Judith - Chapter 7
Holy Bible

1. അടുത്തദിവസം ഹോളോഫര്‍ണസ്‌ തന്‍െറ സൈന്യത്തോടും തന്നോടുചേര്‍ന്ന സഖ്യകക്‌ഷികളോടും, പാളയം വിട്ട്‌ ബത്തൂലിയായ്‌ക്കെതിരേ നീങ്ങാനും മലമ്പ്രദേശത്തേക്കുള്ള പാതകള്‍ പിടിച്ചടക്കാനും ഇസ്രായേല്യരോട്‌യുദ്‌ധം ആരംഭിക്കാനും കല്‍പിച്ചു.
2. അവരുടെ പോരാളികള്‍ അന്നുതന്നെ പാളയം വിട്ടു മുന്നേറി. ഒരു ലക്‌ഷത്തിയെഴുപതിനായിരം കാലാളും, പന്തീരായിരം കുതിരപ്പടയും കൂടാതെ സാധനസാമഗ്രികള്‍ വഹിക്കുന്ന ഭടന്‍മാരുടെ ഒരു വലിയ സമൂഹവും അടങ്ങിയതായിരുന്നു ആ സൈന്യം.
3. ബത്തൂലിയായ്‌ക്കു സമീപം താഴ്‌വരയില്‍ അരുവിയുടെ കരയില്‍ അവര്‍ പാളയമടിച്ചു. സൈന്യം ദോഥാനില്‍ ബാല്‍ബയിംവരെ വീതിയിലും, ബത്തൂലിയാമുതല്‍ എസ്‌ദ്രായേലോണിന്‌ അഭിമുഖമായുള്ള ക്യാമോണ്‍വരെ നീളത്തിലും വ്യാപിച്ചു.
4. ആ വമ്പി ച്ചസൈന്യത്തെ കണ്ട്‌ ഇസ്രായേല്യര്‍ ഭയവിഹ്വലരായി പരസ്‌പരം പറഞ്ഞു: ഇവര്‍ നമ്മുടെ നാടു മുഴുവന്‍ വിഴുങ്ങിക്കളയും. ഇവരുടെ ഭാരം താങ്ങാന്‍ പോരുന്ന ശക്‌തി മലകള്‍ക്കോ, താഴ്‌വരകള്‍ക്കോ, കുന്നുകള്‍ക്കോ ഇല്ല.
5. പിന്നീട്‌ ഓരോരുത്തരും തങ്ങളുടെ ആയുധങ്ങളുമെടുത്ത്‌ ഗോപുരങ്ങളില്‍ ആഴി കൂട്ടി രാത്രി മുഴുവന്‍ കാവല്‍ നിന്നു.
6. രണ്ടാംദിവസം ഹോളോഫര്‍ണസ്‌ ബത്തൂലിയായിലെ ഇസ്രായേല്യര്‍ നോക്കിനില്‍ക്കെ തന്‍െറ കുതിരപ്പടയെ നയിച്ചു.
7. നഗരത്തിലേക്കുള്ള വഴികള്‍ പരിശോധിക്കുകയും അവര്‍ക്കു വെള്ളം നല്‍കിയിരുന്ന നീര്‍ച്ചാലുകള്‍ സന്‌ദര്‍ശിച്ച്‌, അവ പിടിച്ചടക്കി, കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തു. അനന്തരം, അവന്‍ തന്‍െറ സൈ ന്യത്തിലേക്കു മടങ്ങി.
8. ഏസാവിന്‍െറ സന്തതികളുടെ നേതാക്കന്‍മാരും മൊവാബ്യരുടെ തലവന്‍മാരും തീരദേശത്തെ സൈന്യാധിപന്‍മാരും അവനെ സമീപിച്ചു പറഞ്ഞു:
9. പ്രഭോ, അങ്ങയുടെ സൈന്യം പരാജയപ്പെടാതിരിക്കേണ്ടതിന്‌ ഈ വാക്കു ശ്രവിച്ചാലും.
10. ഈ ഇസ്രായേല്‍ജനം ആശ്രയം വച്ചിരിക്കുന്നത്‌ അവരുടെ കുന്തങ്ങളിലല്ല തങ്ങള്‍ വസിക്കുന്ന മലകളുടെ ഉയരത്തിലാണ്‌, അവയുടെ മുകള്‍പ്പരപ്പിലെത്തുക എളുപ്പമല്ല.
11. അതിനാല്‍, പ്രഭോ, നേരിട്ടുള്ളയുദ്‌ധം ഒഴിവാക്കിയാല്‍ സൈ ന്യത്തില്‍ ഒരാളും അങ്ങേയ്‌ക്കു നഷ്‌ടപ്പെടുകയില്ല. അങ്ങ്‌ പാളയത്തിലിരിക്കുക.
12. ഭടന്‍മാരെല്ലാം അങ്ങയോടൊത്തുണ്ടായിരിക്കട്ടെ. മലയുടെ അടിവാരത്തില്‍ നിന്നു പ്രവഹിക്കുന്ന അരുവി കൈവശപ്പെടുത്താന്‍ ഈ ദാസന്‍മാരെ അനുവദിക്കുക.
13. ഇവിടെനിന്നാണല്ലോ ബത്തൂലിയായിലെ ജനങ്ങള്‍ക്കെല്ലാം ജലം ലഭിക്കുന്നത്‌. അങ്ങനെ ദാഹംകൊണ്ട്‌ അവര്‍ നശിക്കും. അവര്‍ നഗരം വിട്ടൊഴിയും. ഞങ്ങളും ഞങ്ങളുടെ ആളുകളും സമീപത്തുള്ള മലകളുടെ മുകളിലേക്കു പോകാം. ആരും നഗരത്തില്‍നിന്നു രക്‌ഷപെടാതിരിക്കാന്‍ അവിടെ പാളയമടിച്ചു കാവല്‍നില്‍ക്കാം.
14. അവരും ഭാര്യമാരും കുഞ്ഞുങ്ങളും ക്‌ഷാമത്താല്‍ നശിക്കും. വാള്‍ ഏല്‍ക്കാതെതന്നെതങ്ങള്‍ വസിക്കുന്ന തെരുവുകളില്‍ അവരുടെ മൃതദേഹം ചിതറിക്കിടക്കും.
15. അങ്ങനെ അങ്ങേക്ക്‌ അവരോട്‌ കഠിനമായി പ്രതികാരം ചെയ്യാം. കാരണം, അവര്‍ അങ്ങയെ എതിര്‍ത്തു; സമാധാനത്തോടെ അങ്ങയെ സ്വീകരിച്ചില്ല.
16. ഹോളോഫര്‍ണസിനും സേവകന്‍മാര്‍ക്കും ഈ വാക്കുകള്‍ സന്തോഷപ്രദമായി. അങ്ങനെ ചെയ്യാന്‍ അവന്‍ കല്‍പന നല്‍കി.
17. അമ്മോന്യരുടെ സൈന്യം അസ്‌സീറിയരുടെ അയ്യായിരം ഭടന്‍മാരോടുകൂടെ മുന്‍പോട്ടു നീങ്ങി, താഴ്‌വരയില്‍ പാളയമടിക്കുകയും ഇസ്രായേല്യരുടെ അരുവികളും ചാലുകളും കൈവശപ്പെടുത്തുകയും ചെയ്‌തു.
18. ഏസാവിന്‍െറയും അമ്മോന്‍െറയും സന്തതികള്‍ മുകളിലെത്തി ദോഥാനെതിരേയുള്ള മലനാട്ടില്‍ പാളയമടിച്ചു. അവരുടെ ആളുകളില്‍ ചിലരെ തെക്കോട്ടും, കിഴക്കോട്ടും, മൊക്‌മൂര്‍ അരുവിയുടെ കരയില്‍ കൂസിക്കു സമീപം അക്രാബായിലേക്കും അയച്ചു. ബാക്കി അസ്‌സീറിയന്‍സൈന്യം സമതലത്തില്‍ പാളയമടിക്കുകയും ആ പ്രദേശമാകെ നിറയുകയും ചെയ്‌തു. അവരുടെ കൂടാരങ്ങളും ഭക്‌ഷ്യവിഭവങ്ങളുടെ വാഹനങ്ങളും അസംഖ്യമായിരുന്നു. അവര്‍ ഒരു വലിയ സമൂഹം ആയിരുന്നു.
19. ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട്‌ രക്‌ഷാമാര്‍ഗമൊന്നും കാണാതെ ധൈര്യം ക്‌ഷയിച്ച്‌, ഇസ്രായേല്‍ജനം ദൈവമായ കര്‍ത്താവിനോടു നിലവിളിച്ചു.
20. കാലാളും തേരുകളും കുതിരപ്പടയും ഉള്‍പ്പെട്ട അസ്‌സീറിയന്‍ സൈന്യം, ബത്തൂലിയാക്കാര്‍ വെള്ളം നിറച്ചുവ ച്ചപാത്രങ്ങളെല്ലാം ശൂന്യമാകുന്നതുവരെ മുപ്പത്തിനാലു ദിവസം അവരെ ഉപരോധിച്ചു. അവരുടെ ജലസംഭരണികള്‍ വറ്റിവരണ്ടു.
21. ഒരു ദിവസമെങ്കിലും തൃപ്‌തിയാവോളം കുടിക്കാന്‍ അവര്‍ക്കു വെ ള്ളമില്ലാതായി. അവര്‍ക്കു കുടിക്കാന്‍ കൊടുത്തിരുന്നത്‌ അളന്നാണ്‌.
22. അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ആശയറ്റു. സ്‌ത്രീകളുംയുവാക്കളും നഗരവീഥികളിലും പടിവാതില്‍ക്കലും ദാഹംമൂലം മൂര്‍ച്‌ഛിച്ചുവീണു. അല്‍പംപോലും ശക്‌തി അവരില്‍ അവശേഷിച്ചില്ല.
23. അപ്പോള്‍യുവാക്കന്‍മാരും സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ, ജനമെല്ലാം ഉസിയായുടെയും നഗരാധിപന്‍മാരുടെയും ശ്രഷ്‌ഠന്‍മാരുടെയും മുന്‍പില്‍വച്ച്‌ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
24. ദൈവമായിരിക്കട്ടെ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മധ്യേ വിധികര്‍ത്താവ്‌. അസ്‌സീറിയാക്കാരോടു സഖ്യം ചെയ്യാതിരുന്ന നിങ്ങള്‍ ഞങ്ങളോടു വലിയ ദ്രാഹമാണു ചെയ്‌തത്‌.
25. ഇപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല. ദാഹത്താലും കൊടിയ നാശത്താലും അവരുടെ മുന്‍പില്‍ നിലത്തു ചിതറാന്‍ ദൈവം ഞങ്ങളെ അവര്‍ക്കു വിറ്റിരിക്കുകയാണ്‌.
26. ഉടനെ ഹോളോഫര്‍ണസിനെയും സൈന്യം മുഴുവനെയും വിളിച്ചുവരുത്തി നഗരം അടിയറവയ്‌ക്കുക; അവര്‍ കൊള്ളയടിക്കട്ടെ.
27. അവരുടെ തടവുകാരായിരിക്കുന്നതാണു ഭേദം. അടിമകളായാലും ഞങ്ങളുടെ ജീവന്‍ രക്‌ഷിക്കപ്പെടുമല്ലോ. ഞങ്ങളുടെ ശിശുക്കള്‍ മുന്‍പില്‍ വീണു മരിക്കുന്നതിനു ഞങ്ങള്‍ സാക്‌ഷികളാകുകയോ ഭാര്യമാരും കുട്ടികളും അന്ത്യശ്വാസം വലിക്കുന്നത്‌ കാണുകയോ വേണ്ടല്ലോ.
28. ഞങ്ങളുടെയും ഞങ്ങളുടെ പിതാക്കന്‍മാരുടെയും പാപങ്ങള്‍ക്കു ഞങ്ങളെ ശിക്‌ഷിക്കുന്ന, ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെയും സ്വര്‍ഗത്തെയും ഭൂമിയെയും നിങ്ങള്‍ക്ക്‌ എതിരേ സാക്‌ഷിപറയാന്‍ ഞങ്ങള്‍ വിളിക്കുന്നു. ഞങ്ങള്‍ വിവരിച്ചതൊന്നും അവിടുന്ന്‌ ഇന്നു ചെയ്യാതിരിക്കട്ടെ.
29. സദസ്‌സിലാകെ വലിയ വിലാപമുയര്‍ന്നു. അവര്‍ ദൈവമായ കര്‍ത്താവിനോട്‌ ഉച്ചത്തില്‍ നിലവിളിച്ചു. ഉസിയാ അവരോടു പറഞ്ഞു:
30. എന്‍െറ സഹോദരന്‍മാരേ, ധൈര്യമായിരിക്കുവിന്‍. അഞ്ചുദിവസം കൂടി പിടിച്ചു നില്‍ക്കാം. അതിനുമുന്‍പ്‌ നമ്മുടെ ദൈവമായ കര്‍ത്താവ്‌ അവിടുത്തെ കൃപ വീണ്ടും നമ്മുടെമേല്‍ ചൊരിയും. അവിടുന്ന്‌ നമ്മെനിശ്‌ശേഷം കൈവിടുകയില്ല.
31. എന്നാല്‍, ഈ ദിനങ്ങള്‍ ഒരു സഹായവും ലഭിക്കാതെ കടന്നുപോയാല്‍, ഞാന്‍ നിങ്ങള്‍ പറയുന്നതുപോലെ ചെയ്യാം.
32. അനന്തരം, അവന്‍ ജനത്തെ അവരവരുടെ സ്‌ഥാനത്തേക്ക്‌ അയയ്‌ക്കുകയും അവര്‍ നഗരത്തിന്‍െറ മതിലുകളിലും ഗോപുരങ്ങളിലും കയറി സ്‌ഥാനമുറപ്പിക്കുകയും ചെയ്‌തു; അവന്‍ സ്‌ത്രീകളെയും കുട്ടികളെയും വീട്ടിലേക്ക യച്ചു. നഗരമാകെ നൈരാശ്യത്തിലാണ്ടു.

Holydivine