Judith - Chapter 10
Holy Bible

1. യൂദിത്ത്‌, ഇസ്രായേലിന്‍െറ ദൈവത്തോടുള്ള പ്രലാപവും പ്രാര്‍ഥനയും അവ സാനിപ്പിച്ചതിനുശേഷം,
2. സാഷ്‌ടാംഗം വീണു കിടന്ന സ്‌ഥലത്തുനിന്ന്‌ എഴുന്നേറ്റ്‌, ദാസിയെയും കൂട്ടിക്കൊണ്ട്‌, സാബത്തുകളിലും ഉത്‌സവങ്ങളിലും താമസിക്കാറുള്ള ഭവനത്തിലേക്കു പോയി.
3. താന്‍ ധരിച്ചിരുന്ന ചാക്കുവസ്‌ത്രവും വിധവാവസ്‌ത്രവും മാറ്റി, കുളിച്ചതിനുശേഷം അവള്‍ അമൂല്യമായ പരിമളതൈലം പൂശി തലമുടി ചീകി ശിരോഭൂഷണം അണിഞ്ഞു. തന്‍െറ ഭര്‍ത്താവ്‌ മനാസ്‌സെ ജീവിച്ചിരിക്കുമ്പോള്‍ താന്‍ അണിയാറുളള ഏറ്റവും മനോഹരമായ വസ്‌ത്രം അണിഞ്ഞു.
4. ചെരിപ്പു ധരിച്ചും, വളകളും മാലകളും മോതിരവും കമ്മലും മറ്റാഭരണങ്ങളുമണിഞ്ഞും പുരുഷന്‍മാരുടെ കണ്ണുകളെ മയക്കത്തക്കവിധം അതീവ സൗന്‌ദര്യവതിയായി ചമഞ്ഞു.
5. അവള്‍ ഒരു കുപ്പി വീഞ്ഞും ഒരു പാത്രം എണ്ണയും ദാസിയെ ഏല്‍പിച്ചു. വറുത്ത ധാന്യവും, ഉണങ്ങിയ പഴങ്ങള്‍കൊണ്ടുണ്ടാക്കിയ ഒരു അടയും നേര്‍മയുള്ള അപ്പവും ഒരു സഞ്ചിയില്‍ നിറച്ച്‌, പാത്രങ്ങളെല്ലാം പൊതിഞ്ഞുകെട്ടി ദാസിയെ ഏല്‍പിച്ചു.
6. അനന്തരം, അവള്‍ ബത്തൂലിയാനഗര കവാടത്തിലേക്കു പുറപ്പെട്ടു. അവിടെ നഗരശ്രഷ്‌ഠന്‍മാരായ കാബ്രിസ്‌, കാര്‍മിസ്‌ എന്നിവരോടുകൂടെ ഉസിയാ നില്‍ക്കുന്നതു കണ്ടു.
7. അവളുടെ മുഖത്തിനും ഉടയാടകള്‍ക്കും വന്ന മാറ്റം അവര്‍ ശ്രദ്‌ധിച്ചു. അവളുടെ സൗന്‌ദര്യത്തില്‍ അവര്‍ക്ക്‌ അഗാധമായ മതിപ്പുളവായി.
8. അവര്‍ അവളോടു പറഞ്ഞു: നമ്മുടെ പിതാക്കന്‍മാരുടെ ദൈവം നിന്നില്‍ കൃപ ചൊരിയുകയും നിന്‍െറ പദ്‌ധതി നിറവേറ്റുകയും ചെയ്യട്ടെ. അങ്ങനെ ഇസ്രായേല്‍ജനം അഭിമാനം കൊള്ളുകയും ജറുസലെം ഉയര്‍ത്തപ്പെടുകയും ചെയ്യട്ടെ! അവള്‍ ദൈവത്തെ ആരാധിച്ചു.
9. അവള്‍ അവരോടു പറഞ്ഞു: നഗരകവാടം എനിക്കു തുറന്നുതരാന്‍ കല്‍പന നല്‍കുക. ഞാന്‍ പോയി നമ്മള്‍ സംസാരി ച്ചകാര്യം നിറവേറ്റട്ടെ. അതനുസരിച്ച്‌ വാതില്‍ തുറന്നുകൊടുക്കാന്‍ അവര്‍യുവാക്കന്‍മാരോടു കല്‍പിച്ചു.
10. അവര്‍ വാതില്‍ തുറന്നു.യൂദിത്ത്‌ ദാസിയോടൊത്തു പുറത്തു കടന്നു, അവള്‍ മലയുടെ താഴേക്കിറങ്ങി. താഴ്‌വരയിലൂടെ അവള്‍ നടന്നുനീങ്ങുന്നത്‌, ദൃഷ്‌ടിയില്‍നിന്നു മറയുന്നതുവരെ നഗരവാസികള്‍ നോക്കിനിന്നു.
11. അവര്‍ നേരേ താഴ്‌വരയിലൂടെ നടന്നു. അസ്‌സീറിയാക്കാരുടെ കാവല്‍ഭടന്‍മാര്‍ അവളെ കണ്ടു.
12. അവര്‍ അവളെ പിടികൂടി ചോദ്യംചെയ്‌തു: നീ ഏതു വര്‍ഗക്കാരിയാണ്‌? എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവള്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായപുത്രി, അവരില്‍നിന്ന്‌ ഓടി രക്‌ഷപെടുകയാണ്‌. അവര്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെടാറായി.
13. നിങ്ങള്‍ അവരെ വിഴുങ്ങിക്കളയും. ഞാന്‍ നിങ്ങളുടെ സൈന്യാധിപന്‍ ഹോളോഫര്‍ണസിനെക്കണ്ട്‌ ശരിയായ വിവരങ്ങള്‍ ധരിപ്പിക്കാന്‍ പോവുകയാണ്‌. തന്‍െറ ഒരാളും പിടിക്കപ്പെട്ടോ കൊല്ലപ്പെട്ടോ നഷ്‌ടപ്പെടാതെ മലനാടാകെ പിടിച്ചടക്കാന്‍ ഉതകുന്ന ഒരു മാര്‍ഗം ഞാന്‍ അവനു കാണിച്ചു കൊടുക്കും.
14. സൗന്‌ദര്യത്തിടമ്പായിത്തോന്നിയ അവളുടെ മുഖം ദര്‍ശിക്കുകയും വാക്കുകള്‍ ശ്രവിക്കുകയും ചെയ്‌തപ്പോള്‍ അവര്‍ അവളോടു പറഞ്ഞു:
15. ഞങ്ങളുടെയജമാനന്‍െറ സമീപത്തേക്ക്‌ ഓടിപ്പോന്നതുകൊണ്ട്‌ നീ നിന്‍െറ ജീവന്‍ രക്‌ഷിച്ചു. ഇപ്പോള്‍തന്നെ അവന്‍െറ കൂടാരത്തിലേക്കു ചെല്ലുക; ഞങ്ങളില്‍ ചിലര്‍ കൊണ്ടുചെന്നാക്കാം.
16. അവന്‍െറ മുന്‍പില്‍ ഭയത്തിനവകാശമില്ല, ഞങ്ങളോടു പറഞ്ഞതുതന്നെ അവനോടും പറയുക, അവന്‍ നിന്നോടു ദയാപൂര്‍വം പെരുമാറും.
17. അവളെയും ദാസിയെയും അനുഗമിക്കുന്നതിന്‌ അവരില്‍നിന്ന്‌ നൂറുപേര്‍ തിരഞ്ഞെടുക്കപ്പെട്ടു. അവര്‍ ഹോളോഫര്‍ണസിന്‍െറ കൂടാരത്തിലേക്ക്‌ അവരെ നയിച്ചു.
18. അവളുടെ ആഗമനവാര്‍ത്ത കൂടാരംതോറും പരന്നപ്പോള്‍ പാളയമാകെ ഇളകിവശായി. അവള്‍ ഹോളോഫര്‍ണസിന്‍െറ കൂടാരത്തിനു വെളിയില്‍ കാത്തുനില്‍ക്കുമ്പോള്‍ അവര്‍ ചുറ്റുംകൂടി. അവര്‍ ഹോളോഫര്‍ണസിനോട്‌ അവളെപ്പറ്റി പറഞ്ഞു.
19. അവളുടെ സൗന്‌ദര്യത്തില്‍ മതിമറന്ന അവര്‍ അവളെപ്പോലെയാണ്‌ ഇസ്രായേല്യരെല്ലാം എന്നു നിരൂപിച്ച്‌ അവരെ പുകഴ്‌ത്തി. അവര്‍ പരസ്‌പരം പറഞ്ഞു: ഇത്തരം സ്‌ത്രീകളുള്ള ഈ ജനതയെ ആരെങ്കിലും അവഹേളിക്കുമോ? നിശ്‌ചയമായും അവരില്‍ ആരും ജീവനോടിരിക്കാന്‍ പാടില്ല. അവരെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ ലോകം മുഴുവന്‍ കെണിയില്‍പ്പെടുത്തും.
20. ഹോളോഫര്‍ണസിന്‍െറ അനുചരന്‍മാരും സേവകന്‍മാരും പുറത്തുവന്ന്‌ അവളെ കൂടാരത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി.
21. ഹോളോഫര്‍ണസ്‌ സ്വര്‍ണവും മരതകവും മറ്റു രത്‌നങ്ങളും കൊണ്ട്‌ അലങ്കരി ച്ചചെമന്ന മേല്‍ക്ക ട്ടിയുടെ കീഴില്‍ കിടക്കയില്‍ വിശ്രമിക്കുകയായിരുന്നു.
22. അവളെപ്പറ്റി പറഞ്ഞതു കേട്ട്‌ അവന്‍ എഴുന്നേറ്റ്‌, വെള്ളിവിളക്കുകളുടെ അകമ്പടിയോടുകൂടെ കൂടാരവാതില്‍ക്കലെത്തി.
23. തങ്ങളുടെ മുന്‍പിലെത്തിയയൂദിത്തിന്‍െറ മുഖസൗന്‌ദര്യംകണ്ട്‌ ഹോളോഫര്‍ണസും സേവകന്‍മാരും അദ്‌ഭുതപരതന്ത്രരായി. അവള്‍ സാഷ്‌ടാംഗംവീണ്‌ അവനെ വണങ്ങി. അവന്‍െറ അടിമകള്‍ അവളെ എഴുന്നേല്‍പിച്ചു.

Holydivine