Judith - Chapter 11
Holy Bible

1. ഹോളോഫര്‍ണസ്‌ അവളോടു പറഞ്ഞു: സ്‌ത്രീയേ ധൈര്യമായിരിക്കുക; ഭയപ്പെടേണ്ടാ, ലോകാധിപതിയായ നബുക്കദ്‌ നേസറിനെ സേവിക്കാന്‍ തയ്യാറായ ഒരു വ്യക്‌തിയെയും ഞാന്‍ ഉപദ്രവിച്ചിട്ടില്ല.
2. മലനാട്ടില്‍ വസിക്കുന്ന നിന്‍െറ ജനം എന്നെ അവഹേളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും അവരുടെ നേരേ കുന്തമുയര്‍ത്തുകയില്ലായിരുന്നു. അവര്‍തന്നെ വിളിച്ചുവരുത്തിയ അനര്‍ഥങ്ങളാണിത്‌.
3. നീ അവരെവിട്ട്‌ ഞങ്ങളുടെ അടുത്തേക്ക്‌ ഓടിപ്പോന്നത്‌ എന്തിനെന്നു പറയുക. നീ സുരക്‌ഷിതയാണ്‌. ധൈര്യമായിരിക്കുക. ഇന്നു രാത്രി മുതല്‍ നിന്‍െറ ജീവന്‍ സുരക്‌ഷിതമാണ്‌.
4. ആരും നിന്നെ ദ്രാഹിക്കുകയില്ല. എന്‍െറ യജമാനനായ നബുക്കദ്‌നേസറിന്‍െറ സേവ കരോടെന്നപോലെ എല്ലാവരും നിന്നോടു സ്‌നേഹപൂര്‍വം പെരുമാറും.
5. യൂദിത്ത്‌ പറഞ്ഞു: അങ്ങയുടെ ദാസിയായ എന്‍െറ വാക്കുകള്‍ ശ്രവിച്ചാലും. അങ്ങയുടെ സന്നിധിയില്‍ സംസാരിക്കുന്നതിന്‌ എന്നെ അനുവദിക്കുക. ഈ രാത്രിയില്‍ എന്‍െറ യജമാനനോടു ഞാന്‍ ഒരു അസത്യവും പറയുകയില്ല.
6. മാത്രമല്ല, ഈ ദാസി പറയുന്നതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍, ദൈവം അങ്ങു മുഖാന്തരം പലതും നിര്‍വഹിക്കും, അങ്ങയുടെ ഉദ്യമങ്ങള്‍ വിഫലമാവുകയില്ല.
7. സര്‍വലോകത്തിന്‍െറയും രാജാവായ നബുക്കദ്‌നേസര്‍ വാഴുന്നു. അവന്‍െറ അധികാരവും നിലനില്‍ക്കുന്നു. അവനാണല്ലോ സര്‍വസൃഷ്‌ടികളെയും നയിക്കുന്നതിനു നിന്നെ നിയോഗിച്ചിട്ടുള്ളത്‌. നീ മൂലം മനുഷ്യര്‍ അവനെ സേവിക്കുന്നു. മാത്രമല്ല, വയലിലെ മൃഗങ്ങളും കന്നുകാലികളും ആകാശത്തിലെ പറവകളും ജീവിക്കുന്നത്‌, നബുക്കദ്‌നേസറിനോടും അവന്‍െറ ഭവനത്തോടും വിധേയത്വം പുലര്‍ത്തുന്ന നിന്‍െറ ശക്‌തിയാലത്ര.
8. നിന്‍െറ ജ്‌ഞാനത്തെയും സാമര്‍ഥ്യത്തെയും കുറിച്ചു ഞങ്ങള്‍ കേട്ടിരിക്കുന്നു. എല്ലാ വിവരവും അറിയുന്നവനും വലിയയുദ്‌ധതന്ത്രജ്‌ഞനും ആയി ഈ രാജ്യത്ത്‌ ഒരു നല്ല മനുഷ്യനുള്ളത്‌ നീ മാത്രമാണെന്ന വിവരം ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു.
9. നിന്‍െറ സദസ്‌സില്‍ ആഖിയോര്‍ പറഞ്ഞകാര്യങ്ങള്‍ ഞങ്ങള്‍ അറിഞ്ഞു. ബത്തൂലിയാക്കാര്‍ അവനെ ഉപദ്രവിക്കാഞ്ഞതിനാല്‍ നിന്നോടു പറഞ്ഞതെല്ലാം അവന്‍ അവരോടും പറഞ്ഞു.
10. അതിനാല്‍, എന്‍െറ യജ മാനനും നാഥനുമായ നീ അവന്‍ പറഞ്ഞത്‌ അവഗണിക്കുകയോ വിസ്‌മരിക്കുകയോ അരുത്‌, അതു സത്യമാണ്‌. തങ്ങളുടെ ദൈവത്തിനെതിരായി പാപം ചെയ്‌താലല്ലാതെ ഞങ്ങളുടെ ജനത്തെ ശിക്‌ഷിക്കാനോ വാളിനിരയാക്കാനോ ആര്‍ക്കും സാധിക്കുകയില്ല.
11. എന്‍െറ യജമാനന്‍ പരാജയപ്പെടുകയോ, അവന്‍െറ ലക്‌ഷ്യങ്ങള്‍ വിഫലമാവുകയോ ഇല്ല. കാരണം, മരണം അവരുടെമേല്‍ വീഴും. തെറ്റു ചെയ്യുമ്പോള്‍ സംഭവിക്കുന്നതുപോലെ, ദൈവം കോപിക്കത്തക്കവിധം അവര്‍ പാപം ചെയ്‌തിരിക്കുന്നു.
12. അവര്‍ ശേഖരി ച്ചഭക്‌ഷണ സാധനങ്ങള്‍ തീര്‍ന്നു; വെള്ളവും തീരാറായി. നാല്‍ക്കാലികളെ കൊല്ലാന്‍ അവര്‍ ആലോചിക്കുന്നു. ദൈവം തന്‍െറ നിയമത്താല്‍ വിലക്കിയ ഭക്‌ഷണം കഴിക്കാനും അവര്‍ ഉറച്ചിരിക്കുന്നു.
13. ജറുസലെമില്‍ തങ്ങളുടെ ദൈവത്തിന്‍െറ സന്നിധിയില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്‍മാര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ധാന്യത്തിന്‍െറ ആദ്യഫലവും വീഞ്ഞിന്‍െറയും എണ്ണയുടെയും ദശാംശവും ഭക്‌ഷിക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. ജനത്തില്‍ ആരെങ്കിലും അതു കൈകൊണ്ടു തൊടുന്നതുപോലും നിയമവിരുദ്‌ധമാണ്‌.
14. ജറുസലെംനിവാസികള്‍ പോലും ഇങ്ങനെ ചെയ്യുന്നതിനാല്‍ ആലോചനാസംഘത്തില്‍നിന്നുള്ള അനുവാദത്തിന്‌ അവര്‍ അങ്ങോട്ട്‌ ആളയച്ചിരിക്കുന്നു.
15. അനുവാദം ലഭിച്ച്‌ അങ്ങനെ പ്രവര്‍ത്തിക്കുന്ന ദിവസംതന്നെ അവിടുന്ന്‌ അവരെ നശിപ്പിക്കാന്‍ നിന്‍െറ കൈയിലേല്‍പിക്കും.
16. അതിനാല്‍, നിന്‍െറ ഈ ദാസി, വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അവരുടെ ഇടയില്‍നിന്ന്‌ ഓടിപ്പോന്നതാണ്‌. ലോകത്തെ മുഴുവന്‍, കേള്‍ക്കുന്നവരെയെല്ലാം, ആശ്‌ചര്യപ്പെടുത്തുന്ന കാര്യങ്ങള്‍ നിന്നോടൊത്തു നിര്‍വഹിക്കാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു.
17. ഈ ദാസി സ്വര്‍ഗത്തിലെ ദൈവത്തെ രാപകല്‍ സേവിക്കുന്ന ഭക്‌തയാണ്‌. നാഥാ, ഞാന്‍ നിന്നോടൊത്തു വസിക്കും. ഓരോ രാത്രിയും നിന്‍െറ ദാസി താഴ്‌വരയിലേക്കു പോയി ദൈവത്തോടു പ്രാര്‍ഥിക്കും. അവര്‍ പാപം ചെയ്യുമ്പോള്‍ ദൈവം അത്‌ എന്നോടുപറയും.
18. ഞാന്‍ വന്ന്‌ നിന്നെ അറിയിക്കും. അപ്പോള്‍ നിനക്കു സൈന്യസമേതം പുറപ്പെടാം. ആര്‍ക്കും ചെറുക്കാന്‍ കഴിയുകയില്ല.
19. ഞാന്‍ നിന്നെയൂദയായുടെ നടുവിലൂടെ ജറുസലെമിലേക്കു നയിക്കും. അതിന്‍െറ മധ്യത്തില്‍ നിന്‍െറ സിംഹാസനം ഞാന്‍ സ്‌ഥാപിക്കും, നീ അവരെ ഇടയനില്ലാത്ത ആടുകളെപ്പോലെ നയിക്കും. നിനക്കെതിരേ കുരയ്‌ക്കാന്‍ പട്ടിപോലും വാതുറക്കുകയില്ല. ദീര്‍ഘദര്‍ശനശക്‌തിയാല്‍ എനിക്ക്‌ ഇതെല്ലാം അറിയാന്‍ കഴിഞ്ഞു; ഇത്‌ എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു. നിന്നോടു പറയാന്‍ ഇതാ, ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു.
20. ഹോളോഫര്‍ണസും സേവകന്‍മാരും അവളുടെ വാക്കുകളില്‍ പ്രീതിപൂണ്ടു. അവളുടെ ജ്‌ഞാനത്തില്‍ ആശ്‌ചര്യം കൊള്ളുകയും ചെയ്‌തു.
21. അവര്‍ പറഞ്ഞു: ലോകത്തിന്‍െറ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ അന്വേഷിച്ചാലും സൗന്‌ദര്യത്തിലും ജ്‌ഞാനത്തോടെ സംസാരിക്കാനുള്ള ചാതുര്യത്തിലും ഇതുപോലെ ശ്രഷ്‌ഠയായ ഒരുവളെ കണ്ടെണ്ടത്തുകയില്ല.
22. ഹോളോഫര്‍ണസ്‌ അവളോടു പറഞ്ഞു: ഞങ്ങളുടെ കരങ്ങള്‍ക്കു ശക്‌തി നല്‍കാനും എന്‍െറ യജമാനനെ അവഹേളിക്കുന്നവര്‍ക്കു നാശം വരുത്താനും നിന്നെ നിന്‍െറ ജനത്തില്‍നിന്നു ഞങ്ങളുടെ അടുത്തേക്ക്‌ അയ ച്ചദൈവത്തിന്‍െറ പ്രവൃത്തി ഉത്തമം തന്നെ.
23. നീ കാഴ്‌ചയില്‍ സുന്‌ദരിയാണെന്നു മാത്രമല്ല, ഭാഷണചാതുര്യം ഉള്ളവളുമാണ്‌. നീ പറഞ്ഞതുപോലെപ്രവര്‍ത്തിക്കുന്നപക്‌ഷം നിന്‍െറ ദൈവം എന്‍െറ ദൈവം ആയിരിക്കും. നീ നബുക്കദ്‌നേ സറിന്‍െറ കൊട്ടാരത്തില്‍ വസിക്കുകയും ലോകപ്രശസ്‌തയാവുകയും ചെയ്യും.

Holydivine