Joshua - Chapter 5
Holy Bible

1. ഇസ്രായേല്‍ജനത്തിന്‌ അക്കരെ കടക്കാന്‍ വേണ്ടി കര്‍ത്താവ്‌ ജോര്‍ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നു കേട്ടപ്പോള്‍ അതിന്‍െറ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്‍മാരും സമുദ്രതീരത്തുള്ള കാനാന്യരാജാക്കന്‍മാരും അവരെ ഭയപ്പെട്ട്‌ ചഞ്ചല ചിത്തരായി.
2. അപ്പോള്‍ കര്‍ത്താവ്‌ ജോഷ്വയോടു കല്‍പിച്ചു: കല്‍ക്കത്തിയുണ്ടാക്കി ഇസ്രായേല്‍ജനത്തെ പരിച്‌ഛേദനം ചെയ്യുക.
3. ജോഷ്വ ഗിബെയാത്ത്‌-ഹാരലോത്തില്‍ കല്‍ക്കത്തികൊണ്ട്‌ ഇസ്രായേല്‍ മക്കളെ പരിച്‌ഛേദനം ചെയ്‌തു.
4. അവരെ പരിച്‌ഛേദനം ചെയ്യാന്‍ കാരണമിതാണ്‌: ഈജിപ്‌തില്‍നിന്നു പുറപ്പെട്ടപ്പോള്‍യുദ്‌ധംചെയ്യാന്‍ പ്രായമായിരുന്ന പുരുഷന്‍മാര്‍, മരുഭൂമിയിലൂടെയുള്ളയാത്രയ്‌ക്കിടയില്‍ മരിച്ചുപോയി.
5. ഈജിപ്‌തില്‍നിന്നു പുറപ്പെട്ടവരെല്ലാം പരിച്‌ഛേദിതരായിരുന്നെങ്കിലുംയാത്രാമധ്യേ ജനിച്ചവര്‍ പരിച്‌ഛേദിതരായിരുന്നില്ല.
6. ഇസ്രായേല്‍ജനം നാല്‍പതു സംവത്‌സരം മരുഭൂമിയിലൂടെ നടന്നു. ഈജിപ്‌തില്‍നിന്നു പുറപ്പെട്ട, യുദ്‌ധംചെയ്യാന്‍ പ്രായമായ പുരുഷന്‍മാരെല്ലാം കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കാഞ്ഞതുകൊണ്ട്‌ മരിച്ചുപോയി; അവര്‍ക്കു നല്‍കുമെന്ന്‌ പിതാക്കന്‍മാരോടു വാഗ്‌ദാനം ചെയ്‌ത, തേനും പാലും ഒഴുകുന്ന ദേശം അവരെ കാണിക്കുകയില്ലെന്ന്‌ കര്‍ത്താവ്‌ ശപഥം ചെയ്‌തിരുന്നു.
7. അവര്‍ക്കു പകരം അവകാശികളായി ഉയര്‍ത്തിയ മക്കളെയാണ്‌ ജോഷ്വ പരിച്‌ഛേദനം ചെയ്യിച്ചത്‌;യാത്രാമധ്യേ പരിച്‌ഛേദനകര്‍മം നടന്നിരുന്നില്ല.
8. പരിച്‌ ഛേദനം കഴിഞ്ഞവര്‍ സൗഖ്യം പ്രാപിക്കുന്നതുവരെ അവര്‍ പാളയത്തില്‍ത്തന്നെതാമസിച്ചു.
9. അപ്പോള്‍ കര്‍ത്താവ്‌ ജോഷ്വയോട്‌ അരുളിച്ചെയ്‌തു: ഈജിപ്‌തിന്‍െറ അപ കീര്‍ത്തി ഇന്നു നിങ്ങളില്‍ നിന്നു ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. അതിനാല്‍, ആ സ്‌ഥലം ഗില്‍ഗാല്‍ എന്ന്‌ ഇപ്പോഴും അറിയപ്പെടുന്നു.
10. ഇസ്രായേല്‍ജനം ജറീക്കോ സമതലത്തിലെ ഗില്‍ഗാലില്‍ താവളമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അവിടെ പെസഹാ ആഘോഷിച്ചു.
11. പിറ്റേദിവസം അവര്‍ ആ ദേശത്തെ വിളവില്‍ നിന്ന്‌ ഉണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഭക്‌ഷിച്ചു.
12. പിറ്റേന്നു മുതല്‍ മന്നാ വര്‍ഷിക്കാതായി. ഇസ്രായേല്‍ ജനത്തിന്‌ പിന്നീടു മന്നാ ലഭിച്ചില്ല. അവര്‍ ആ വര്‍ഷം മുതല്‍ കാനാന്‍ ദേശത്തെ ഫലങ്ങള്‍ കൊണ്ട്‌ ഉപജീവനം നടത്തി.
13. ജറീക്കോയെ സമീപിച്ചപ്പോള്‍ ജോഷ്വ കണ്ണുകളുയര്‍ത്തി നോക്കി; അപ്പോള്‍ കൈയില്‍ ഊരിയ വാളുമായി അതാ ഒരു മനുഷ്യന്‍. ജോഷ്വ അവന്‍െറ അടുത്തു ചെന്നു; നീ ഞങ്ങളുടെ പക്‌ഷത്തോ ശത്രുപക്‌ഷത്തോ എന്നു ചോദിച്ചു.
14. അവന്‍ പറഞ്ഞു: അല്ല, ഞാന്‍ കര്‍ത്താവിന്‍െറ സൈന്യാധിപനാണ്‌. ജോഷ്വ സാഷ്‌ടാംഗം പ്രണമിച്ച്‌ അവനോടുചോദിച്ചു: അങ്ങ്‌ ഈ ദാസനോടു കല്‍പിക്കുന്നതെന്താണ്‌?
15. കര്‍ത്താവിന്‍െറ സൈന്യാധിപന്‍ പറഞ്ഞു: നിന്‍െറ പാദങ്ങളില്‍ നിന്നു ചെരിപ്പ്‌ അഴിച്ചു മാറ്റുക. നീ നില്‍ക്കുന്ന ഈ സ്‌ഥലം വിശുദ്‌ധമാണ്‌. ജോഷ്വ അങ്ങനെ ചെയ്‌തു.

Holydivine