Habakkuk - Chapter 3
Holy Bible

1. ഹബക്കുക്ക്‌ പ്രവാചകന്‍ വിലാപരാഗത്തില്‍ രചി ച്ചപ്രാര്‍ഥനാഗീതം.
2. കര്‍ത്താവേ, അങ്ങയെപ്പറ്റിയും അങ്ങയുടെ പ്രവൃത്തിയെപ്പറ്റിയും കേട്ട്‌ ഞാന്‍ ഭയന്നു. ഞങ്ങളുടെ നാളുകളില്‍ അങ്ങയുടെ പ്രവൃത്തി ആവര്‍ത്തിക്കണമേ! ഞങ്ങളുടെ നാളുകളില്‍ അതു വെളിപ്പെടുത്തണമേ! ക്രുദ്‌ധനാകുമ്പോള്‍ അങ്ങയുടെ കരുണയെ അനുസ്‌മരിക്കണമേ!
3. ദൈവം തേമാനില്‍ നിന്ന്‌, പരിശുദ്‌ധന്‍ പാരാന്‍പര്‍വതത്തില്‍നിന്ന്‌, വന്നു. അവിടുത്തെ മഹത്വം ആകാശങ്ങളെ മൂടി. അവിടുത്തെ സ്‌തുതികളാല്‍ ഭൂമി നിറഞ്ഞു.
4. അവിടുത്തെ ശോഭ പ്രകാശംപോലെ പരക്കുന്നു. അവിടുത്തെ കരങ്ങളില്‍നിന്ന്‌ രശ്‌മികള്‍ വീശുന്നു. അവിടെ തന്‍െറ ശക്‌തി മറച്ചുവച്ചിരിക്കുന്നു.
5. പകര്‍ച്ചവ്യാധി അവിടുത്തെ മുന്‍പേ നീങ്ങുന്നു. മഹാമാരി അവിടുത്തെ തൊട്ടുപിന്നിലുണ്ട്‌.
6. അവിടുന്ന്‌ എഴുന്നേറ്റു ഭൂമിയെ അളന്നു. അവിടുന്ന്‌ ജനതകളെ നോക്കി വിറപ്പിക്കുന്നു. അപ്പോള്‍ നിത്യപര്‍വതങ്ങള്‍ ചിതറിപ്പോയി. ശാശ്വതഗിരികള്‍ മുങ്ങിപ്പോയി. അവിടുത്തെ മാര്‍ഗങ്ങള്‍ പണ്ടത്തേതുപോലെ തന്നെ.
7. കുഷാന്‍െറ കൂടാരങ്ങള്‍ ദുരിതത്തിലാഴുന്നതു ഞാന്‍ കണ്ടു. മിദിയാന്‍ ദേശത്തിന്‍െറ തിരശ്‌ശീലകള്‍ വിറയ്‌ക്കുന്നു.
8. കര്‍ത്താവേ, നദികള്‍ക്കെതിരേയാണോ അവിടുത്തെ ക്രോധം? അങ്ങ്‌ കുതിരപ്പുറത്തും വിജയരഥങ്ങളിലും സവാരിചെയ്‌തപ്പോള്‍ അങ്ങയുടെ കോപം നദികള്‍ക്കെതിരേയും അങ്ങയുടെ രോഷം സമുദ്രത്തിനുനേരേയും ആയിരുന്നുവോ?
9. അങ്ങ്‌ വില്ലു പുറത്തെടുത്ത്‌ ഞാണില്‍ അമ്പു തൊടുത്തു. നദികളാല്‍ അങ്ങ്‌ ഭൂമിയെ പിളര്‍ക്കുന്നു.
10. പര്‍വതങ്ങള്‍ അങ്ങയെ കണ്ടു വിറച്ചു. മഹാപ്രവാഹങ്ങള്‍ എല്ലാം ഒഴുക്കിക്കളഞ്ഞു. ആഴി ഗര്‍ജിച്ചു. ഉയരത്തിലേക്ക്‌ അതിന്‍െറ കൈകള്‍ ഉയര്‍ത്തി.
11. അങ്ങയുടെ ചീറിപ്പായുന്ന അസ്‌ത്രങ്ങളുടെ പ്രകാശത്തിലും അങ്ങയുടെ തിളങ്ങുന്ന കുന്തത്തിന്‍െറ മിന്ന ലിലും സൂര്യനും ചന്‌ദ്രനും തങ്ങളുടെ സ്‌ഥാനത്തു നിശ്‌ചലമായി.
12. അങ്ങ്‌ ക്രോധത്തോടെ ഭൂമിയെ ചവിട്ടി. കോപത്തോടെ ജനതകളെ മെതിച്ചു.
13. അങ്ങയുടെ ജനത്തിന്‍െറ, അങ്ങയുടെ അഭിഷിക്‌തന്‍െറ, രക്‌ഷയ്‌ക്കുവേണ്ടി അങ്ങു മുന്നേറി. അങ്ങ്‌ ദുഷ്‌ടന്‍െറ ഭവനം തകര്‍ത്തു; അതിന്‍െറ അടിത്തറവരെ അനാവൃതമാക്കി.
14. അഗതിയെ ഒളിവില്‍ വിഴുങ്ങാമെന്ന വ്യാമോഹത്തോടെ എന്നെ ചിതറിക്കാന്‍ ചുഴലിക്കാറ്റുപോലെ വന്ന അവന്‍െറ യോദ്‌ധാക്കളുടെ തല അങ്ങ്‌ കുന്തംകൊണ്ട്‌ പിളര്‍ന്നു.
15. സമുദ്രത്തെ, അതിന്‍െറ ഇളകിമറിയുന്നതിരമാലകളെ, അശ്വാരൂഢനായി അങ്ങ്‌ ചവിട്ടിമെതിച്ചു.
16. ഞാന്‍ കേട്ടു; എന്‍െറ ശരീരം വിറയ്‌ക്കുന്നു. മുഴക്കം കേട്ട്‌ എന്‍െറ അധരങ്ങള്‍ ഭയന്നു വിറയ്‌ക്കുന്നു. എന്‍െറ അസ്‌ഥികള്‍ ഉരുകി. എന്‍െറ കാലുകള്‍ പതറി. ഞങ്ങളെ ആക്രമിക്കാന്‍ വരുന്ന ജനതകളുടെ കഷ്‌ടകാലം ഞാന്‍ നിശ്‌ശബ്‌ദനായി കാത്തിരിക്കും.
17. അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും.
18. എന്‍െറ രക്‌ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
19. കര്‍ത്താവായ ദൈവമാണ്‌ എന്‍െറ ബലം. കല മാന്‍െറ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന്‌ എന്‍െറ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന്‌ എന്നെ നടത്തുന്നു. ഗായകസംഘനേതാവിന്‌, തന്ത്രീനാദത്തോടെ.

Holydivine