Job - Chapter 38
Holy Bible

1. അപ്പോള്‍ കര്‍ത്താവ്‌ ചുഴലിക്കാറ്റില്‍ നിന്ന്‌ ജോബിന്‌ ഉത്തരം നല്‍കി.
2. അറിവില്ലാത്ത വാക്കുകളാല്‍ ഉപദേശത്തെ ഇരുളാക്കുന്ന ഇവന്‍ ആരാണ്‌?
3. പൗരുഷത്തോടെ നീ അര മുറുക്കുക; ഞാന്‍ നിന്നെ ചോദ്യം ചെയ്യും;നീ ഉത്തരം പറയുക.
4. ഞാന്‍ ഭൂമിക്ക്‌ അടിസ്‌ഥാനമിട്ടപ്പോള്‍നീ എവിടെയായിരുന്നു?നിനക്കറിയാമെങ്കില്‍ പറയുക.
5. അതിന്‍െറ അളവുകള്‍ നിശ്‌ചയിച്ചതാരാണ്‌? നിശ്‌ചയമായും അതു നിനക്കറിയാം! അല്ലെങ്കില്‍ അതിന്‌ അളവുനൂല്‍ പിടിച്ചതാര്‌?
6. അതിന്‍െറ അളവുകള്‍ നിശ്‌ചയിച്ചതാരാണ്‌? നിശ്‌ചയമായും അതു നിനക്കറിയാം! അല്ലെങ്കില്‍ അതിന്‌ അളവുനൂല്‍ പിടിച്ചതാര്‌?
7. പ്രഭാതനക്‌ഷത്രങ്ങള്‍ ഗീതങ്ങളാലപിക്കുകയും ദൈവപുത്രന്‍ മാര്‍ സന്തോഷിച്ചാര്‍ക്കുകയും ചെയ്‌തപ്പോള്‍ അതിന്‍െറ അടിസ്‌ഥാനങ്ങള്‍ ഏതിന്‍മേല്‍ ഉറപ്പിക്കപ്പെട്ടു? അതിനു മൂലക്കല്ലിട്ടതും ആര്‌?
8. ഗര്‍ഭത്തില്‍നിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകടച്ചുതടഞ്ഞവന്‍ ആര്‍?
9. അന്ന്‌ ഞാന്‍ മേഘങ്ങളെ അതിന്‌ ഉടുപ്പും കൂരിരുട്ടിനെ അതിന്‌ ഉടയാടയും ആക്കി.
10. ഞാന്‍ അതിന്‌ അതിര്‍ത്തികള്‍നിശ്‌ചയിച്ച്‌ കതകുകളും ഓടാമ്പലുകളും ഉണ്ടാക്കി.
11. ഞാന്‍ പറഞ്ഞു: ഇവിടംവരെ നിനക്കുവരാം.അതിനപ്പുറമരുത്‌. ഇവിടെ നിന്‍െറ ഉദ്‌ധതമായ തിരമാലകള്‍ നില്‍ക്കണം.
12. ജീവിതം തുടങ്ങിയതിനുശേഷംഎന്നെങ്കിലും നീ പ്രഭാതത്തിനുകല്‍പന കൊടുക്കുകയും സൂര്യോദയത്തിനു സ്‌ഥാനം നിര്‍ണയിക്കുകയുംചെയ്‌തിട്ടുണ്ടോ?
13. അങ്ങനെ ഭൂമിയുടെ അതിര്‍ത്തികള്‍പിടിച്ചടക്കാന്‍ നീ പ്രഭാതത്തോടുകല്‍പിക്കുകയും ദുഷ്‌ടരെ അവരുടെ ഒളിസങ്കേതങ്ങളില്‍നിന്നു കുടഞ്ഞുകളയുകയും ചെയ്‌തിട്ടുണ്ടോ?
14. മുദ്രകൊണ്ട്‌ കളിമണ്ണ്‌ എന്നപോലെഅതിനു രൂപം തെളിയുകയും വര്‍ണശബളമായ വസ്‌ത്രംപോലെ അതു കാണപ്പെടുകയും ചെയ്യുന്നു.
15. ദുഷ്‌ടര്‍ക്കു പ്രകാശം തടയപ്പെട്ടിരിക്കുന്നു; അവരുടെ ഉയര്‍ത്തിയ കരം ഒടിക്കപ്പട്ടിരിക്കുന്നു.
16. സമുദ്രത്തിന്‍െറ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ?
17. മൃത്യുകവാടങ്ങള്‍ നിനക്കുവെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്‌ധകാരത്തിന്‍െറ വാതിലുകള്‍ നീ കണ്ടിട്ടുണ്ടോ?
18. ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കില്‍ പറയുക.
19. പ്രകാശത്തിന്‍െറ വസതിയിലേക്കുള്ള വഴി ഏത്‌? അന്‌ധകാരത്തിന്‍െറ പാര്‍പ്പിടം എവിടെ?
20. അങ്ങനെ അതിനെ അതിന്‍െറ അതിര്‍ത്തിയോളം നയിക്കാനോ പാര്‍പ്പിടത്തിലേക്കുള്ള വഴിയില്‍ അതിനെ അനുഗമിക്കാനോ നിനക്കു കഴിയുമോ?
21. നിനക്കറിയാമല്ലോ, നീ അന്നേ ജനിച്ചതല്ലേ? നിന്‍െറ ആയുസ്‌സ്‌ അത്രയ്‌ക്കു ദീര്‍ഘമാണല്ലോ!
22. പീഡനത്തിന്‍െറയുംയുദ്‌ധത്തിന്‍െറയും നാളുകളിലേക്കുവേണ്ടി
23. ഞാന്‍ കരുതിവച്ചിരിക്കുന്ന ഹിമത്തിന്‍െറ ഭണ്‍ഡാരത്തിലേക്കു നീ ചെന്നിട്ടുണ്ടോ? കന്‍മഴയുടെ കലവറ നീ കണ്ടിട്ടുണ്ടോ?
24. ഭൂമിയില്‍ പ്രസരിക്കുന്ന പ്രകാശത്തിന്‍െറ ഉറവിടത്തിലേക്കും ഭൂമിയില്‍ വ്യാപിക്കുന്ന കിഴക്കന്‍കാറ്റിന്‍െറ പ്രഭവകേന്‌ദ്രത്തിലേക്കുമുള്ള വഴിയേത്‌?
25. വിജനമായ മരുഭൂമിയില്‍ മഴപെയ്യിച്ച്‌
26. ഉണങ്ങിവരണ്ട ഭൂമിയുടെ ദാഹം ശമിപ്പിച്ച്‌
27. അവിടെ പുല്ലു മുളപ്പിക്കുന്നതിന്‌ മഴയുടെ ചാലുകള്‍ കീറിയതും ഇടിമിന്നലിന്‍െറ പാത ഒരുക്കിയതും ആര്‌?
28. മഴയ്‌ക്കൊരു ജനയിതാവുണ്ടോ?മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‌?
29. ആരുടെ ഉദരത്തില്‍നിന്നു മഞ്ഞുകട്ട പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആരു പ്രസവിക്കുന്നു?
30. ജലം പാറപോലെ ഉറച്ചുപോകുന്നു;ആഴിയുടെ മുഖം കട്ടിയാകുന്നു.
31. കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്‌ധിക്കാമോ? മകയിരത്തിന്‍െറ ബന്‌ധനങ്ങള്‍നിനക്കഴിക്കാമോ?
32. നിനക്കു രാശിചക്രത്തെ യഥാകാലം നയിക്കാമോ? സപ്‌തര്‍ഷിരാശിയെയും മക്കളെയുംനിനക്കു നയിക്കാമോ?
33. ആകാശത്തെനിയന്ത്രിക്കുന്ന ചട്ടങ്ങള്‍നിനക്കറിയാമോ? നിനക്കതു ഭൂമിയില്‍ പ്രയോഗിക്കാമോ?
34. നീ വെള്ളത്തില്‍ കുതിരുന്നതുവരെ മഴ പെയ്യാന്‍ നിനക്കു മേഘങ്ങളോട്‌ആജ്‌ഞാപിക്കാമോ?
35. ഇതാ, ഞങ്ങള്‍ എന്നു പറഞ്ഞ്‌ പുറപ്പെടാന്‍ തക്കവണ്ണം മിന്നലുകളോടു നിനക്കുകല്‍പിക്കാമോ?
36. ഈബീസിനു ജ്‌ഞാനവും,പൂവന്‍കോഴിക്കു മുന്‍കൂട്ടികാണാന്‍കഴിവും കൊടുത്തത്‌ ആരാണ്‌?
37. പൊടി കട്ടപിടിക്കാനും കട്ട ഒന്നോടൊന്നു
38. പറ്റിച്ചേരാനും ഇടയാകുമാറ്‌ ആകാശത്തിലെ ജലസംഭരണികളെ ചെരിക്കാന്‍ ആര്‍ക്കു കഴിയും? ജ്‌ഞാനത്താല്‍ മേഘങ്ങളെ എണ്ണാന്‍ ആര്‍ക്കു കഴിയും?
39. സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും,
40. ഗഹ്വരങ്ങളില്‍ പതിയിരിക്കുമ്പോഴും നീ അതിന്‌ ഇരയെ വേട്ടയാടികൊടുക്കുമോ? സിംഹക്കുട്ടികളുടെ വിശപ്പടക്കുമോ?
41. കുഞ്ഞുങ്ങള്‍ തീറ്റികിട്ടാതെ ദൈവത്തോടു നിലവിളിക്കുമ്പോള്‍ തീറ്റയ്‌ക്കുവേണ്ടി പറന്നലയുന്ന കാക്കയ്‌ക്കു തീറ്റി എത്തിച്ചുകൊടുക്കുന്നത്‌ ആര്‌?

Holydivine