Leviticus - Chapter 16
Holy Bible

1. അഹറോന്‍െറ രണ്ടു പുത്രന്‍മാര്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍വച്ചു മരിച്ചതിനുശേഷം
2. കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു: നിന്‍െറ സഹോദരനായ അഹറോനോട്‌ അവന്‍ മരിക്കാതിരിക്കേണ്ടതിന്‌ തിരശ്‌ശീലയ്‌ക്കുള്ളിലെ ശ്രീകോവിലില്‍ പെട്ട കത്തിനു മുകളിലെ കൃപാസനത്തിനു മുന്‍പില്‍ ഏതു സമയത്തും പ്രവേശിക്കരുതെന്ന്‌ നീ പറയണം. കാരണം, കൃപാസ നത്തിനു മുകളില്‍ ഒരു മേഘത്തില്‍ ഞാന്‍ പ്രത്യക്‌ഷപ്പെടും.
3. അഹറോന്‍ ശ്രീകോവിലില്‍ പ്രവേശിക്കേണ്ടത്‌ ഇങ്ങനെയാണ്‌: പാപപരിഹാരബലിക്ക്‌ ഒരു കാളക്കുട്ടിയെയും ദഹനബലിക്ക്‌ ഒരു മുട്ടാടിനെയും കൊണ്ടുവരണം.
4. വിശുദ്‌ധമായ ചണക്കുപ്പായവും ചണംകൊണ്ടുള്ള കാല്‍ച്ചട്ടയും അരപ്പട്ടയുംതൊപ്പിയും ധരിച്ചുവേണം വരാന്‍. ഇവ വിശുദ്‌ധവസ്‌ത്രങ്ങളാണ്‌. ശരീരം വെള്ളംകൊണ്ടു കഴുകിയതിനുശേഷം വേണം അവ ധരിക്കാന്‍.
5. ഇസ്രായേല്‍ സമൂഹത്തില്‍നിന്ന്‌ അവന്‍ പാപപരിഹാരബലിക്കായി രണ്ട്‌ ആണ്‍ കോലാടുകളെയും ദഹനബലിക്കായി ഒരു മുട്ടാടിനെയും എടുക്കണം.
6. അഹറോന്‍ തനിക്കുവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ അര്‍പ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരം ചെയ്യണം.
7. അനന്തരം, രണ്ടു കോലാടുകളെയും സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ കൊണ്ടുവരണം.
8. അഹറോന്‍ കുറിയിട്ട്‌ ആടുകളിലൊന്നിനെ കര്‍ത്താവിനും മറ്റേതിനെ അസസേലിനുമായി നിശ്‌ചയിക്കണം.
9. കര്‍ത്താവിനായി കുറിവീണ ആടിനെ കൊണ്ടുവന്ന്‌ പാപപരിഹാരബലിയായി അര്‍പ്പിക്കണം.
10. എന്നാല്‍, അസസേലിനായി കുറിവീണ ആടിനെ പാപപരിഹാരം ചെയ്യുന്നതിനും അസസേലിനായി മരുഭൂമിയിലേക്കു വിട്ടയയ്‌ക്കുന്നതിനുംവേണ്ടി ജീവനോടെ കര്‍ത്താവിന്‍െറ മുന്‍പില്‍ നിര്‍ത്തണം.
11. അഹറോന്‍ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ സമര്‍പ്പിക്കണം. അവന്‍ അതിനെകൊല്ലണം.
12. അനന്തരം, കര്‍ത്താവിന്‍െറ സന്നിധിയിലെ ബലിപീഠത്തിന്‍മേലുള്ള തീക്കനല്‍ നിറ ച്ചധൂപകലശമേന്തി, സുരഭിലമായ കുന്തുരുക്കപ്പൊടി കൈകളില്‍ നിറച്ച്‌ തിരശ്‌ശീലയ്‌ക്കകത്തുവരണം.
13. താന്‍മരിക്കാതിരിക്കാന്‍വേണ്ടി സാക്‌ഷ്യപേടകത്തിന്‍മേലുള്ള കൃപാസനത്തെ ധൂപപടലംകൊണ്ടു മറയ്‌ക്കുന്നതിനു കര്‍ത്താവിന്‍െറ സന്നിധിയില്‍വച്ച്‌ അവന്‍ കുന്തുരുക്കം തീയിലിടണം.
14. അനന്തരം, കാളക്കുട്ടിയുടെ കുറെരക്‌തമെടുത്ത്‌ കൈവിരല്‍കൊണ്ടു കൃപാസനത്തിന്‍മേല്‍ മുന്‍ഭാഗത്തു തളിക്കണം. അതുപോലെ കൃപാസനത്തിന്‍െറ മുന്‍പിലും ഏഴുപ്രാവശ്യം തളിക്കണം.
15. ജനങ്ങളുടെ പാപപരിഹാരബലിക്കുള്ള കോലാടിനെ കൊന്ന്‌ അതിന്‍െറ രക്‌തം തിരശ്‌ശീലയ്‌ക്കകത്തു കൊണ്ടുവന്ന്‌, കാളക്കുട്ടിയുടെ രക്‌തംകൊണ്ടു ചെയ്‌തതുപോലെ, കൃപാസനത്തിന്‍മേലും കൃപാസനത്തിന്‍െറ മുന്‍പിലും തളിക്കണം.
16. അങ്ങനെ ഇസ്രായേല്‍ജനത്തിന്‍െറ അശുദ്‌ധിയും തിന്‍മകളും പാപങ്ങളും നിമിത്തം അഹറോന്‍ വിശുദ്‌ധ സ്‌ഥലത്തിനുവേണ്ടി പാപപരിഹാരം ചെയ്യണം. അവരുടെ ഇടയില്‍, അവരുടെ അശുദ്‌ധിയുടെ മധ്യേ, സ്‌ഥിതിചെയ്യുന്ന സമാഗമകൂടാരത്തിനു വേണ്ടിയും ഇപ്രകാരംതന്നെ ചെയ്യണം.
17. പുരോഹിതന്‍ തനിക്കും കുടുംബത്തിനും ഇസ്രായേല്‍ജനത്തിനു മുഴുവനുംവേണ്ടി പാപപരിഹാരം ചെയ്യുന്നതിനായി ശ്രീകോവിലില്‍ പ്രവേശിച്ചിട്ടു തിരിച്ചുവരുന്നതുവരെ ആരും സമാഗമകൂടാരത്തിലുണ്ടായിരിക്കരുത്‌.
18. അനന്തരം, അവന്‍ കര്‍ത്താവിന്‍െറ സന്നിധിയിലുള്ള ബലിപീഠത്തിലേക്കു ചെന്ന്‌ അതിനുവേണ്ടിയും പാപപരിഹാരം ചെയ്യണം. കാളക്കുട്ടിയുടെയും കോലാടിന്‍െറയും കുറച്ചു രക്‌തമെടുത്ത്‌ ബലിപീഠത്തിന്‍െറ കൊമ്പുകളില്‍ പുരട്ടണം.
19. കുറെരക്‌തമെടുത്ത്‌ വിരല്‍കൊണ്ട്‌ ഏഴുപ്രാവശ്യം അതിന്‍മേല്‍ തളിച്ച്‌ അതിനെ ശുദ്‌ധീകരിക്കുകയും ഇസ്രായേല്‍ജനത്തിന്‍െറ അശുദ്‌ധിയില്‍നിന്നു പവിത്രീകരിക്കുകയും ചെയ്യണം.
20. ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനുംവേണ്ടി പാപപരിഹാരം ചെയ്‌തതിനുശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം.
21. അതിന്‍െറ തലയില്‍ കൈകള്‍ വച്ച്‌ അഹറോന്‍ ഇസ്രായേല്‍ജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും ഏറ്റുപറയണം. അവയെല്ലാം അതിന്‍െറ ശിരസ്‌സില്‍ ചുമത്തി, ഒരുങ്ങിനില്‌ക്കുന്ന ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു വിടണം.
22. കോലാട്‌ അവരുടെ കുറ്റങ്ങള്‍ വഹിച്ചുകൊണ്ട്‌ വിജനപ്രദേശത്തേക്കു പോകട്ടെ. ആടിനെ നയിക്കുന്ന ആള്‍ അതിനെ മരുഭൂമിയില്‍ ഉപേക്‌ഷിക്കണം.
23. അനന്തരം, അഹറോന്‍ സമാഗമകൂടാരത്തില്‍ചെന്ന്‌ ശ്രീകോവിലില്‍ പ്രവേശിച്ചപ്പോള്‍ ധരിച്ചിരുന്ന ചണവസ്‌ത്രങ്ങള്‍ ഊരിവയ്‌ക്കണം.
24. അവന്‍ വിശുദ്‌ധസ്‌ഥലത്തുവച്ച്‌ ദേഹം വെള്ളംകൊണ്ടു കഴുകി സ്വന്തം വസ്‌ത്രംധരിച്ചുവന്ന്‌ തനിക്കും ജനത്തിനുംവേണ്ടി ദഹനബലിയര്‍പ്പിച്ചു പാപപരിഹാരം ചെയ്യണം.
25. ബലിമൃഗത്തിന്‍െറ മേദസ്‌സ്‌ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം.
26. കോലാടിനെ അസസേലിനുവേണ്ടി കൊണ്ടുപോയവന്‍ തന്‍െറ വസ്‌ത്രങ്ങളും ദേഹവും വെള്ളത്തില്‍ കഴുകിയതിനുശേഷമേ പാളയത്തിലേക്കു വരാവൂ.
27. ശ്രീകോവിലില്‍ പാപപരിഹാരബലിക്കുള്ള രക്‌തത്തിനായിക്കൊന്ന കാളക്കുട്ടിയെയും കോലാടിനെയും പാളയത്തിനു വെളിയില്‍ കൊണ്ടുപോകണം. അവയുടെ തോലും മാംസവും ചാണകവും തീയില്‍ ദഹിപ്പിച്ചുകളയണം.
28. അതു ദഹിപ്പിക്കുന്നവന്‍ തന്‍െറ വസ്‌ത്രവും ശരീരവുംവെള്ളത്തില്‍ കഴുകിയതിനുശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ.
29. ഇതു നിങ്ങള്‍ക്ക്‌ എന്നേക്കുമുള്ള നിയമമാണ്‌. ഏഴാംമാസം പത്താംദിവസം നിങ്ങള്‍ ഉപവസിക്കണം. നിങ്ങളോ നിങ്ങളുടെ ഇടയിലുള്ള വിദേശീയരോ അന്നു ജോലിചെയ്യ രുത്‌.
30. പാപങ്ങളില്‍നിന്നെല്ലാം ശുദ്‌ധീകരിക്കപ്പെടാനായി നിങ്ങള്‍ക്കുവേണ്ടി പരിഹാരം ചെയ്യുന്ന ദിവസമാണത്‌.
31. നിങ്ങള്‍ക്കിത്‌ വിശ്രമം നല്‌കുന്ന വിശുദ്‌ധ സാബത്തുദിവസമാണ്‌. നിങ്ങള്‍ ഉപവാസം അനുഷ്‌ഠിക്കണം.
32. ഇത്‌ എന്നേക്കുമുള്ള നിയമമാണ്‌. സ്വപിതാവിന്‍െറ സ്‌ഥാനത്ത്‌ അഭിഷിക്‌തനായി പ്രതിഷ്‌ഠിക്കപ്പെട്ട പുരോഹിതന്‍ പരിശുദ്‌ധമായ ചണ വസ്‌ത്രങ്ങളണിഞ്ഞ്‌ പാപപരിഹാരം ചെയ്യണം.
33. ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനും പുരോഹിതന്‍മാര്‍ക്കും ജനസമൂഹത്തിനുംവേണ്ടി അവന്‍ പാപപരിഹാരം ചെയ്യണം.
34. ഇസ്രായേല്‍ജനത്തിന്‍െറ പാപങ്ങള്‍ നിമിത്തം അവര്‍ക്കുവേണ്ടി വര്‍ഷത്തിലൊരിക്കല്‍ പാപ പരിഹാരം ചെയ്യണമെന്നത്‌ നിങ്ങള്‍ക്ക്‌ എന്നേക്കുമുള്ള ഒരു നിയമമാണ്‌. കര്‍ത്താവു കല്‍പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു.

Holydivine