Exodus - Chapter 32
Holy Bible

1. മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍, ജനം അഹറോന്‍െറ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്‍മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന്‌ എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല.
2. അഹറോന്‍ പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്‍മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണവളയങ്ങള്‍ ഊരിയെടുത്ത്‌ എന്‍െറ അടുത്തു കൊണ്ടുവരുവിന്‍.
3. ജനം തങ്ങളുടെ കാതുകളില്‍നിന്നു സ്വര്‍ണ വളയങ്ങളൂരി അഹറോന്‍െറ മുന്‍പില്‍ കൊണ്ടുചെന്നു.
4. അവന്‍ അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്‌തില്‍നിന്നു നിന്നെ കൊണ്ടുവന്ന ദേവന്‍മാര്‍.
5. അതു കണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുന്‍പില്‍ ഒരു ബലിപീഠം പണിതിട്ട്‌ ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ കര്‍ത്താവിന്‍െറ ഉത്‌സവദിനമായിരിക്കും.
6. അവര്‍ പിറ്റേന്ന്‌ അതിരാവിലെ ഉണര്‍ന്ന്‌ ദഹനയാഗങ്ങളും അനുരഞ്‌ജനയാഗങ്ങളും അര്‍പ്പിച്ചു; ജനം തീനും കുടിയും കഴിഞ്ഞ്‌ വിനോദങ്ങളിലേര്‍പ്പെട്ടു.
7. കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്‌തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിന്‍െറ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു.
8. ഞാന്‍ നിര്‍ദേശി ച്ചമാര്‍ഗത്തില്‍നിന്ന്‌ അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത്‌ അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്‌തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈ ജിപ്‌തില്‍നിന്നു കൊണ്ടുവന്ന ദേവന്‍മാര്‍ ഇതാ എന്ന്‌ അവര്‍ പറഞ്ഞിരിക്കുന്നു.
9. കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു: ഇവര്‍ ദുശ്‌ശാഠ്യക്കാരായ ഒരു ജനമാണെന്ന്‌ ഞാന്‍ കണ്ടുകഴിഞ്ഞു.
10. അതിനാല്‍, എന്നെതടയരുത്‌; എന്‍െറ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍നിന്ന്‌ ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും.
11. മോശ ദൈവമായ കര്‍ത്താവിനോടു കാരുണ്യംയാചിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, വലിയ ശക്‌തിയോടും കരബലത്തോടുംകൂടെ അങ്ങുതന്നെ ഈജിപ്‌തില്‍നിന്നു പുറത്തു കൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്‌?
12. മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്‌ദേശ്യത്തോടുകൂടിയാണ്‌ അവന്‍ അവരെ കൊണ്ടുപോയത്‌ എന്ന്‌ ഈജിപ്‌തുകാര്‍ പറയാനിടവരുത്തുന്നതെന്തിന്‌? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്‍മാറണമേ!
13. അവിടുത്തെ ദാസന്‍മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്‌ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ധിപ്പിക്കും, ഞാന്‍ വാഗ്‌ദാനംചെയ്‌തിട്ടുള്ള ഈ നാടു മുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അത്‌ എന്നേക്കും കൈവശമാക്കുകയും ചെയ്യും എന്ന്‌ അവിടുന്നുതന്നെ ശപഥം ചെയ്‌തു പറഞ്ഞിട്ടുണ്ടല്ലോ. കര്‍ത്താവു ശാന്തനായി.
14. തന്‍െറ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്ന്‌ അവിടുന്നു പിന്‍മാറി.
15. മോശ കൈകളില്‍ രണ്ട്‌ ഉടമ്പടിപ്പത്രികകളുമായി താഴേക്കിറങ്ങി. പലകകളുടെ ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു.
16. പലകകള്‍ ദൈവത്തിന്‍െറ കൈവേലയും അവയില്‍ കൊത്തിയിരുന്നത്‌ അവിടുത്തെ കൈയെഴുത്തുമായിരുന്നു.
17. ജനങ്ങള്‍ അട്ട ഹസിക്കുന്ന സ്വരം കേട്ടപ്പോള്‍ ജോഷ്വ മോശയോടു പറഞ്ഞു: പാളയത്തില്‍യുദ്‌ധത്തിന്‍െറ ശബ്‌ദം മുഴങ്ങുന്നു.
18. എന്നാല്‍, മോശ പറഞ്ഞു: ഞാന്‍ കേള്‍ക്കുന്നത്‌ വിജയത്തിന്‍െറ അട്ടഹാസമോ പരാജയത്തിന്‍െറ മുറവിളിയോ അല്ല; പാട്ടുപാടുന്ന ശബ്‌ദമാണ്‌.
19. മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതും കണ്ടു; അവന്‍െറ കോപം ആളിക്കത്തി. അവന്‍ കല്‍പലകകള്‍ വലിച്ചെറിഞ്ഞ്‌ മലയുടെ അടിവാരത്തില്‍ വച്ച്‌ അവ തകര്‍ത്തുകളഞ്ഞു.
20. അവന്‍ കാളക്കുട്ടിയെ എടുത്തു തീയിലിട്ടുചുട്ടു; അത്‌ ഇടിച്ചുപൊടിച്ചു പൊടി വെള്ളത്തില്‍ക്കലക്കി ഇസ്രായേല്‍ ജനത്തെക്കൊണ്ടു കുടിപ്പിച്ചു:
21. മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്‍െറ മേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്‌ക്കാന്‍ അവര്‍ നിന്നോട്‌ എന്തുചെയ്‌തു?
22. അഹറോന്‍ പറഞ്ഞു: അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിന്‌ തിന്‍മയിലേക്കുള്ള ചായ്‌വ്‌ അങ്ങേക്കറിവുള്ളതാണല്ലോ.
23. അവര്‍ എന്നോടു പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്കു ദേവന്‍മാരെ ഉണ്ടാക്കിത്തരുക. എന്തെന്നാല്‍, ഈജിപ്‌തില്‍നിന്നു ഞങ്ങളെ കൊണ്ടുവന്ന മോശ എന്ന മനുഷ്യന്‌ എന്തുസംഭവിച്ചു എന്നു ഞങ്ങള്‍ക്കറിവില്ല.
24. ഞാന്‍ പറഞ്ഞു: സ്വര്‍ണം കൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെ. അവര്‍ കൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു.
25. ജനത്തിന്‍െറ അഴിഞ്ഞാട്ടം മോശ കണ്ടു. ശത്രുക്കളുടെയിടയില്‍ സ്വയം ലജ്‌ജിത രാകത്തക്കവിധം അഴിഞ്ഞാടുന്നതിന്‌ അഹറോന്‍ അവരെ അനുവദിച്ചിരുന്നു.
26. മോശ പാളയത്തിന്‍െറ വാതില്‍ക്കല്‍ നിന്നുകൊണ്ടു പറഞ്ഞു: കര്‍ത്താവിന്‍െറ പക്‌ഷത്തുള്ളവര്‍ എന്‍െറ അടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്‍മാരെല്ലാവരും അവന്‍െറ അടുക്കല്‍ ഒന്നിച്ചുകൂടി.
27. അവന്‍ അവരോടു പറഞ്ഞു: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യനും തന്‍െറ വാള്‍ പാര്‍ശ്വത്തില്‍ ധരിക്കട്ടെ. പാളയത്തിലുടനീളം കവാടംതോറും ചെന്ന്‌ ഓരോരുത്തനും തന്‍െറ സഹോദരനെയും സ്‌നേഹിതനെയും അയല്‍ക്കാരനെയും നിഗ്രഹിക്കട്ടെ.
28. ലേവിയുടെ പുത്രന്‍മാര്‍ മോശയുടെ കല്‍പനയനുസരിച്ചു പ്രവര്‍ത്തിച്ചു. അന്നേദിവസം മൂവായിരത്തോളം പേര്‍ മരിച്ചു വീണു.
29. മോശ പറഞ്ഞു: കര്‍ത്താവിന്‍െറ ശുശ്രൂഷയ്‌ക്കായി ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. ഓരോരുത്തനും തന്‍െറ പുത്രനും സഹോദരനുമെതിരായി നിന്നതുകൊണ്ട്‌ കര്‍ത്താവ്‌ നിങ്ങള്‍ക്ക്‌ ഇന്ന്‌ ഒരനുഗ്രഹം തരും.
30. പിറേറദിവസം മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ കഠിനപാപം ചെയ്‌തിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്‍െറ അടുത്തേക്കു കയറിച്ചെല്ലാം; നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്ക്‌ കഴിഞ്ഞേക്കും.
31. മോശ കര്‍ത്താവിന്‍െറ യടുക്കല്‍ തിരിച്ചു ചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്‌തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണംകൊണ്ടു ദേവന്‍മാരെ നിര്‍മിച്ചു.
32. അവിടുന്നു കനിഞ്ഞ്‌ അവരുടെ പാപം ക്‌ഷമിക്കണം; അല്ലെങ്കില്‍, അവിടുന്ന്‌ എഴുതിയിട്ടുള്ള പുസ്‌തകത്തില്‍ നിന്ന്‌ എന്‍െറ പേരു മായിച്ചു കളഞ്ഞാലും.
33. അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: എനിക്കെതിരായി പാപം ചെയ്‌തവനെയാണ്‌ എന്‍െറ പുസ്‌തകത്തില്‍ നിന്നും ഞാന്‍ തുടച്ചുനീക്കുക.
34. നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്‌ഥലത്തേക്കു ജനത്തെനയിക്കുക. എന്‍െറ ദൂതന്‍ നിന്‍െറ മുന്‍പേ പോകും. എങ്കിലും ഞാന്‍ അവരെ സന്‌ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി അവരെ ശിക്‌ഷിക്കും.
35. കാളക്കുട്ടിയെ നിര്‍മിക്കാന്‍ അവര്‍ അഹറോനെ നിര്‍ബന്‌ധിച്ചതിനാല്‍ കര്‍ത്താവ്‌ അവരുടെ മേല്‍ മഹാമാരി അയച്ചു.

Holydivine