Genesis - Chapter 43
Holy Bible

1. നാട്ടില്‍ ക്‌ഷാമം കൊടുമ്പിരിക്കൊണ്ടു.
2. ഈജിപ്‌തില്‍നിന്നു കൊണ്ടുവന്ന ധാന്യം തീര്‍ന്നപ്പോള്‍ അവരുടെ പിതാവു പറഞ്ഞു: നിങ്ങള്‍ വീണ്ടും പോയി കുറച്ചു ധാന്യംകൂടി വാങ്ങിക്കൊണ്ടുവരുവിന്‍.
3. അപ്പോള്‍ യൂദാ പറഞ്ഞു: അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ സാധിക്കയില്ല എന്ന്‌ അവന്‍ ഞങ്ങളോടു തീര്‍ത്തു പറഞ്ഞിട്ടുണ്ട്‌.
4. ഞങ്ങളുടെ സഹോദരനെക്കൂടെ അയയ്‌ക്കാമെങ്കില്‍, ഞങ്ങള്‍പോയി ധാന്യം വാങ്ങിക്കൊണ്ടുവരാം.
5. അങ്ങ്‌ അവനെ അയയ്‌ക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ പോകുന്നില്ല. കാരണം, അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്ക്‌ എന്നെ കാണാന്‍ സാധിക്കയില്ല എന്ന്‌ അവന്‍ പറഞ്ഞിട്ടുണ്ട്‌.
6. ഇസ്രായേല്‍ ചോദിച്ചു: നിങ്ങള്‍ക്ക്‌ ഒരു സഹോദരന്‍കൂടിയുണ്ടെന്ന്‌ അവനോടു പറഞ്ഞ്‌ എന്നെ ദ്രാഹിച്ചതെന്തിന്‌?
7. അവര്‍ മറുപടി പറഞ്ഞു: അവന്‍ ഞങ്ങളെയും ബന്‌ധുക്കളെയുംകുറിച്ചു വളരെ വിശദമായി അന്വേഷിച്ചു: നിങ്ങളുടെ പിതാവ്‌ ജീവിച്ചിരിക്കുന്നോ? നിങ്ങള്‍ക്കു വേറെസഹോദരനുണ്ടോ? അവനു ഞങ്ങള്‍ മറുപടി നല്‍കുകയും ചെയ്‌തു. എന്നാല്‍, സഹോദരനെയും കൂട്ടിക്കൊണ്ടു വരുവിന്‍ എന്ന്‌ അവന്‍ പറയുമെന്ന്‌ ഞങ്ങള്‍ക്ക്‌ ഊഹിക്കുവാന്‍ കഴിയുമായിരുന്നോ?
8. അപ്പോള്‍, യൂദാ പിതാവായ ഇസ്രായേലിനോടു പറഞ്ഞു: നമ്മള്‍, അങ്ങും ഞങ്ങളും നമ്മുടെ കുഞ്ഞുങ്ങളും, മരിക്കാതെ ജീവനോടെയിരിക്കണമെങ്കില്‍ അവനെ എന്‍െറ കൂടെ അയയ്‌ക്കുക. ഞങ്ങള്‍ ഉടനെ പുറപ്പെടാം.
9. അവന്‍െറ ചുമ തല ഞാന്‍ ഏറ്റുകൊള്ളാം. എന്‍െറ കൈയില്‍നിന്ന്‌ അങ്ങേക്ക്‌ അവനെ ആവശ്യപ്പെടാം. അവനെ അങ്ങയുടെ മുന്‍പില്‍ തിരിയേ കൊണ്ടുവരുന്നില്ലെങ്കില്‍ ആ കുറ്റം എന്നും എന്‍െറ മേല്‍ ആയിരിക്കട്ടെ.
10. നമ്മള്‍ ഇത്രയും താമസിക്കാതിരുന്നെങ്കില്‍, ഇതിന കം രണ്ടാം പ്രാവശ്യം പോയി തിരിച്ചുവരാമായിരുന്നു.
11. അപ്പോള്‍ അവരുടെ പിതാവായ ഇസ്രായേല്‍ പറഞ്ഞു: കൂടിയേതീരൂ എങ്കില്‍ അപ്രകാരം ചെയ്യുക. നാട്ടിലെ വിശിഷ്‌ടോത്‌പന്നങ്ങള്‍ കുറേശ്‌ശെയെടുത്ത്‌ അവനു സമ്മാനമായി കൊണ്ടുപോവുക - തൈലം, തേന്‍, സുഗന്‌ധദ്രവ്യങ്ങള്‍, മീറാ, ബോട നണ്ടി, ബദാംപരിപ്പ്‌ എന്നിവയെല്ലാം.
12. പണം ഇരട്ടി എടുത്തുകൊള്ളണം, നിങ്ങളുടെ ചാക്കുകളില്‍ വച്ചു തിരിച്ചയ ച്ചപണവും കൊണ്ടുപോവുക. അതൊരു നോട്ടപ്പിശകായിരുന്നിരിക്കാം.
13. നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട്‌ അവന്‍െറ അടുത്തേക്കു പൊയ്‌ക്കൊള്ളുക.
14. സര്‍വശക്‌തനായദൈവം അവന്‍െറ മുന്‍പില്‍ നിങ്ങളോടു കാരുണ്യംകാണിക്കട്ടെ. അവന്‍ നിങ്ങളുടെ സഹോദരനെയും ബഞ്ചമിനെയും തിരിച്ചയയ്‌ക്കട്ടെ. മക്കള്‍ എനിക്കു നഷ്‌ടപ്പെടണമെന്നാണെങ്കില്‍ അങ്ങനെയുമാവട്ടെ!
15. സമ്മാനവും ഇരട്ടിത്തുകയുമെടുത്ത്‌ ബഞ്ചമിനോടുകൂടി അവര്‍ ഈജിപ്‌തിലെത്തി ജോസ ഫിന്‍െറ മുന്‍പില്‍ ഹാജരായി.
16. അവരുടെകൂടെ ബഞ്ചമിനെ കണ്ടപ്പോള്‍ ജോസഫ്‌ വീട്ടുകാര്യസ്‌ഥനെ വിളിച്ചുപറഞ്ഞു: ഇവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക. ഒരു മൃഗത്തെക്കൊന്നു സദ്യയൊരുക്കുക. ഇവര്‍ ഇന്നുച്ചയ്‌ക്ക്‌ എന്‍െറ കൂടെയായിരിക്കും ഭക്‌ഷണം കഴിക്കുക.
17. ജോസഫ്‌ പറഞ്ഞതുപോലെ അവന്‍ അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
18. വീട്ടിലെത്തിയപ്പോള്‍ അവര്‍ക്കു പേടിയായി. അവര്‍ പറഞ്ഞു: കഴിഞ്ഞതവണ ചാക്കില്‍ തിരിയേ വച്ചിരുന്ന പണം കാരണമാണ്‌ അവന്‍ നമ്മെഇവിടെ കൊണ്ടുവന്നിരിക്കുന്നത്‌.
19. അവസരമുണ്ടാക്കി നമ്മെകീഴ്‌പ്പെടുത്തി അടിമകളാക്കുകയും നമ്മുടെ കഴുതകളെ പിടിച്ചെടുക്കുകയുമാണ്‌ അവന്‍െറ ഉദ്‌ദേശ്യം.
20. അതുകൊണ്ട്‌, അവര്‍ വീട്ടുവാതില്‍ക്കല്‍വച്ച്‌ ജോസഫിന്‍െറ കാര്യസ്‌ഥനെ സമീപിച്ചു സംസാരിച്ചു. അവര്‍ പറഞ്ഞു:യജമാനനേ, മുന്‍പൊരിക്കല്‍ ധാന്യം വാങ്ങുന്നതിനു ഞങ്ങള്‍ ഇവിടെ വന്നിരുന്നു.
21. മടക്കയാത്രയില്‍ വഴിയമ്പലത്തില്‍ വച്ചു ചാക്കഴിച്ചപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും കൊടുത്തപണം ഞങ്ങളുടെ ചാക്കില്‍ത്തന്നെ ഇരിക്കുന്നു. ഞങ്ങള്‍ അതു തിരിയേക്കൊണ്ടു വന്നിട്ടുണ്ട്‌.
22. ധാന്യം വാങ്ങാന്‍ ഞങ്ങള്‍ വേറെപണവും കൊണ്ടുവന്നിട്ടുണ്ട്‌. പണം ചാക്കില്‍ തിരിയേ വച്ചത്‌ ആരെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
23. അവന്‍ പറഞ്ഞു: ശാന്തരായിരിക്കുവിന്‍, ഭയപ്പെടേണ്ടാ. നിങ്ങളുടെയും നിങ്ങളുടെ പിതാവിന്‍െറയും ദൈവമാണു നിങ്ങളുടെ ചാക്കുകളില്‍ നിധി നിക്‌ഷേപിച്ചത്‌. നിങ്ങളുടെ പണം ഞാന്‍ കൈപ്പറ്റിയതാണ്‌. അവന്‍ ശിമയോനെ അവരുടെയടുത്തേക്ക്‌ കൊണ്ടുവന്നു.
24. അനന്തരം അവരെ ജോസഫിന്‍െറ വീട്ടിനുള്ളില്‍കൊണ്ടുചെന്ന്‌ അവര്‍ക്കു വെള്ളം കൊടുത്തു. അവര്‍ കാല്‍കഴുകി.
25. കഴുതകള്‍ക്കും തീറ്റികൊടുത്തു. ഉച്ചയ്‌ക്ക്‌ ജോസഫ്‌ വരുന്നതിനുമുന്‍പ്‌ അവര്‍ സമ്മാനം ഒരുക്കിവച്ചു. കാരണം, അവിടെയായിരിക്കും തങ്ങള്‍ ഭക്‌ഷണം കഴിക്കുകയെന്ന്‌ അവര്‍ അറിഞ്ഞിരുന്നു.
26. ജോസഫ്‌ വീട്ടില്‍ വന്നപ്പോള്‍അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സമ്മാനം അവന്‍െറ യടുത്തു കൊണ്ടുചെന്നു. അവര്‍ അവനെ താണുവീണു വണങ്ങി. അവന്‍ അവരോട്‌ കുശലം ചോദിച്ചു:
27. നിങ്ങളുടെ പിതാവിനു സുഖം തന്നെയോ? നിങ്ങള്‍ പറഞ്ഞആ വൃദ്‌ധന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?
28. അവര്‍ പറഞ്ഞു: അങ്ങയുടെ ദാസനായ, ഞങ്ങളുടെ പിതാവിനു സുഖം തന്നെ. അദ്‌ദേഹം ജീവനോടിരിക്കുന്നു. അവര്‍ കുനിഞ്ഞ്‌ അവനെ വണങ്ങി.
29. അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ തന്‍െറ സഹോദരന്‍ ബഞ്ചമിനെകണ്ടു- തന്‍െറ അമ്മയുടെ മകന്‍ . അവന്‍ പറഞ്ഞു: ഇവനാണോ നിങ്ങള്‍ പറഞ്ഞഇളയ സഹോദരന്‍? മകനേ, ദൈവം നിന്നോടു കരുണ കാണിക്കട്ടെ.
30. തന്‍െറ സഹോദരനെപ്രതി ഹൃദയം തേങ്ങിയപ്പോള്‍ ജോസഫ്‌ കരയാനൊരിടം നോക്കി. കിടപ്പറയില്‍ പ്രവേശിച്ച്‌ അവന്‍ കരഞ്ഞു.
31. അവന്‍ മുഖം കഴുകി പുറത്തുവന്ന്‌, തന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ട്‌ പറഞ്ഞു: ഭക്‌ഷണം വിളമ്പുക.
32. അവനും അവര്‍ക്കും അവന്‍െറ കൂടെയുള്ള ഈജിപ്‌തുകാര്‍ക്കും അവര്‍ വേറെവേറെയാണ്‌ വിളമ്പിയത്‌. കാരണം, ഈജിപ്‌തുകാര്‍ യഹൂദരുടെകൂടെ ഭക്‌ഷണം കഴിക്കാറില്ല. അത്‌ ഈജിപ്‌തുകാര്‍ക്കു നിഷിദ്‌ധമായിരുന്നു.
33. മൂത്തവന്‍മുതല്‍ ഇളയവന്‍ വരെ മൂപ്പനുസരിച്ച്‌ അവര്‍ അവന്‍െറ മുന്‍പില്‍ ഇരുന്നു. അവര്‍ അമ്പരന്ന്‌ അന്യോന്യംനോക്കി.
34. ജോസഫ്‌ തന്‍െറ ആഹാരത്തില്‍നിന്ന്‌ ഓരോ പങ്ക്‌ അവര്‍ക്കു കൊടുത്തു. എന്നാല്‍ ബഞ്ചമിന്‍െറ പങ്ക്‌ മറ്റുള്ളവരുടേ തിന്‍െറ അഞ്ചിരട്ടിയായിരുന്നു. അവര്‍ കുടിച്ച്‌ അവനോടൊപ്പം ഉല്ലസിച്ചു.

Holydivine