Judith - Chapter 16
Holy Bible

1. യൂദിത്ത്‌ പാടി: എന്‍െറ ദൈവത്തിനു തംബുരു മീട്ടി ഒരു ഗാനമാരംഭിക്കുവിന്‍, എന്‍െറ നാഥനു കൈത്താളം കൊട്ടി ഒരു നവകീര്‍ത്തനം ആലപിക്കുവിന്‍; അവിടുത്തെ പുകഴ്‌ത്തുവിന്‍, അവിടുത്തെനാമം വിളിച്ചപേക്‌ഷിക്കുവിന്‍.
2. ദൈവമാണ്‌യുദ്‌ധങ്ങളെ തകര്‍ക്കുന്ന കര്‍ത്താവ്‌, എന്നെ പിന്തുടര്‍ന്നവരുടെ കൈകളില്‍നിന്ന്‌ അവിടുന്ന്‌ എന്നെ രക്‌ഷിച്ചു; ജനത്തിന്‍െറ മധ്യത്തില്‍, അവിടുത്തെ പാളയത്തിലേക്ക്‌, എന്നെ നയിച്ചു.
3. വടക്കുള്ള പര്‍വതങ്ങളില്‍നിന്ന്‌ അസ്‌സീറിയാക്കാരന്‍ ഇറങ്ങിവന്നു; എണ്ണമറ്റ യോദ്‌ധാക്കളുമായി അവന്‍ വന്നു. അവരുടെ സമൂഹം താഴ്‌വരകളില്‍ നിറഞ്ഞു; അവരുടെ കുതിരപ്പട കുന്നുകളെ മൂടി.
4. എന്‍െറ നാട്‌ അഗ്‌നിക്കിരയാക്കുമെന്നും, യുവാക്കളെ വാളിനിരയാക്കുമെന്നും, പൈതങ്ങളെ നിലത്തടിക്കുമെന്നും, കുട്ടികളെ ഇരയായിപ്പിടിക്കുമെന്നും, കന്യകളെ കൊള്ളമുതലായി കൈക്കലാക്കുമെന്നും അവന്‍ അഹങ്കരിച്ചു.
5. എന്നാല്‍ സര്‍വശക്‌തനായ കര്‍ത്താവ്‌, ഒരു സ്‌ത്രീയുടെ കൈയാല്‍ അവന്‍െറ പദ്‌ധതികള്‍ തകിടം മറിച്ചു.
6. യുവാക്കളുടെ കരങ്ങളല്ല അവരുടെ ശക്‌തനെ വീഴ്‌ത്തിയത്‌; മല്ലന്‍മാരുടെ മക്കള്‍ അവനെ തകര്‍ത്തില്ല. അതികായന്‍മാര്‍ അവന്‍െറ മേല്‍ ചാടിവീണില്ല; എന്നാല്‍, മെറാറിയുടെ പുത്രിയൂദിത്ത്‌ വദനലാവണ്യത്താല്‍ അവനെ കീഴടക്കി.
7. മര്‍ദിതരായ ഇസ്രായേല്‍ജനത്തെ ഉദ്‌ധരിക്കാന്‍ അവള്‍ തന്‍െറ വൈധവ്യദുഃഖം മറച്ചുവച്ചു; മുഖത്ത്‌ സുഗന്‌ധദ്രവ്യങ്ങള്‍ ലേപനം ചെയ്‌തു.
8. ശിരോഭൂഷണംകൊണ്ടു കേശം ബന്‌ധിച്ചു; അവനെ വശീകരിക്കാന്‍ നേര്‍ത്ത മേലങ്കി ധരിച്ചു.
9. അവളുടെ പാദുകം അവന്‍െറ കണ്ണു കവര്‍ന്നു, അവളുടെ സൗന്‌ദര്യം ഹൃദയത്തെ കീഴ്‌പെടുത്തി; വാള്‍ ഗളത്തെ വിച്‌ഛേദിച്ചു.
10. പേര്‍ഷ്യാക്കാര്‍ അവളുടെ ധീരത കണ്ടു വിറച്ചു; മേദിയാക്കാര്‍ അവളുടെ ധൈര്യം കണ്ടു ഭയചകിതരായി.
11. പീഡിതരായ എന്‍െറ ജനം ആനന്‌ദത്താല്‍ ആര്‍പ്പുവിളിച്ചു; ബലഹീനര്‍ അട്ടഹസിച്ചു, ശത്രുക്കള്‍ വിറച്ചു.
12. ശബ്‌ദഘോഷം മുഴക്കി അവര്‍ വൈരിയെ തിരിച്ചോടിച്ചു; ദാസീപുത്രന്‍മാര്‍ അവരെ പിളര്‍ന്നു; അഭയാര്‍ത്‌ഥികളുടെ മക്കളെന്നോണം അവര്‍മുറിവേല്‍പിക്കപ്പെട്ടു. എന്‍െറ കര്‍ത്താവിന്‍െറ സൈന്യത്തിന്‍െറ മുന്‍പില്‍ അവര്‍ നശിച്ചു.
13. ഞാന്‍ എന്‍െറ ദൈവത്തിന്‌ ഒരു പുതിയ കീര്‍ത്തനം ആലപിക്കും; കര്‍ത്താവേ, അങ്ങ്‌ ഉന്നതനും മഹിമയാര്‍ന്നവനുമല്ലോ; അദ്‌ഭുതപരാക്രമിയും അജയ്യനുമല്ലോ.
14. അങ്ങയുടെ സൃഷ്‌ടികളെല്ലാം അങ്ങയെ സേവിക്കട്ടെ; അങ്ങു കല്‍പിച്ചു, അവ ഉളവായി. അവിടുന്ന്‌ ആത്‌മാവിനെ അയച്ചു, അത്‌ അവയ്‌ക്കു രൂപമേകി. അവിടുത്തെ സ്വരം അപ്രതിരോധ്യമാണ്‌.
15. പര്‍വതങ്ങളുടെ അടിത്തറതിരമാലകള്‍ കൊണ്ട്‌ ഇളകും, അങ്ങയുടെ മുന്‍പില്‍ പാറകള്‍ മെഴുകുപോലെ ഉരുകും; എന്നാല്‍, അങ്ങയുടെ ഭക്‌തരോട്‌ അങ്ങ്‌ കരുണ കാണിച്ചു കൊണ്ടിരിക്കും.
16. സുരഭിലകാഴ്‌ചയായി അവിടുത്തേക്ക്‌ അര്‍പ്പിക്കുന്ന ബലി നിസ്‌സാരം, ദഹനബലികള്‍ക്കുള്ള കൊഴുപ്പ്‌ എത്ര തുച്‌ഛം! എന്നാല്‍, കര്‍ത്താവിന്‍െറ ഭക്‌തന്‍ എന്നേക്കും വലിയവനായിരിക്കും.
17. എന്‍െറ ജനത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കു ഹാ കഷ്‌ടം! വിധിദിനത്തില്‍ സര്‍വശക്‌തനായ കര്‍ത്താവ്‌ അവരോടു പ്രതികാരം ചെയ്യും; അവരുടെ ശരീരങ്ങളിലേക്ക്‌ തീയും പുഴുക്കളും അയയ്‌ക്കും, വേദനയാല്‍ അവര്‍ നിത്യം വിലപിക്കും.
18. ജറുസലെമിലെത്തിയപ്പോള്‍ അവര്‍ ദൈവത്തെ ആരാധിച്ചു. ശുദ്‌ധീകരണം കഴിഞ്ഞഉടനെ ജനം ദഹനബലികളും സ്വാഭീഷ്‌ടക്കാഴ്‌ചകളും മറ്റുകാഴ്‌ചകളും അര്‍പ്പിച്ചു.
19. യൂദിത്ത്‌ ജനം തനിക്കു നല്‍കിയ ഹോളോഫര്‍ണസിന്‍െറ പാത്രങ്ങള്‍ ദൈവത്തിനു സമര്‍പ്പിച്ചു. അവന്‍െറ കിടക്കറയില്‍നിന്നു തനിക്കായി എടുത്തിരുന്ന മേല്‍ക്കട്ടി അവള്‍ കര്‍ത്താവിനു നേര്‍ച്ചയായി അര്‍പ്പിച്ചു.
20. ജനം ജറുസലെമില്‍ വിശുദ്‌ധമന്‌ദിരത്തിന്‍െറ മുന്‍പില്‍ മൂന്നു മാസക്കാലം ഉത്‌സവാഘോഷങ്ങള്‍ നടത്തി.യൂദിത്ത്‌ അവരോടൊപ്പം വസിച്ചു.
21. അതിനുശേഷം, അവര്‍ തങ്ങളുടെ പിതൃഭവനങ്ങളിലേക്കു മടങ്ങി.യൂദിത്ത്‌ ബത്തൂലിയായിലേക്കു പോയി. ജീവിതകാലം മുഴുവന്‍ സകല ജനത്തിനും ആദരണീയയായി അവള്‍ അവിടെ തന്‍െറ ഭൂമിയില്‍ വസിച്ചു.
22. അവളെ വിവാഹം ചെയ്യാന്‍ പലരും ആഗ്ര ഹിച്ചു. എന്നാല്‍, തന്‍െറ ഭര്‍ത്താവ്‌ മനാസ്‌സെ മരിച്ചു പിതാക്കന്‍മാരോടു ചേര്‍ന്നതുമുതല്‍ ജീവിതകാലം മുഴുവന്‍ അവള്‍ വിധവയായി കഴിഞ്ഞു.
23. അവളുടെയശസ്‌സു നിരന്തരം വര്‍ദ്‌ധിച്ചുവന്നു. വൃദ്‌ധയായി നൂറ്റഞ്ചു വയസ്‌സുവരെ അവള്‍ ഭര്‍ത്തൃഗൃഹത്തില്‍ വസിച്ചു. അവള്‍ തന്‍െറ ദാസിയെ സ്വതന്ത്രയാക്കി.യൂദിത്ത്‌ ബത്തൂലിയായില്‍വച്ചു മൃതിയടഞ്ഞു. ഭര്‍ത്താവായ മനാസ്‌സെയെ അടക്കിയ കല്ലറയില്‍ അവര്‍ അവളെ സംസ്‌ കരിച്ചു.
24. ഇസ്രായേല്‍ജനം അവളെഓര്‍ത്ത്‌ ഏഴു ദിവസം ദുഃഖമാചരിച്ചു. അവള്‍ മരിക്കുന്നതിനുമുന്‍പ്‌ സ്വത്തുക്കള്‍ ഭര്‍ത്താവായ മനാസ്‌സെയുടെ ഉറ്റ ബന്‌ധുക്കള്‍ക്കും, തന്‍െറ ഏറ്റവും അടുത്ത ചാര്‍ച്ചക്കാര്‍ക്കും വീതിച്ചുകൊടുത്തു.
25. യൂദിത്തിന്‍െറ കാലത്തോ അവളുടെ മരണത്തിനുശേഷം ദീര്‍ഘ കാലത്തേക്കോ ആരും ഒരിക്കലും ഇസ്രായേല്‍ജനതയെ ഭീഷണിപ്പെടുത്തിയിട്ടില്ല.

Holydivine