുകയും അങ്ങനെ നിങ്ങളെ എണ്ണത്തില്‍ കുറയ്‌ക്കുകയും ചെയ്യും. നിങ്ങളുടെ വീഥികള്‍ വിജന മാകും.
23. ഈ ശിക്‌ഷകള്‍കൊണ്ടൊന്നും നിങ്ങള്‍ എന്നിലേക്കു തിരിയാതെ എനിക്കെതിരായി വ്യാപരിക്കുന്നെങ്കില്‍, ഞാനും നിങ്ങള്‍ക്കെ തിരേ വ്യാപരിക്കും.
24. നിങ്ങളുടെ പാപങ്ങള്‍ക്ക്‌ നിങ്ങളെ ഞാന്‍ ഏഴിരട്ടി ശിക്‌ഷിക്കും.
25. എന്‍െറ ഉടമ്പടിയുടെ പേരില്‍ പ്രതികാരം ചെയ്യാന്‍ ഞാന്‍ നിങ്ങളുടെമേല്‍ വാള്‍ വീശും. നിങ്ങള്‍ പട്ടണങ്ങളില്‍ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ നിങ്ങളുടെമേല്‍ പകര്‍ച്ചവ്യാധികള്‍ വരുത്തും. നിങ്ങള്‍ ശത്രുക്കളുടെ കൈകളില്‍ അകപ്പെടുകയും ചെയ്യും.
26. ഞാന്‍ നിങ്ങളുടെ അപ്പത്തിന്‍െറ അളവു കുറയ്‌ക്കും. പത്തു സ്‌ത്രീകള്‍ ഒരടുപ്പില്‍ അപ്പം പാകംചെയ്യും. അവര്‍ നിങ്ങള്‍ക്ക്‌ അപ്പം തൂക്കി അളന്നേതരൂ. നിങ്ങള്‍ ഭക്‌ഷിക്കും, എന്നാല്‍ തൃപ്‌തരാവുകയില്ല.
27. ഇതെല്ലാമായിട്ടും നിങ്ങള്‍ എന്നെ അനുസരിക്കാതെ എനിക്കെതിരേ പ്രവര്‍ത്തിക്കുകയാണെങ്കില്‍,
28. ഞാനും നിങ്ങള്‍ക്കെതിരേ കോപത്തോടെ പ്രവര്‍ത്തിക്കും. നിങ്ങളുടെ പാപത്തിനു നിങ്ങളെ ഞാന്‍ ഏഴിരട്ടി ശിക്‌ഷിക്കും.
29. നിങ്ങള്‍ നിങ്ങളുടെ പുത്രന്‍മാരുടെയും പുത്രിമാരുടെയും മാംസം ഭക്‌ഷിക്കും.
30. ഞാന്‍ നിങ്ങളുടെ പൂജാഗിരികള്‍ നശിപ്പിക്കുകയും വിഗ്രഹങ്ങള്‍ വെട്ടിവീഴ്‌ത്തുകയും നിങ്ങളുടെ ശവശരീരങ്ങള്‍ ജഡവിഗ്രഹങ്ങളുടെമേല്‍ വലിച്ചെറിയുകയും ചെയ്യും. ഹൃദയംകൊണ്ടു ഞാന്‍ നിങ്ങളെ വെറുക്കും.
31. ഞാന്‍ നിങ്ങളുടെ പട്ടണങ്ങള്‍ വിജനമാക്കും; വിശുദ്‌ധ സ്‌ഥലങ്ങള്‍ ശൂന്യമാക്കുകയും ചെയ്യും. നിങ്ങളുടെ സുരഭിലകാഴ്‌ചകള്‍ ഞാന്‍ സ്വീകരിക്കുകയില്ല. നിങ്ങളുടെ ദേശം ഞാന്‍ ശൂന്യമാക്കും.
32. അവിടെ വസിക്കുന്ന നിങ്ങളുടെ ശത്രുക്കള്‍ അതിനെപ്പറ്റി ആശ്‌ചര്യപ്പെടും.
33. ജനങ്ങളുടെയിടയില്‍ ഞാന്‍ നിങ്ങളെ ചിതറിക്കും; ഊരിയ വാളോടെ നിങ്ങളെ പിന്തുടരും. നിങ്ങളുടെദേശം ശൂന്യവും പട്ടണം വിജനവുമാക്കും.
34. നിങ്ങള്‍ ശത്രുക്കളുടെ ദേശങ്ങളിലായിരിക്കുമ്പോള്‍ ശൂന്യമായ നിങ്ങളുടെ നാട്‌ അതിന്‍െറ സാബത്തില്‍ സന്തോഷിക്കും; അതു വിശ്രമിക്കുകയും സാബത്ത്‌ ആചരിക്കുകയും ചെയ്യും.
35. ശൂന്യമായി കിടക്കുന്നിടത്തോളം കാലം അതു വിശ്രമിക്കും, നിങ്ങള്‍ അവിടെ വസിച്ചിരുന്നപ്പോള്‍ സാബത്തുകളില്‍ അതിനു വിശ്രമം ലഭിച്ചില്ലല്ലോ.
36. ശത്രുദേശങ്ങളില്‍ അവശേഷിച്ചിരിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ജനിപ്പിക്കും. പിറകില്‍ ഇല അനങ്ങുന്നതു കേള്‍ക്കുമ്പോള്‍ വാളില്‍നിന്ന്‌ ഓടി രക്‌ഷപെടുന്നവനെപ്പോലെ അവര്‍ ഓടും. ആരും പിന്‍തുടരുന്നില്ലെങ്കിലും അവര്‍ നിലംപതിക്കും.
37. ആരും പിന്‍തുടരുന്നില്ലെങ്കില്‍ത്തന്നെ വാളില്‍ നിന്ന്‌ ഓടി രക്‌ഷപെടുമ്പോഴെന്നപോലെ ഒരുവന്‍ മറ്റൊരുവന്‍െറ മേല്‍ വീഴും. ശത്രുക്കളുടെ മുന്‍പില്‍ നില്‍ക്കാന്‍ നിങ്ങള്‍ക്കു ശക്‌തി ഉണ്ടായിരിക്കുകയില്ല.
38. ജനതകളുടെ ഇടയില്‍ നിന്നു നിങ്ങള്‍ അറ്റുപോകും. ശത്രുക്കളുടെ രാജ്യം നിങ്ങളെ വിഴുങ്ങിക്കളയും.
39. ശേഷിക്കുന്നവര്‍ അവരുടെ ദുഷ്‌കൃത്യങ്ങള്‍ നിമിത്തം ശത്രുരാജ്യത്തുവച്ചു നശിച്ചുപോകും. അവരുടെ പിതാക്കന്‍മാരുടെ ദുഷ്‌കര്‍മങ്ങള്‍ നിമിത്തവും അവര്‍ അവരെപ്പോലെ നശിച്ചുപോകും.
40. അവര്‍ എന്നോടു കാണി ച്ചഅവിശ്വസ്‌തതയും
41. എനിക്കെതിരായി പ്രവര്‍ത്തി ച്ചതിന്‍മകളും ഏറ്റുപറയട്ടെ. എനിക്കെതിരായി ചരിച്ചതിനാല്‍ ഞാനും അവര്‍ക്കെതിരായി ചരിക്കുകയും അവരെ ശത്രുക്കളുടെ ദേശത്തേക്കു കൊണ്ടുപോകുകയും ചെയ്‌തു. തങ്ങളുടെ അപരിച്‌ഛേദിതമായ ഹൃദയം വിനീതമാക്കി പ്രായശ്‌ചിത്തമനുഷ്‌ഠിച്ചാല്‍
42. ഞാന്‍ യാക്കോബിനോടും ഇസഹാക്കിനോടും അബ്രാഹത്തിനോടും ചെയ്‌ത ഉടമ്പടി ഓര്‍ക്കുകയും ദേശത്തെ അനുസ്‌മരിക്കുകയും ചെയ്യും.
43. അവര്‍ ഒഴിഞ്ഞുപോകുക നിമിത്തം പാഴായിക്കിടക്കുമ്പോള്‍ നാട്‌ അതിന്‍െറ സാബത്തില്‍ സന്തോഷിക്കും. അവര്‍ തങ്ങളുടെ അകൃത്യങ്ങള്‍ക്കു പരിഹാരം ചെയ്യണം. എന്തെന്നാല്‍ അവര്‍ എന്‍െറ നിയമങ്ങള്‍ അവഗണിച്ചു. അവരുടെ ഹൃദയം എന്‍െറ കല്‍പനകളെ നിരസിച്ചു.
44. ഇതെല്ലാമാണെങ്കിലും ശത്രുദേശത്തായിരിക്കുമ്പോള്‍ ഞാന്‍ അവരെ പരിപൂര്‍ണമായി തള്ളിക്കളയുകയോ അവരോടുള്ള ഉടമ്പടി ലംഘിക്കുന്നവിധത്തില്‍ അവരെ വെറുക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. എന്തെന്നാല്‍, ഞാന്‍ അവരുടെ ദൈവമായ കര്‍ത്താവാണ്‌.
45. ഞാന്‍ ജനതകള്‍ കാണ്‍കേ ഈജ്‌പിതുദേശത്തുനിന്നു കൊണ്ടുവന്ന അവരുടെ പിതാക്കന്‍മാരോടു ചെയ്‌ത ഉട മ്പടി അവരെപ്രതി അനുസ്‌മരിക്കും. അങ്ങനെ ഞാന്‍ അവരുടെ ദൈവമായിരിക്കും. ഞാനാണ്‌ കര്‍ത്താവ്‌.
46. സീനായ്‌ മലമുകളില്‍വച്ചു കര്‍ത്താവ്‌ ഇസ്രായേല്‍ജനവുമായി മോശവഴി ഉറപ്പി ച്ചഉടമ്പടിയുടെ നിയമങ്ങളും ചട്ടങ്ങളും പ്രമാണങ്ങളുമാണിവയെല്ലാം.

Holydivine