Joel - Chapter 3
Holy Bible

1. ആ നാളുകളില്‍, ഞാന്‍ യൂദായുടെയും ജറുസലെമിന്‍െറയും ഭാഗധേയം നിര്‍ണയിക്കുന്ന നാളുകളില്‍,
2. ഞാന്‍ എല്ലാ ജനതകളെയും ഒരുമിച്ചു കൂട്ടുകയുംയഹോഷാഫാത്തിന്‍െറ താഴ്‌വരയിലേക്കു കൊണ്ടുവരുകയും ചെയ്യും. എന്‍െറ ജനവും അവകാശ വുമായ ഇസ്രായേലിനെപ്രതി ഞാന്‍ അവരെ അവിടെവച്ച്‌ വധിക്കും. എന്തെന്നാല്‍, അവര്‍ എന്‍െറ ജനത്തെ ജനതകളുടെയിടയില്‍ ചിതറിക്കുകയും എന്‍െറ ദേശം വിഭജിച്ചെടുക്കുകയും ചെയ്‌തു.
3. എന്‍െറ ജനത്തിനുവേണ്ടി അവര്‍ നറുക്കിട്ടു. ഒരു വേശ്യയ്‌ക്കു വേണ്ടി ഒരു ബാലനെയും കുടിക്കാന്‍ വീഞ്ഞിനുവേണ്ടി ബാലികയെയും അവര്‍ വിറ്റു.
4. ടയിര്‍, സീദോന്‍, സകല ഫിലിസ്‌ത്യപ്രദേശങ്ങളേ, നിങ്ങള്‍ക്ക്‌ എന്നോടു എന്തുചെയ്യാന്‍ കഴിയും? എന്നോട്‌ പ്രതികാരം ചെയ്യാനാണോ നിങ്ങളുടെ ഭാവം? എങ്കില്‍, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തന്നെതലയില്‍ വേഗം, ഞൊടിയിടയില്‍ ഞാന്‍ പതിപ്പിക്കും.
5. എന്തെന്നാല്‍, നിങ്ങള്‍ എന്‍െറ വെള്ളിയും സ്വര്‍ണവും അനര്‍ഘനിധികളും നിങ്ങളുടെ ക്‌ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.
6. നിങ്ങള്‍ യൂദായിലെയും ജറുസലെമിലെയും ജനത്തെ അവരുടെ അതിര്‍ത്തികളില്‍നിന്ന്‌ അകറ്റിയവനര്‍ക്കു വിറ്റു.
7. നിങ്ങള്‍ അവരെ വിറ്റ സ്‌ഥലത്തുനിന്നുതന്നെ ഞാന്‍ അവരെ ഇളക്കിവിടുകയും നിങ്ങളുടെ പ്രവൃത്തികള്‍ക്കു നിങ്ങളുടെ തന്നെതലയില്‍ പകരംവീട്ടുകയും ചെയ്യും.
8. ഞാന്‍ നിങ്ങളുടെ പുത്രന്‍മാരെയും പുത്രിമാരെയും യൂദായുടെ സന്തതികള്‍ക്കു വില്‍ക്കും. യൂദാസന്തതികള്‍ അവരെ വിദൂരത്തുള്ള സബേയര്‍ക്കു വില്‍ക്കും - കര്‍ത്താവ്‌ അരുളിച്ചെയ്‌തിരിക്കുന്നു.
9. ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുവിന്‍,യുദ്‌ധത്തിന്‌ ഒരുങ്ങുവിന്‍, ശക്‌തന്‍മാരെ ഉണര്‍ത്തുവിന്‍, സകല യോദ്‌ധാക്കളും ഒരുമിച്ചു ചേര്‍ന്നു മുന്നേറട്ടെ!
10. നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും രൂപാന്തരപ്പെടുത്തുവിന്‍. താന്‍ ഒരു യോദ്‌ധാവാണെന്നു ദുര്‍ബലന്‍ പറയട്ടെ.
11. ചുറ്റുമുള്ള സകല ജനതകളേ, ഓടി വരുവിന്‍, അവിടെ ഒരുമിച്ചു കൂടുവിന്‍. കര്‍ത്താവേ, അങ്ങയുടെ സൈന്യത്തെ അയയ്‌ക്കണമേ!
12. ജനതകള്‍ ഉണര്‍ന്നുയഹോഷാഫാത്തിന്‍െറ താഴ്‌വരയിലേക്കു വരട്ടെ! അവിടെ ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാന്‍ ഞാന്‍ ന്യായാസനത്തില്‍ ഉപവിഷ്‌ടനാകും.
13. അരിവാള്‍ എടുക്കുവിന്‍; വിളവു പാകമായിരിക്കുന്നു. ഇറങ്ങിച്ചവിട്ടുവിന്‍; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികള്‍ നിറഞ്ഞൊഴുകുന്നു; അവരുടെ ദുഷ്‌ടത അത്രയ്‌ക്കു വലുതാണ്‌.
14. വിധിയുടെ താഴ്‌വരയില്‍, അതാ, ജനസഞ്ചയം. വിധിയുടെ താഴ്‌വരയില്‍, കര്‍ത്താവിന്‍െറ ദിനം അടുത്തിരിക്കുന്നു.
15. സൂര്യനും ചന്‌ദ്രനും ഇരുണ്ടുപോകുന്നു. നക്‌ഷത്രങ്ങള്‍ തങ്ങളുടെ പ്രകാശം മറച്ചുവയ്‌ക്കുന്നു.
16. കര്‍ത്താവ്‌ സീയോനില്‍ നിന്നു ഗര്‍ജിക്കുന്നു; ജറുസലെമില്‍ നിന്ന്‌ അവിടുത്തെ ശബ്‌ദം മുഴങ്ങുന്നു; ആകാശവും ഭൂമിയും പ്രകമ്പനം കൊള്ളുന്നു. എന്നാല്‍, കര്‍ത്താവ്‌ തന്‍െറ ജനത്തിന്‌ അഭയമാണ്‌; ഇസ്രായേല്‍ ജനത്തിനു ശക്‌തിദുര്‍ഗം.
17. എന്‍െറ വിശുദ്‌ധപര്‍വതമായ സീയോനില്‍ വസിക്കുന്ന, നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍ എന്നു നിങ്ങള്‍ അറിയും. ജറുസലെം വിശുദ്‌ധമായിരിക്കും. അന്യര്‍ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല.
18. അന്നു പര്‍വതങ്ങളില്‍നിന്നു മധുരവീഞ്ഞ്‌ ഇറ്റുവീഴും; കുന്നുകളില്‍ നിന്നു പാല്‍ ഒഴുകും. യൂദായിലെ അരുവികളില്‍ ജലം നിറയും. കര്‍ത്താവിന്‍െറ ആലയത്തില്‍നിന്ന്‌ ഒരു നീരുറവ പുറപ്പെട്ട്‌ ഷിത്തിം താഴ്‌വരയെ നനയ്‌ക്കും.
19. യൂദായിലെ ജനത്തോട്‌ അക്രമം പ്രവര്‍ത്തിക്കുകയും അവരുടെ ദേശത്തുവച്ച്‌ നിഷ്‌കളങ്കരക്‌തം ചിന്തുകയും ചെയ്‌തതുകൊണ്ട്‌ ഈജിപ്‌ത്‌ ശൂന്യമാവുകയും ഏദോം നിര്‍ജനഭൂമിയാവുകയും ചെയ്യും.
20. എന്നാല്‍, യൂദായും ജറുസലെമും തലമുറകളോളം അധിവസിക്കപ്പെടും.
21. അവരുടെ രക്‌തത്തിനു ഞാന്‍ പ്രതികാരം ചെയ്യും. കുറ്റവാളികളെ ഞാന്‍ വെറുതെ വിടുകയില്ല. കര്‍ത്താവു സീയോനില്‍ വസിക്കുന്നു.

Holydivine