Hosea - Chapter 5
Holy Bible

1. പുരോഹിതന്‍മാരേ, കേള്‍ക്കുക. ഇസ്രായേല്‍ ഭവനമേ, ശ്രദ്‌ധിക്കുക. രാജകുടുംബമേ, ശ്രവിക്കുക. നിങ്ങളുടെമേല്‍ വിധി പ്രസ്‌താവിച്ചിരിക്കുന്നു: നിങ്ങള്‍ മിസ്‌പായില്‍ ഒരു കെണിയും, താബോറില്‍ വിരിച്ചവലയുമായിരുന്നു.
2. ഷിത്തിമില്‍ അവര്‍ ആഴമേറിയ കുഴി കുഴിച്ചു. അവരെ എല്ലാവരെയും ഞാന്‍ ശിക്‌ഷിക്കും.
3. എഫ്രായിമിനെ എനിക്കറിയാം; ഇസ്രായേല്‍ എന്നില്‍നിന്നു മറഞ്ഞല്ല ഇരിക്കുന്നത്‌. എഫ്രായിം, നീ പരസംഗം ചെയ്‌തു; ഇസ്രായേല്‍ മലിനമാണ്‌.
4. തങ്ങളുടെ ദൈവത്തിന്‍െറ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ കര്‍ത്താവിനെ അറിയുന്നുമില്ല.
5. ഇസ്രായേലിന്‍െറ അഹങ്കാരം അവനെതിരേ സാക്‌ഷ്യംനല്‍കുന്നു. എഫ്രായിം തന്‍െറ തിന്‍മയില്‍ തട്ടി വീഴും. യൂദായും അവരോടൊപ്പം കാലിടറി വീഴും.
6. തങ്ങളുടെ ആട്ടിന്‍പറ്റങ്ങളും കാലിക്കൂട്ടങ്ങളുമായി അവര്‍ കര്‍ത്താവിനെ അന്വേഷിച്ചു പോകും; എന്നാല്‍, അവര്‍ അവിടുത്തെ കണ്ടെണ്ടത്തുകയില്ല; അവിടുന്ന്‌ അവരെ വിട്ടകന്നിരിക്കുന്നു.
7. അവര്‍ കര്‍ത്താവിനോട്‌ അവിശ്വസ്‌തത കാണിച്ചു. അവര്‍ ജാരസന്തതികള്‍ക്കാണ്‌ ജന്‍മം നല്‍കിയത്‌. അമാവാസി അവരെ അവരുടെ വയലുകളോടൊപ്പം വിഴുങ്ങും.
8. ഗിബെയായില്‍ കൊമ്പുവിളിക്കുവിന്‍. റാമായില്‍ കാഹളംമുഴക്കുവിന്‍. ബഥാവനില്‍ പോര്‍വിളി നടത്തുവിന്‍. ബഞ്ചമിന്‍,യുദ്‌ധത്തിനു പുറപ്പെടുക.
9. ശിക്‌ഷയുടെ ദിവസം എഫ്രായിം വിജനമാക്കപ്പെടും. സുനിശ്‌ചിതമായ നാശമാണ്‌ ഇസ്രായേല്‍ഗോത്രങ്ങളോട്‌ ഞാന്‍ പ്രഖ്യാപിക്കുന്നത്‌.
10. യൂദായുടെ നായകന്‍മാര്‍ അതിര്‍ത്തിരേഖ മാറ്റുന്നവരെപ്പോലെ ആയിരിക്കുന്നു. എന്‍െറ ക്രോധം അവരുടെമേല്‍ ഞാന്‍ വെള്ളംപോലെ ഒഴുക്കും.
11. എഫ്രായിം മര്‍ദകനാണ്‌. അവന്‍ നീതിയെ ചവിട്ടിമെതിക്കുന്നു. മിഥ്യയെ പിന്തുടരാന്‍ അവന്‍ ഉറച്ചിരിക്കുന്നു.
12. എഫ്രായിമിനു ഞാന്‍ കീടംപോലെയാണ്‌;യൂദാഭവനത്തിനു വ്രണംപോലെയും.
13. എഫ്രായിം തന്‍െറ രോഗവും യൂദാ തന്‍െറ മുറിവും കണ്ടപ്പോള്‍, എഫ്രായിം അസ്‌സീറിയായിലേക്കു തിരിഞ്ഞ്‌, മഹാരാജാവിന്‍െറ അടുത്തേക്ക്‌ ആളയച്ചു. എന്നാല്‍, നിങ്ങളെ സുഖപ്പെടുത്താനോ നിങ്ങളുടെ മുറിവ്‌ ഉണക്കാനോ അവനു സാധിക്കുകയില്ല.
14. ഞാന്‍ എഫ്രായിമിന്‌ ഒരു സിംഹത്തെപ്പോലെയുംയൂദാഭവനത്തിന്‌ ഒരുയുവസിംഹത്തെപ്പോലെയുമായിരിക്കും. ഞാന്‍, അതേ, ഞാന്‍ തന്നെ, അവരെ ചീന്തിക്കളയും. ഞാന്‍ അവരെ ഉപേക്‌ഷിച്ചു പോകും. ഞാന്‍ അവരെ വലിച്ചിഴച്ചു കൊണ്ടുപോകും; ആര്‍ക്കും അവരെ രക്‌ഷിക്കാന്‍ കഴിയുകയില്ല.
15. അവര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ്‌ എന്‍െറ സാന്നിധ്യം തേടുകയും തങ്ങളുടെ വ്യഥയില്‍ എന്നെ അന്വേഷിക്കുകയും ചെയ്യുന്നതുവരെ ഞാന്‍ എന്‍െറ വാസസ്‌ഥലത്തേക്കു മടങ്ങും.

Holydivine