Esther - Chapter 8
Holy Bible

1. ഈ സംഭവം അറിഞ്ഞമൊര്‍ദെക്കായ്‌, വസ്‌ത്രം കീറി, ചാക്കുടുത്ത്‌, ചാരം പൂശി, അത്യുച്ചത്തില്‍ ദയനീയമായി നിലവിളിച്ചുകൊണ്ടു നഗരമധ്യത്തിലേക്കു ചെന്നു.
2. അവന്‍ രാജാവിന്‍െറ പടിവാതിലോളം ചെന്നു നിന്നു; കാരണം ചാക്കുവസ്‌ത്രമുടുത്ത്‌ ആര്‍ക്കും രാജാവിന്‍െറ വാതില്‍ കടന്നുകൂടായിരുന്നു.
3. രാജകല്‍പനയും വിളംബരവും എത്തിയ എല്ലാ പ്രവിശ്യകളിലും യഹൂദരുടെയിടയില്‍ ഉപവാസവും കരച്ചിലും നിലവിളിയും ഉണ്ടായി. ഏറെപ്പേരും ചാക്കുടുത്ത്‌ ചാരത്തില്‍ കിടന്നു.
4. തോഴിമാരും ഷണ്‍ഡന്‍മാരും പറഞ്ഞ്‌ ഇതെല്ലാം അറിഞ്ഞ്‌ എസ്‌തേര്‍ അത്യന്തം പര്യാകുലയായി; ചാക്കുവസ്‌ത്രത്തിനുപകരം ധരിക്കാന്‍ വസ്‌ത്രങ്ങള്‍ അവള്‍ മൊര്‍ദെക്കായ്‌ക്കു കൊടുത്തയച്ചു; പക്‌ഷേ അവന്‍ അതു സ്വീകരിച്ചില്ല.
5. തന്നെ ശുശ്രൂഷിക്കാന്‍ നിയുക്‌തനായിരുന്നവനും രാജാവിന്‍െറ ഷണ്‍ഡന്‍മാരിലൊരുവനുമായ ഹഥാക്കിനെ വിളിച്ച്‌ എസ്‌തേര്‍ ഇതെല്ലാം എന്താണെന്നും എന്തിനാണെന്നും അറിയാന്‍ മൊര്‍ദെക്കായുടെ അടുത്തേക്ക്‌ അയച്ചു.
6. അവന്‍ രാജാവിന്‍െറ പടിവാതിലിനു മുന്‍പില്‍ നഗരത്തിന്‍െറ പൊതുസ്‌ഥലത്തു നിന്നിരുന്ന മൊര്‍ദെക്കായുടെ അടുത്തെത്തി.
7. തനിക്കു സംഭവിച്ചതും യഹൂദരെ നശിപ്പിക്കാന്‍ രാജ ഭണ്‍ഡാരത്തിലേക്കു കൊടുക്കാമെന്നു ഹാമാന്‍ വാഗ്‌ദാനം ചെയ്‌ത പണത്തിന്‍െറ കണിശമായ സംഖ്യയും മൊര്‍ദെക്കായ്‌ അവനോടു പറഞ്ഞു.
8. രാജ്‌ഞിയെ കാണിച്ച്‌ അവള്‍ക്കു വിശദീകരിച്ചുകൊടുത്ത്‌ തന്‍െറ ജനതയ്‌ക്കുവേണ്ടി രാജാവിനോടുയാചിക്കാന്‍ അവളെ പ്രരിപ്പിക്കാന്‍വേണ്ടി, തങ്ങളെ നശിപ്പിക്കാന്‍ സൂസായില്‍ പ്രസിദ്‌ധപ്പെടുത്തിയ വിളംബരത്തിന്‍െറ ഒരു പകര്‍പ്പ്‌ മൊര്‍ദെക്കായ്‌ അവനെ ഏല്‍പിച്ചു. ഞാന്‍ നിന്നെ പരിപാലി ച്ചനിന്‍െറ എളിയ ദിനങ്ങളെ ഓര്‍ക്കുക. രാജാവിനു തൊട്ടടുത്ത സ്‌ഥാനമുള്ള ഹാമാന്‍ ഞങ്ങളുടെ നാശത്തിനുവേണ്ടി ഞങ്ങള്‍ക്കെതിരേ സംസാരിച്ചിരിക്കുന്നു. കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ഞങ്ങളെപ്പറ്റി രാജാവിനോടു സംസാരിച്ച്‌ ഞങ്ങളെ മരണത്തില്‍നിന്നു രക്‌ഷിക്കുകയും ചെയ്യുക.
9. ഹഥാക്ക്‌ ചെന്നു മൊര്‍ദെക്കായ്‌ പറഞ്ഞത്‌ എസ്‌തേറിനെ ധരിപ്പിച്ചു.
10. അപ്പോള്‍ അവള്‍ ഹഥാക്ക്‌വഴി ഒരു സന്‌ദേശം മൊര്‍ദെക്കായെ അറിയിച്ചു.
11. എല്ലാ രാജസേവകന്‍മാര്‍ക്കും രാജാവിന്‍െറ പ്രവിശ്യകളിലെ ആളുകള്‍ക്കും അറിയാം, വിളിക്കപ്പെടാതെ ആരെങ്കിലും - ആണായാലും പെണ്ണായാലും - അകത്തെ അങ്കണത്തില്‍ രാജസന്നിധിയില്‍ പ്രവേശിച്ചാല്‍ നിയമം ഒന്നേയുള്ളു- രാജാവ്‌ തന്‍െറ സ്വര്‍ണച്ചെങ്കോല്‍ അവന്‍െറ നേരേ നീട്ടുന്നില്ലെങ്കില്‍ അവന്‍ വധിക്കപ്പെടണം. മുപ്പതു ദിവസമായി രാജാവ്‌ എന്നെ വിളിച്ചിട്ടില്ല.
12. എസ്‌തേര്‍ പറഞ്ഞത്‌ അവര്‍ മൊര്‍ദെക്കായെ അറിയിച്ചു.
13. അപ്പോള്‍ മൊര്‍ദെക്കായ്‌ എസ്‌തേറിനു മറുപടി കൊടുത്തു: നീ രാജകൊട്ടാരത്തില്‍ മറ്റു യഹൂദരെക്കാള്‍ അല്‍പമെങ്കിലും കൂടുതല്‍ സുരക്‌ഷിതയായിരിക്കുമെന്നു കരുതേണ്ടാ.
14. ഇതുപോലൊരു സമയത്ത്‌ നീ മൗനം പാലിച്ചാല്‍ യഹൂദര്‍ക്കു മറ്റൊരിടത്തുനിന്ന്‌ ആശ്വാസവും മോച നവും വരും. പക്‌ഷേ, നീയും നിന്‍െറ പിതൃഭവനവും നശിക്കും. ഇത്തരം ഒരു കാലത്തേക്കായിട്ടല്ല, നീ രാജ്‌ഞീസ്‌ഥാനത്ത്‌ വന്നിരിക്കുന്നതെന്ന്‌ ആര്‍ക്കറിയാം?
15. അപ്പോള്‍ മൊര്‍ദെക്കായോടു പറയേണ്ട ഉത്തരം എസ്‌തേര്‍ അവര്‍ക്കു നല്‍കി:
16. നീ പോയി സൂസായിലുള്ള സകല യഹൂദരെയും ഒരുമിച്ചുകൂട്ടി എനിക്കുവേണ്ടി ഉപവസിക്കുക. മൂന്നുദിവസം രാത്രിയും പകലും എന്തെങ്കിലും ഭക്‌ഷിക്കുകയോ പാനം ചെയ്യുകയോ അരുത്‌. ഞാനും എന്‍െറ തോഴിമാരും നിങ്ങളെപ്പോലെ തന്നെ ഉപവസിക്കും. പിന്നെ, നിയമത്തിനെതിരാണെങ്കിലും ഞാന്‍ രാജാവിന്‍െറ അടുത്തു പോകും; ഞാന്‍ നശിക്കുന്നെങ്കില്‍ നശിക്കട്ടെ.
17. എസ്‌തേര്‍ പറഞ്ഞതുപോലെ മൊര്‍ദെക്കായ്‌ ചെയ്‌തു.

Holydivine