2 Maccabees - Chapter 1
Holy Bible

1. ഈജിപ്‌തിലെ യഹൂദ സഹോദരന്‍മാര്‍ക്ക്‌ ജറുസലെമിലും യൂദയാദേശത്തുമുള്ള യഹൂദസഹോദരര്‍ സമാധാനം ആശംസിക്കുന്നു.
2. ദൈവം നിങ്ങള്‍ക്കു ശുഭം വരുത്തുകയും തന്‍െറ വിശ്വസ്‌തദാസന്‍മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്‌ത ഉടമ്പടി സ്‌മരിക്കുകയും ചെയ്യട്ടെ!
3. സര്‍വാത്‌മനാ അവിടുത്തെ ഹിതം അനുവര്‍ത്തിക്കുന്നതിനും നിങ്ങളെ അനുഗ്രഹിക്കട്ടെ!
4. തന്‍െറ കല്‍പനകളും പ്രമാണങ്ങളും പ്രവേശിക്കാന്‍ അവിടുന്ന്‌ നിങ്ങളുടെ ഹൃദയം തുറക്കുകയും നിങ്ങള്‍ക്കു സമാധാനം നല്‍കുകയും ചെയ്യട്ടെ!
5. അവിടുന്ന്‌ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കുകയും നിങ്ങളോടു രഞ്‌ജിപ്പിലാവുകയും ചെയ്യട്ടെ! കഷ്‌ടകാലത്തു നിങ്ങളെ അവിടുന്നു കൈവെടിയാതിരിക്കട്ടെ!
6. ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു.
7. നൂറ്റിയറുപത്തൊന്‍പതാംവര്‍ഷം ദമെത്രിയൂസിന്‍െറ ഭരണകാലത്ത്‌ യഹൂദരായ ഞങ്ങള്‍ക്കു കഠിനയാതനകള്‍ നേരിട്ടപ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്കെഴുതിയിരുന്നു. അക്കാലത്തു ജാസനും കൂട്ടരും വിശുദ്‌ധദേശത്തും രാജ്യം മുഴുവനിലും കലാപമുണ്ടാക്കുകയും
8. ദേവാലയ കവാടങ്ങള്‍ കത്തിച്ചുകളയുകയും നിഷ്‌കളങ്കരക്‌തം ചിന്തുകയും ചെയ്‌തു. ഞങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും അവിടുന്ന്‌ അതു കേള്‍ക്കുകയും ചെയ്‌തു. ഞങ്ങള്‍ ദഹനബലികളും ധാന്യബലികളും അര്‍പ്പിച്ചു. ദീപം തെളിക്കുകയും കാഴ്‌ചയപ്പം ഒരുക്കിവയ്‌ക്കുകയും ചെയ്‌തു.
9. നൂറ്റിയെണ്‍പത്തെട്ടാംവര്‍ഷം കിസ്‌ലേവുമാസത്തില്‍ കൂടാരത്തിരുനാള്‍ ആഘോഷിക്കാന്‍ നിങ്ങള്‍ ശ്രദ്‌ധിക്കണം.
10. ജറുസലെമിലും യൂദയായിലുമുള്ള വരും, ആലോചനാസംഘവും യൂദാസും, അഭിഷിക്‌തപുരോഹിതന്‍മാരുടെ ഭവനത്തില്‍പെട്ടവനും ടോളമി രാജാവിന്‍െറ ഗുരുവുമായ അരിസ്‌തോബുലൂസിനും ഈജിപ്‌തിലെ യഹൂദര്‍ക്കും അഭിവാദനങ്ങളര്‍പ്പിക്കുകയും ആയുരാരോഗ്യങ്ങള്‍ നേരുകയും ചെയ്യുന്നു.
11. കൊടിയവിപത്തുകളില്‍നിന്നു ഞങ്ങളെ രക്‌ഷിക്കുകയും രാജാവിനെതിരേ ഞങ്ങളെ തുണയ്‌ക്കുകയും ചെയ്‌ത ദൈവത്തിനു ഞങ്ങള്‍ കൃതജ്‌ഞത സമര്‍പ്പിക്കുന്നു.
12. വിശുദ്‌ധ നഗരത്തെ ആക്രമിച്ചവരെ അവിടുന്ന്‌ തുരത്തി.
13. പേര്‍ഷ്യായിലെത്തിയ സേനാധിപതിയും അപ്രതിരോധ്യമായ സേനയും നനെയാക്‌ഷേത്രത്തില്‍ വച്ച്‌ നനെയായുടെ പുരോഹിതന്‍മാരുടെ ചതിപ്രയോഗത്താല്‍ വധിക്കപ്പെട്ടു.
14. വന്‍പി ച്ചക്‌ഷേത്രനിക്‌ഷേപം സ്‌ത്രീധനമായി കൈവശമാക്കാന്‍ മോഹി ച്ചഅന്തിയോക്കസ്‌ നനെയാദേവിയെ പരിഗ്രഹിക്കാനെന്ന ഭാവേന അനുചരന്‍മാരുമൊത്ത്‌ അവിടെയെത്തി.
15. ക്‌ഷേത്രപുരോഹിതന്‍മാര്‍ നിക്‌ഷേപങ്ങള്‍ അവരുടെ മുന്‍പില്‍ നിരത്തിവച്ചു. അന്തിയോക്കസ്‌ ഏതാനും പേരോടുകൂടെ ക്‌ഷേത്രവളപ്പില്‍ പ്രവേശിച്ചയുടനെ അവര്‍ വാതില്‍ അടച്ചു.
16. മച്ചിലെ ഒളിവാതില്‍ തുറന്ന്‌ കല്ലെറിഞ്ഞ്‌ അവര്‍ സേനാധിപതിയെയും അനുയായികളെയും വീഴ്‌ത്തി; അംഗഭംഗപ്പെടുത്തുകയും തലവെട്ടി പുറത്തുള്ളവര്‍ക്ക്‌ എറിഞ്ഞുകൊടുക്കുകയും ചെയ്‌തു.
17. അധര്‍മികള്‍ക്കു തക്ക ശിക്‌ഷ നല്‍കിയ ദൈവം എല്ലാ വിധത്തിലും വാഴ്‌ത്തപ്പെടട്ടെ!
18. കിസ്‌ലേവുമാസം ഇരുപത്തഞ്ചാംദിവസം ഞങ്ങള്‍ ദേവാലയ ശുദ്‌ധീകരണത്തിരുനാള്‍ ആഘോഷിക്കുന്ന വിവരം നിങ്ങളും അറിയേണ്ടതാണ്‌. കാരണം, കൂടാരത്തിരുനാളും, ദേവാലയവും ബലിപീഠവും നിര്‍മി ച്ചനെഹെമിയാ ബലികളര്‍പ്പിച്ചപ്പോള്‍ നല്‍കപ്പെട്ട അഗ്‌നിയുടെ തിരുനാളും നിങ്ങളും ആഘോഷിക്കേണ്ടതാണല്ലോ.
19. നമ്മുടെ പിതാക്കന്‍മാര്‍ അടിമകളായി പേര്‍ഷ്യയിലേക്കു നയിക്കപ്പെട്ടപ്പോള്‍ ഭക്‌തന്‍മാരായ പുരോഹിതന്‍മാര്‍ ബലിപീഠത്തില്‍നിന്ന്‌ അല്‍പം അഗ്‌നിയെടുത്ത്‌ പൊട്ടക്കിണറ്റില്‍ ഒളിച്ചു വച്ചു. അതു രഹസ്യമായിരിക്കാന്‍ അവര്‍ വേണ്ട മുന്‍കരുതലുകളും ചെയ്‌തു.
20. വളരെക്കൊല്ലങ്ങള്‍ക്കുശേഷം ദൈവകൃപയാല്‍ പേര്‍ഷ്യാരാജാവ്‌ നിയോഗി ച്ചനെഹെമിയാ, പുരോഹിതന്‍മാര്‍ ഒളിച്ചു സൂക്‌ഷി ച്ചഅഗ്‌നി എടുത്തുകൊണ്ടു വരാന്‍ അവരുടെ പിന്‍ഗാമികളോടു നിര്‍ദേശിച്ചു. അവര്‍ മടങ്ങിവന്ന്‌ അഗ്‌നി കണ്ടെണ്ടത്തിയില്ലെന്നും എന്നാല്‍, ഒരു കൊഴുത്ത ദ്രാവകം കണ്ടെന്നും അറിയിച്ചു. അതു കോരിക്കൊണ്ടുവരാന്‍ നെഹെമിയാ ആജ്‌ഞാപിച്ചു.
21. ബലിവസ്‌തുക്കള്‍ ഒരുക്കുമ്പോള്‍ വിറകിന്‍മേലും ബലിവസ്‌തുവിന്‍മേലും ആ ദ്രാവകം തളിക്കാന്‍ പുരോഹിതന്‍മാരോട്‌ അവന്‍ നിര്‍ദേശിച്ചു.
22. അപ്രകാരംചെയ്‌ത്‌ അല്‍പനേരം കഴിഞ്ഞപ്പോള്‍ മേഘാവൃതമായിരുന്ന സൂര്യന്‍ തെളിയുകയും വലിയൊരഗ്‌നി ആളിക്കത്തുകയുംചെയ്‌തു. എല്ലാവരും അദ്‌ഭുതപ്പെട്ടു.
23. ബലിവസ്‌തു ദഹിക്കുമ്പോള്‍ പുരോഹിതന്‍മാരും ജനങ്ങളും പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ജോനാഥാന്‍ പ്രാര്‍ഥന നയിക്കുകയും ജനം നെഹെമിയായോടൊത്ത്‌ പ്രതിവചനം ചൊല്ലുകയും ചെയ്‌തു.
24. അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: സകലത്തിന്‍െറയും സ്രഷ്‌ടാവും ദൈവവുമായ കര്‍ത്താവേ, ഏകരാജാവും ദയാലുവുമായ അങ്ങ്‌ ഭീതികരനും ബലവാനും നീതിമാനും കാരുണ്യവാനുമാണ്‌.
25. അങ്ങുമാത്രമാണ്‌, ഉദാരനും നീതിമാനും സര്‍വശക്‌തനും നിത്യനുമായവന്‍. എല്ലാ തിന്‍മകളിലും നിന്ന്‌ ഇസ്രായേലിനെ അങ്ങ്‌ രക്‌ഷിക്കുന്നു. അങ്ങ്‌ ഞങ്ങളുടെ പിതാക്കന്‍മാരെ തിരഞ്ഞെടുത്തു വിശുദ്‌ധീകരിച്ചു.
26. ഇസ്രായേല്‍മക്കള്‍ക്കുവേണ്ടി ഈ ബലി സ്വീകരിക്കുകയും അങ്ങയുടെ ഓഹരിയായ അവരെ കാത്തുരക്‌ഷിക്കുകയും പവിത്രീകരിക്കുകയും ചെയ്യണമേ!
27. ചിതറിപ്പോയ ഞങ്ങളുടെ ജനത്തെ ഒന്നിച്ചുകൂട്ടുകയും വിജാതീയരുടെ ഇടയില്‍ അടിമകളായിത്തീര്‍ന്നവരെ സ്വതന്ത്രരാക്കുകയും ചെയ്യണമേ! നിന്‌ദിതരെയും പുറന്തള്ളപ്പെട്ടവരെയും കടാക്‌ഷിക്കണമേ! അവിടുന്നാണ്‌ ഞങ്ങളുടെ ദൈവമെന്നു വിജാതീയര്‍ അറിയാന്‍ ഇടയാകട്ടെ!
28. മര്‍ദകരെയും അ ഹങ്കാരംകൊണ്ടു മദിച്ചവരെയും ശിക്‌ഷിക്കണമേ!
29. മോശ പറഞ്ഞിട്ടുള്ളതുപോലെ അങ്ങയുടെ ജനത്തെ വിശുദ്‌ധസ്‌ഥലത്തു നട്ടുവളര്‍ത്തണമേ!
30. അനന്തരം, പുരോഹിതന്‍മാര്‍ കീര്‍ത്തനങ്ങളാലപിച്ചു.
31. ബലിവസ്‌തു ദഹിച്ചുകഴിഞ്ഞപ്പോള്‍ ബാക്കിയുണ്ടായിരുന്ന ദ്രാവകം വലിയ കല്ലുകളുടെമേല്‍ ഒഴിക്കുന്നതിനു നെഹെമിയാ കല്‍പിച്ചു.
32. അങ്ങനെ ചെയ്‌തപ്പോള്‍ ഒരു അഗ്‌നിജ്വാല ഉണ്ടായി. ബലിപീഠത്തില്‍നിന്നുള്ള പ്രകാശം തട്ടിയപ്പോള്‍ ആ ജ്വാല കെട്ടടങ്ങി.
33. ഈ വസ്‌തുത പ്രസിദ്‌ധമായി. പ്രവാസത്തിലേക്കു നയിക്കപ്പെട്ട പുരോഹിതന്‍മാര്‍ അഗ്‌നി സൂക്‌ഷിച്ചിരുന്ന സ്‌ഥലത്ത്‌ ഒരു ദ്രാവകം കണ്ടെന്നും അതുപയോഗിച്ച്‌ നെഹെമിയായും അനുചരന്‍മാരും ബലിവസ്‌തുക്കള്‍ ദഹിപ്പിച്ചെന്നും കേട്ട
34. പേര്‍ഷ്യാ രാജാവ്‌ വസ്‌തുതകളെപ്പറ്റി അന്വേഷിക്കുകയും ആ സ്‌ഥലം വിശുദ്‌ധമായി പ്രഖ്യാപിച്ചു ചുറ്റും മതിലുകെട്ടുകയും ചെയ്‌തു.
35. തനിക്കു പ്രീതി തോന്നിയവര്‍ക്കെല്ലാം രാജാവ്‌ നല്ല സമ്മാനം കൊടുത്തു.
36. നെഹെമിയായും അനുചരന്‍മാരും ആ സ്‌ഥലത്തിനു ശുദ്‌ധീകരണം എന്നര്‍ഥമുള്ള നെഫ്‌ത്താര്‍ എന്നു പേരിട്ടു. എന്നാല്‍ അധികം പേരും നഫ്‌ത്താ എന്നു വിളിക്കുന്നു.

Holydivine