Judith - Chapter 14
Holy Bible

1. യൂദിത്ത്‌ അവരോടു പറഞ്ഞു: സഹോദരന്‍മാരേ, ശ്രദ്‌ധിക്കുവിന്‍. ഈ തല കൊണ്ടുപോയി കോട്ടമതിലില്‍ തൂക്കിയിടണം.
2. പ്രഭാതമായി സൂര്യന്‍ ഉദിച്ചുതുടങ്ങുമ്പോള്‍ വീരന്‍മാരെല്ലാവരും ആയുധങ്ങളുമെടുത്ത്‌ ഒരു നേതാവിന്‍െറ കീഴില്‍, പട്ടണം കടന്ന്‌ അസ്‌സീറിയരുടെ പുറംതാവളത്തിനെതിരേ എന്ന ഭാവേന സമതലത്തിലേക്കു പുറപ്പെടണം. എന്നാല്‍, താഴേക്ക്‌ ഇറങ്ങരുത്‌.
3. അവര്‍ ആയുധങ്ങളുമെടുത്തു പാളയത്തിലേക്കു ചെന്ന്‌ അസ്‌സീറിയന്‍ സേനാധിപതികളെ ഉണര്‍ത്തും; അവര്‍ ഉടനെ ഹോളോഫര്‍ണ സിന്‍െറ കൂടാരത്തിലേക്ക്‌ ഓടും. പക്‌ഷേ അവനെ കാണുകയില്ല. അപ്പോള്‍ ഭയവിഹ്വലരായി അവര്‍ പലായനം ചെയ്യും.
4. തത്‌സമയം നിങ്ങളും ഇസ്രായേലിന്‍െറ അതിര്‍ത്തികള്‍ക്കുള്ളില്‍ വസിക്കുന്നവരും പിന്തുടര്‍ന്നു ചെന്ന്‌ അവരെ വെട്ടിവീഴ്‌ത്തണം.
5. ഇതിനെല്ലാം മുന്‍പേ, അമ്മോന്യനായ ആഖിയോറിനെ ഇങ്ങോട്ടു നയിക്കുക. ഇസ്രായേല്‍ഭവനത്തെനിന്‌ദിച്ചവനും മരണത്തിലേക്കെന്നപോലെതന്നെ നമ്മുടെ അടുക്കലേക്കയച്ചവനും ആയ മനുഷ്യനെ അവന്‍ കണ്ടു തിരിച്ചറിയട്ടെ.
6. അവര്‍ ആഖിയോറിനെ ഉസിയായുടെ ഗൃഹത്തില്‍നിന്നു വിളിപ്പിച്ചു. അവന്‍ വന്നപ്പോള്‍, ജനക്കൂട്ടത്തിലൊരാളുടെ കൈയില്‍ ഹോളോഫര്‍ണസിന്‍െറ തല കണ്ട്‌ മൂര്‍ച്‌ഛിച്ചു കമിഴ്‌ന്നുവീണു.
7. അവര്‍ എഴുന്നേല്‍പി ച്ചഉടനെ അവന്‍ യൂദിത്തിന്‍െറ പാദത്തില്‍ വീണു മുട്ടിന്‍മേല്‍ നിന്നുകൊണ്ടു പറഞ്ഞു: യൂദായുടെ കൂടാരങ്ങളിലെങ്ങും നീ വാഴ്‌ത്തപ്പെടും. ഏതു രാജ്യത്തായാലും ആളുകള്‍ നിന്‍െറ പേരു കേട്ടാല്‍ ഭയചകിതരാകും.
8. ഈ ദിവസങ്ങളില്‍ നീ എന്തെല്ലാമാണു ചെയ്‌തതെന്നു പറഞ്ഞാലും. അപ്പോള്‍യൂദിത്ത്‌, താന്‍ അവരെ പിരിഞ്ഞുപോയ ദിവസംമുതല്‍ അവരോടു സംസാരിക്കുന്ന ആ നിമിഷം വരെയുള്ള തന്‍െറ പ്രവര്‍ത്തനങ്ങള്‍ ജനത്തിന്‍െറ മുന്‍പില്‍വച്ച്‌ അവനെ വിവരിച്ചു കേള്‍പ്പിച്ചു.
9. അവള്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ ജനം ആര്‍പ്പുവിളിക്കുകയും നഗര മാകെ ആഹ്ലാദധ്വനികള്‍ മുഴക്കുകയുംചെയ്‌തു.
10. ഇസ്രായേലിന്‍െറ ദൈവം ചെയ്‌ത പ്രവൃത്തികള്‍ കണ്ട ആഖിയോര്‍ ദൈവത്തില്‍ ഗാഢമായി വിശ്വസിക്കുകയും പരിച്‌ഛേദനം സ്വീകരിച്ച്‌ ഇസ്രായേല്‍ഭവനത്തോടു ചേരുകയും ചെയ്‌തു. ഇന്നും അങ്ങനെ തുടരുന്നു.
11. പ്രഭാതമായപ്പാള്‍ അവര്‍ ഹോളോഫര്‍ണസിന്‍െറ ശിരസ്‌സ്‌ മതിലില്‍ തൂക്കി. അവര്‍ ആയുധവുമേന്തി, ഗണങ്ങളായി മലമ്പാത കളിലേക്കു പുറപ്പെട്ടു.
12. അസ്‌സീറിയാക്കാര്‍ ഇതു കണ്ട്‌ തങ്ങളുടെ സേനാപതികളെ വിവരമറിയിക്കുകയും സൈന്യാധിപന്‍മാര്‍, മറ്റുപടത്തലവന്‍മാര്‍, ഗണനായകന്‍മാര്‍ എന്നിവരുടെ അടുത്തേക്കു പോവുകയും ചെയ്‌തു.
13. അവര്‍ ഹോളോഫര്‍ണസിന്‍െറ കൂടാരത്തില്‍ എത്തി. അവന്‍െറ സ്വകാര്യ പരിചാരകനോടു പറഞ്ഞു: ഞങ്ങളുടെയജമാനനെ ഉണര്‍ത്തുക. ഇതാ, ആ അടിമ കള്‍ തങ്ങളുടെ സമ്പൂര്‍ണനാശത്തിനു നമുക്കെതിരേയുദ്‌ധത്തിനു പുറപ്പെടാനുള്ള ധൈര്യം കാണിച്ചിരിക്കുന്നു.
14. ബഗോവാസ്‌ അകത്തു പ്രവേശിച്ച്‌ കൂടാരവാതിലില്‍ മുട്ടി; അവന്‍ യൂദിത്തിന്‍െറ കൂടെ ഉറങ്ങുകയാണന്നത്ര അവന്‍ ധരിച്ചത്‌.
15. മറുപടി ലഭിക്കായ്‌കയാല്‍ അവന്‍ വാതില്‍ തുറന്ന്‌ ഉറക്കറയില്‍ പ്രവേശിച്ചപ്പോള്‍, ഹോളോഫര്‍ണസ്‌ ശിരസ്‌സറ്റ്‌ തറയില്‍ കിടക്കുന്നതാണു കണ്ടത്‌. ശിരസ്‌സ്‌ അപ്രത്യക്‌ഷമായിരുന്നു.
16. അവന്‍ ഉറക്കെ നിലവിളിക്കുകയും, ഏങ്ങിക്കരയുകയും വസ്‌ത്രം കീറുകയും ചെയ്‌തു.
17. അവന്‍ യൂദിത്ത്‌ പാര്‍ത്തിരുന്ന കൂടാരത്തിലെത്തി, അവളെ കാണാഞ്ഞതിനാല്‍ പുറത്ത്‌ ആളുകളുടെ അടുത്തേക്ക്‌ ഓടിച്ചെന്നു വിളിച്ചു പറഞ്ഞു:
18. ആ അടിമകള്‍ നമ്മെചതിച്ചു. ഒരു ഹെബ്രായക്കാരി നബുക്കദ്‌നേസര്‍ രാജാവിന്‍െറ ഭവനത്തിന്‌ അപമാനം വരുത്തിയിരിക്കുന്നു; ഇതാ, ഹോളോഫര്‍ണസ്‌ നിലത്തു കിടക്കുന്നു. അവന്‍െറ ശിരസ്‌സ്‌ ജഡത്തില്‍ കാണുന്നില്ല.
19. അസ്‌സീറിയന്‍ സൈന്യാധിപന്‍മാര്‍ ഇതു കേട്ടപ്പോള്‍ പരിഭ്രാന്തരായി, വസ്‌ത്രം കീറി. പാളയത്തില്‍ അവരുടെ നിലവിളികളും അട്ടഹാസങ്ങളും ഉയര്‍ന്നു.

Holydivine