2 Samuel - Chapter 1
Holy Bible

1. സാവൂളിന്‍െറ മരണത്തിനുശേഷം, ദാവീദ്‌ അമലേക്യരെ കീഴടക്കി; മടങ്ങിവന്നു സിക്‌ലാഗില്‍ രണ്ടു ദിവസം പാര്‍ത്തു.
2. മൂന്നാംദിവസം സാവൂളിന്‍െറ പാളയത്തില്‍നിന്ന്‌ ഒരാള്‍ വസ്‌ത്രം കീറിക്കൊണ്ടും തലയില്‍ പൂഴിവാരിയിട്ടുകൊണ്ടും ദാവീദിന്‍െറ അടുക്കല്‍ വന്നു സാഷ്‌ടാംഗം നമസ്‌കരിച്ചു.
3. നീ എവിടെനിന്നു വരുന്നു എന്ന്‌ ദാവീദ്‌ ചോദിച്ചതിന്‌ ഇസ്രായേല്‍ പാളയത്തില്‍നിന്ന്‌ ഞാന്‍ ഓടിപ്പോന്നിരിക്കയാണ്‌ എന്ന്‌ അവന്‍ മറുപടി നല്‍കി.
4. ദാവീദ്‌ വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവന്‍ മറുപടി പറഞ്ഞു: നമ്മുടെ സൈന്യം തോറ്റോടി. ഒട്ടേറെപ്പേര്‍ മരിച്ചുവീണു. സാവൂളും മകന്‍ ജോനാഥാനും കൊല്ലപ്പെട്ടു.
5. ദാവീദ്‌ അവനോടു ചോദിച്ചു: സാവൂളും ജോനാഥാനും മരിച്ചെന്ന്‌ നീ എങ്ങനെ അറിഞ്ഞു?
6. അവന്‍ പറഞ്ഞു:യദൃച്‌ഛയാ ഞാന്‍ ഗില്‍ബോവക്കുന്നിലെത്തി. അവിടെ സാവൂള്‍ കുന്തം ഊന്നി നില്‍ക്കുന്നതും ശത്രുക്കളുടെ രഥങ്ങളും കുതിരപ്പടയും അവന്‍െറ അടുത്തേക്കു പാഞ്ഞുവരുന്നതും ഞാന്‍ കണ്ടു.
7. അവന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ എന്നെ കണ്ട്‌, എന്നെ വിളിച്ചു. ഞാന്‍ വിളികേട്ടു.
8. അവന്‍ ചോദിച്ചു: നീ ആരാണ്‌? ഒരു അമലേക്യന്‍, ഞാന്‍ മറുപടി പറഞ്ഞു.
9. അവന്‍ എന്നോടു പറഞ്ഞു: വന്ന്‌ എന്നെ കൊല്ലുക; ഞാന്‍ ഇതാ വേദനകൊണ്ടു നീറുന്നു; എന്‍െറ പ്രാണന്‍ വിട്ടുപോകുന്നില്ലല്ലോ.
10. അപ്പോള്‍ ഞാന്‍ അടുത്തുചെന്ന്‌ അവനെ വധിച്ചു. അവന്‍ വീണുപോയാല്‍ മരിക്കുമെന്ന്‌ എനിക്കുറപ്പായിരുന്നു. അവന്‍ ധരിച്ചിരുന്ന കിരീടവും തോള്‍വളയും ഞാന്‍ എടുത്തു. ഇതാ, അവ അങ്ങയുടെ അടുക്കല്‍ ഞാന്‍ കൊണ്ടുവന്നിരിക്കുന്നു.
11. അപ്പോള്‍, ദാവീദ്‌ ദുഃഖാതിരേകത്താല്‍ വസ്‌ത്രം കീറി. കൂടെയുള്ളവരും അങ്ങനെ ചെയ്‌തു.
12. സാവൂളും മകന്‍ ജോനാഥാനും കര്‍ത്താവിന്‍െറ ജനമായ ഇസ്രായേല്‍കുടുംബാംഗങ്ങളുംയുദ്‌ധത്തില്‍ കൊല്ലപ്പെട്ടതിനാല്‍ അവര്‍ ദുഃഖിച്ച്‌ വിലപിക്കുകയും സന്‌ധ്യവരെ ഉപവസിക്കുകയും ചെയ്‌തു.
13. വിവരം പറഞ്ഞയുവാവിനോട്‌, നീ എവിടെനിന്നു വരുന്നു എന്ന്‌ ദാവീദ്‌ ചോദിച്ചതിന്‌ ഇവിടെ വന്നു പാര്‍ക്കുന്ന ഒരു അമലേക്യന്‍ എന്ന്‌ അവന്‍ ഉത്തരം നല്‍കി.
14. ദാവീദ്‌ അവനോടു ചോദിച്ചു: കര്‍ത്താവിന്‍െറ അഭിഷിക്‌തനെ വധിക്കാന്‍ കൈനീട്ടുന്നതിനു നീ എങ്ങനെ ധൈര്യപ്പെട്ടു?
15. ദാവീദ്‌ സേവ കരില്‍ ഒരുവനെ വിളിച്ച്‌ അവനെ കൊന്നുകളയുക എന്ന്‌ ആജ്‌ഞാപിച്ചു. അവന്‍ ആ അമലേക്യനെ വധിച്ചു.
16. ദാവീദ്‌ അമലേക്യനോടു പറഞ്ഞു: നിന്‍െറ രക്‌തത്തിന്‌ ഉത്തര വാദി നീ തന്നെ, കര്‍ത്താവിന്‍െറ അഭിഷിക്‌തനെ ഞാന്‍ കൊന്നുവെന്ന്‌ നിന്‍െറ വായ്‌ കൊണ്ടുതന്നെ നീ നിനക്കെതിരേ സാക്‌ഷ്യം പറഞ്ഞുവല്ലോ.
17. സാവൂളിനെയും മകന്‍ ജോനാഥാനെയും കുറിച്ച്‌ ദാവീദ്‌ ഒരു വിലാപഗാനം പാടി.
18. യൂദാജനങ്ങളെ അതു പഠിപ്പിക്കണമെന്ന്‌ ആജ്‌ഞാപിക്കുകയും ചെയ്‌തു.യാഷാറിന്‍െറ പുസ്‌തകത്തില്‍ ഇതു രേഖപ്പെടുത്തിയിരിക്കുന്നു.
19. ഇസ്രായേലേ, നിന്‍െറ മഹത്വം നിന്‍െറ ഗിരികളില്‍ നിഹതമായി ശക്‌തന്‍മാര്‍ നിപതിച്ചതെങ്ങനെ? ഗത്തില്‍ ഇതു പറയരുത്‌.
20. അഷ്‌ക്കലോന്‍ തെരുവുകളില്‍ ഇതു പ്രസിദ്‌ധമാക്കരുത്‌. ഫിലിസ്‌ത്യപുത്രിമാര്‍ സന്തോഷിക്കാതിരിക്കാനും വിജാതീയ പുത്രിമാര്‍ ആര്‍പ്പിടാതിരിക്കാനും തന്നെ.
21. ഗില്‍ബോവാപര്‍വതങ്ങളേ, നിങ്ങളില്‍ മഞ്ഞോ മഴയോ പെയ്യാതിരിക്കട്ടെ! നിങ്ങളുടെ നിലങ്ങള്‍ ഫലശൂന്യമാകട്ടെ! എന്തെന്നാല്‍, അവിടെയല്ലോ, ശക്‌തന്‍മാരുടെ പരിച അവഹേളിക്കപ്പെട്ടത്‌, അവിടെയല്ലോ സാവൂളിന്‍െറ പരിച എണ്ണ പുരട്ടാതെ കിടന്നത്‌.
22. നിഹതന്‍മാരുടെ രക്‌തത്തില്‍നിന്നും ശക്‌തന്‍മാരുടെ മേദസ്‌സില്‍നിന്നും ജോനാഥാന്‍െറ വില്ല്‌ പിന്തിരിഞ്ഞില്ല. സാവൂളിന്‍െറ വാള്‍ വൃഥാ പിന്‍വാങ്ങിയില്ല.
23. സാവൂളും ജോനാഥാനും, പ്രിയരും പ്രാണപ്രിയരും, ജീവിതത്തിലും മരണത്തിലും, അവര്‍ വേര്‍പിരിഞ്ഞില്ല. കഴുകനെക്കാള്‍ വേഗമുള്ളവര്‍! സിംഹത്തെക്കാള്‍ ബലമുള്ളവര്‍!
24. ഇസ്രായേല്‍ പുത്രിമാരേ,സാവൂളിനെച്ചൊല്ലി കരയുവിന്‍. അവന്‍ നിങ്ങളെ മോടിയായി കടുംചെമപ്പുടുപ്പിച്ചു; ആടകളില്‍ പൊന്നാഭരണമണിയിച്ചു.
25. യുദ്‌ധത്തില്‍ ശക്‌തന്‍മാര്‍ വീണതെങ്ങനെ? നിന്‍െറ ഗിരികളില്‍ ജോനാഥാന്‍ വധിക്കപ്പെട്ടു കിടക്കുന്നു.
26. സോദരാ, ജോനാഥാന്‍, നിന്നെയോര്‍ത്തു ഞാന്‍ ദുഃഖിക്കുന്നു; നീ എനിക്ക്‌ അതിവത്‌സലനായിരുന്നു;എന്നോടുള്ള നിന്‍െറ സ്‌നേഹം സ്‌ത്രീകളുടെ പ്രമത്തെക്കാള്‍ അഗാധമായിരുന്നു.
27. ശക്‌തന്‍മാര്‍ വീണുപോയതും ആയുധങ്ങള്‍ തകര്‍ന്നുപോയതുമെങ്ങനെ?

Holydivine