1 Maccabees - Chapter 1
Holy Bible

1. ഫിലിപ്പിന്‍െറ പുത്രനും മക്കദോനിയാക്കാരനുമായ അലക്‌സാണ്ടര്‍ കിത്തിം ദേശത്തുനിന്നുവന്ന്‌ പേര്‍ഷ്യാക്കാരുടെയും മെദിയാക്കാരുടെയും രാജാവായ ദാരിയൂസിനെ കീഴടക്കി, ഭരണം ഏറ്റെടുത്തു. അതിനു മുന്‍പുതന്നെ അവന്‍ ഗ്രീസിന്‍െറ രാജാവായിരുന്നു.
2. അവന്‍ നിരവധിയുദ്‌ധങ്ങള്‍ ചെയ്‌തു; കോട്ടകള്‍ പിടിച്ചടക്കി; രാജാക്കന്‍മാരെ വധിച്ചു.
3. ഭൂമിയുടെ അതിര്‍ത്തികള്‍വരെ അവന്‍ മുന്നേറി; അസംഖ്യം രാജ്യങ്ങള്‍ കൊള്ളയടിച്ചു. ലോകംമുഴുവന്‍ തനിക്ക്‌ അധീനമായപ്പോള്‍ അവന്‍ അഹങ്കാരോന്‍ മത്തനായി.
4. സുശക്‌തമായൊരു സൈന്യത്തെ ശേഖരിച്ച്‌ അവന്‍ രാജ്യങ്ങളുടെയും ജനതകളുടെയും നാടുവാഴികളുടെയുംമേല്‍ ആധിപത്യം സ്‌ഥാപിച്ചു; അവര്‍ അവനു സാമന്തരായി.
5. അങ്ങനെയിരിക്കേ, അവന്‍ രോഗബാധിതനായി; മരണം ആസന്നമായെന്ന്‌ അവന്‍ മനസ്‌സിലാക്കി.
6. ചെറുപ്പംമുതലേ തന്‍െറ പാര്‍ശ്വവര്‍ത്തികളായിരുന്ന സമുന്നതരായ സേനാധിപന്‍മാരെ വിളിച്ചുവരുത്തി അവര്‍ക്ക്‌, താന്‍മരിക്കുന്നതിനു മുന്‍പ്‌ അവന്‍ രാജ്യം വിഭജിച്ചുകൊടുത്തു.
7. പന്ത്രണ്ടുവര്‍ഷത്തെ ഭരണത്തിനുശേഷം അലക്‌ സാണ്ടര്‍ മരണമടഞ്ഞു.
8. സേനാധിപന്‍മാര്‍ താന്താങ്ങളുടെ പ്രദേശങ്ങളില്‍ ഭരണം തുടങ്ങി.
9. അലക്‌സാണ്ടറുടെ മരണത്തിനുശേഷം അവര്‍ സ്വയം കിരീടം ധരിച്ചു രാജാക്കന്‍മാരായി. അനേകവര്‍ഷത്തേക്ക്‌ അവരുടെ പുത്രന്‍മാരും ആ രീതി തുടര്‍ന്നു. അവര്‍മൂലം ഭൂമിയില്‍ ദുരിതങ്ങള്‍ പെരുകി.
10. അവരുടെ വംശത്തില്‍പ്പെട്ട അന്തിയോക്കസ്‌ രാജാവിന്‍െറ പുത്രനായി തിന്‍മയുടെ വേരായ അന്തിയോക്കസ്‌ എപ്പിഫാനസ്‌ ജനിച്ചു. ഗ്രീക്കുസാമ്രാജ്യം സ്‌ഥാപിതമായതിന്‍െറ നൂറ്റിമുപ്പത്തേഴാംവര്‍ഷം, ഭരണമേല്‍ക്കുന്നതിനുമുന്‍പ്‌, അവന്‍ റോമായില്‍ തടവിലായിരുന്നു.
11. അക്കാലത്ത്‌ നിയമനിഷേ ധകരായ ചിലര്‍ മുന്‍പോട്ടുവന്ന്‌ ഇസ്രായേ ലില്‍ അനേകം പേരെ വഴിതെറ്റിക്കുംവിധം പറഞ്ഞു: ചുറ്റുമുള്ള വിജാതീയരുമായി നമുക്ക്‌ ഉടമ്പടി ചെയ്യാം. കാരണം, അവരില്‍ നിന്നു പിരിഞ്ഞതില്‍പ്പിന്നെ വളരെയേറെ അനര്‍ഥങ്ങള്‍ നമുക്കു ഭവിച്ചിരിക്കുന്നു.
12. ഈ നിര്‍ദേശം അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ടു.
13. കുറെ ആളുകള്‍ താത്‌പര്യപൂര്‍വം രാജാവിന്‍െറ അടുക്കലെത്തി. വിജാതീയരുടെ ആചാരങ്ങളനുഷ്‌ഠിക്കാന്‍ അവന്‍ അവര്‍ക്ക്‌ അനുവാദം നല്‍കി.
14. അവര്‍ ജറുസലെമില്‍ വിജാതീയരീതിയിലുള്ള ഒരു കായികാഭ്യാസക്കളരി സ്‌ഥാപിച്ചു.
15. പരിച്‌ഛേദനത്തിന്‍െറ അടയാളങ്ങള്‍ അവര്‍ മായിച്ചുകളഞ്ഞു; വിശുദ്‌ധ ഉടമ്പടി പരിത്യജിച്ചു; വിജാതീയരോടു ചേര്‍ന്ന്‌ ദുഷ്‌കൃത്യങ്ങളില്‍ മുഴുകുകയും ചെയ്‌തു.
16. രാജ്യം തന്‍െറ കൈയില്‍ ഭദ്രമായി എന്നുകണ്ട്‌, ഈജിപ്‌തിന്‍െറ കൂടി രാജാവാകാന്‍ അന്തിയോക്കസ്‌ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും അധിപനാകാനായിരുന്നു അവന്‍െറ മോഹം.
17. രഥങ്ങളും ആനകളും കുതിരപ്പട്ടാളവും വലിയൊരു കപ്പല്‍പ്പടയും അടങ്ങിയ സുശക്‌തമായ സൈന്യത്തോടെ അവന്‍ ഈജിപ്‌തിനെ ആക്രമിച്ചു.
18. ഈജിപ്‌തുരാജാവായ ടോളമിയുമായി അവന്‍ ഏറ്റുമുട്ടി. ടോളമി പിന്തിരിഞ്ഞോടി.
19. വളരെപ്പേര്‍ മുറിവേറ്റു വീണു. ഈജിപ്‌തിലെ സുര ക്‌ഷിതനഗരങ്ങള്‍ അവന്‍ പിടിച്ചടക്കി; ഈ ജിപ്‌തുദേശം കൊള്ളയടിച്ചു.
20. നൂറ്റിനാല്‍പത്തിമൂന്നാമാണ്ടില്‍ ഈജിപ്‌തു കീഴടക്കിയതിനുശേഷം അന്തിയോക്കസ്‌ മടങ്ങി. ഇസ്രായേലിനെതിരേ ശക്‌തമായൊരു സൈന്യവുമായി പുറപ്പെട്ട്‌ അവന്‍ ജറുസലെമില്‍ എത്തി.
21. അവന്‍ ഒൗദ്‌ധത്യത്തോടെ വിശുദ്‌ധ സ്‌ഥലത്തു പ്രവേശിച്ച്‌ സുവര്‍ണബലിപീഠവും വിളക്കുകാലുകളും അവിടെയുണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും കൈവശമാക്കി.
22. തിരുസാന്നിധ്യയപ്പത്തിന്‍െറ മേശയും പാനീയബലിക്കുള്ള ചഷകങ്ങളും കോപ്പകളും സുവര്‍ണധൂപ കലശങ്ങളും തിരശ്‌ശീലയും കിരീടങ്ങളും ദേവാലയപൂമുഖത്തെ കനകവിതാനങ്ങളും എല്ലാം അവന്‍ കൊള്ളയടിച്ചു.
23. അവിടെയുണ്ടായിരുന്ന വെള്ളിയും സ്വര്‍ണവും വില പിടി ച്ചപാത്രങ്ങളും കൈവശപ്പെടുത്തി. ഒളിച്ചുവച്ചിരുന്ന നിധികളില്‍, കണ്ടെണ്ടത്തിയതെല്ലാം അവന്‍ കൈക്കലാക്കി.
24. അവയുംകൊണ്ട്‌ അവന്‍ സ്വദേശത്തേക്കു മടങ്ങി. അവന്‍ ഏറെ രക്‌തം ചൊരിഞ്ഞു. അവന്‍െറ സംസാരത്തില്‍ അഹങ്കാരം മുറ്റിനിന്നു.
25. ഇസ്രായേല്‍ സമൂഹങ്ങളെല്ലാം തീവ്രദുഃഖത്തിലാണ്ടു.
26. ഭരണാധിപന്‍മാരിലും പ്രമാണികളിലും നിന്നു ദീനരോദനമുയര്‍ന്നു.യുവതീയുവാക്കന്‍മാര്‍ തളര്‍ന്നവശരായി. സ്‌ത്രീകളുടെ സൗന്‌ദര്യത്തിനു മങ്ങലേറ്റു.
27. മണ വാളന്‍ വിലപിച്ചു. മണവറയില്‍ മണവാട്ടി പ്രലപിച്ചു.
28. ദേശംപോലും അതിലെ നിവാസികളെപ്രതി വിറപൂണ്ടു. യാക്കോബിന്‍െറ ഭവനം ലജ്‌ജാവൃതമായി.
29. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം രാജാവ്‌ തന്‍െറ കപ്പം പിരിവുകാരില്‍ പ്രമുഖനായ ഒരുവനെ യൂദാനഗരങ്ങളിലേക്ക്‌ അയച്ചു. വലിയൊരു സൈന്യവുമായി അവന്‍ ജറുസലെമിലെത്തി.
30. അവന്‍ ചതിവായി അവരോടു സമാധാനത്തിന്‍െറ ഭാഷയില്‍ സംസാരിച്ചു. അവര്‍ അവനെ വിശ്വസിച്ചു. എന്നാല്‍ അവന്‍ പെട്ടെന്നു നഗരം ആക്രമിച്ച്‌ കനത്ത ആഘാതമേല്‍പിക്കുകയും അനേകം ഇസ്രായേല്‍ക്കാരെ നശിപ്പിക്കുകയും ചെയ്‌തു.
31. അവന്‍ നഗരം കൊള്ളയടിച്ചു. അതിനെ അഗ്‌നിക്കിരയാക്കി, അതിലെ വീടുകളും നഗരഭിത്തികളും തകര്‍ത്തു.
32. അവര്‍ സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; കന്നുകാലികളെ കവര്‍ ച്ചചെയ്‌തു.
33. ഉറപ്പുള്ള വലിയൊരു മതിലും ബലമേറിയ ഗോപുരങ്ങളും പണിത്‌ ദാവീദിന്‍െറ നഗരത്തെ അവര്‍ സുശക്‌തമാക്കി. അത്‌ അവരുടെ സങ്കേതമായിത്തീര്‍ന്നു.
34. ദുഷ്‌ടരും അധര്‍മികളുമായ ഒരു വിഭാഗമാളുകളെ അവര്‍ അവിടെ താമസിപ്പിച്ചു. അവര്‍ അവിടെ നിലയുറപ്പിച്ചു.
35. അവര്‍ ആയുധങ്ങളും ഭക്‌ഷ്യപദാര്‍ഥങ്ങളും ജറുസലെമില്‍നിന്നു ശേഖരി ച്ചകവര്‍ച്ചവസ്‌തുക്കളും അവിടെ സംഭരിച്ചു. അങ്ങനെ അവര്‍ ഒരു കെണിയായി.
36. അത്‌ വിശുദ്‌ധ സ്‌ഥലത്തെ ആക്രമിക്കാനുള്ള ഒളിസ്‌ഥലമായി മാറി, ഇസ്രായേ ലിനെ നിരന്തരമലട്ടുന്ന ദുഷ്‌ടപ്രതിയോഗിയും.
37. വിശുദ്‌ധസ്‌ഥലത്തിനു ചുറ്റും അവര്‍ നിഷ്‌കളങ്കരക്‌തം ചിന്തി. വിശുദ്‌ധസ്‌ഥലം അശുദ്‌ധമാക്കുകപോലും ചെയ്‌തു.
38. ജറുസലെം നിവാസികള്‍ അവരെ ഭയന്ന്‌ ഓടിപ്പോയി. അവള്‍ വിദേശീയരുടെ വാസസ്‌ഥ ലമായി പരിണമിച്ചു. സ്വസന്താനങ്ങള്‍ക്ക്‌ അവള്‍ അന്യയായി. സ്വന്തം മക്കള്‍ അവളെ ഉപേക്‌ഷിച്ചു.
39. അവളുടെ വിശുദ്‌ധസ്‌ഥലം മരുഭൂമിക്കു തുല്യം വിജനമായി; തിരുനാളുകള്‍ വിലാപദിനങ്ങളായി മാറി; സാബത്തുകള്‍ പരിഹാസവിഷയമായി; അവളുടെ കീര്‍ത്തി അപമാനിക്കപ്പെട്ടു.
40. അപകീര്‍ത്തി മുന്‍മഹത്വത്തിനൊപ്പം അവളെ ചുറ്റിനിന്നു. അവളുടെ ഒൗന്നത്യം വിലാപത്തിനു വഴിമാറി.
41. സ്വന്തം ആചാരങ്ങള്‍ ഉപേക്‌ഷിച്ച്‌
42. എല്ലാവരും ഒരു ജനതയായിത്തീരണമെന്ന്‌ രാജാവ്‌ രാജ്യത്തെങ്ങും കല്‍പന വിളംബരം ചെയ്‌തു.
43. വിജാതീയരെല്ലാം രാജകല്‍പന സ്വാഗതം ചെയ്‌തു. ഇസ്രായേലില്‍നിന്നുപോലും വളരെപ്പേര്‍ അവന്‍െറ ഇംഗിതം സസന്തോഷം സ്വീകരിച്ചു. അവര്‍ വിഗ്രഹങ്ങള്‍ക്കു ബലിസമര്‍പ്പിക്കുകയും സാബത്ത്‌ അശുദ്‌ധമാക്കുകയും ചെയ്‌തു.
44. രാജാവ്‌ ജറുസലെമിലേക്കും യൂദാനഗരങ്ങളിലേക്കും ദൂതന്‍മാര്‍വശം കത്തുകളയച്ചു. സ്വന്തം നാടിന്‌ അന്യമായ ആചാരങ്ങള്‍ അനുഷ്‌ഠിക്കാന്‍ അവന്‍ ആജ്‌ഞാപിച്ചു.
45. വിശുദ്‌ധസ്‌ഥ ലത്ത്‌ ദഹനബലികളും
46. പാനീയബലികളും ഇതര ബലികളും അവന്‍ നിരോധിച്ചു.
47. സാബത്തുകളും തിരുനാളുകളും അശുദ്‌ധമാക്കണമെന്നും, വിശുദ്‌ധസ്‌ഥലത്തെയും പുരോഹിതന്‍മാരെയും കളങ്കപ്പെടുത്തണമെന്നും വിഗ്രഹങ്ങള്‍ക്കു ബലിപീഠങ്ങളും ക്‌ഷേത്രങ്ങളും കാവുകളും നിര്‍മിക്കണമെന്നും പന്നികളെയും അശുദ്‌ധമൃഗങ്ങളെയും ബലിയര്‍പ്പിക്കണമെന്നും അവന്‍ കല്‍പിച്ചു. പരിച്‌ഛേദനം നിരോധിച്ചു.
48. അവര്‍ നിയമം വിസ്‌മരിക്കുകയും
49. ചട്ടങ്ങള്‍ വികലമാക്കുകയും ചെയ്യേണ്ടതിന്‌ അവിശുദ്‌ധവും മലിന വുമായ എല്ലാവിധ പ്രവൃത്തികളിലും ഏര്‍പ്പെട്ട്‌ തങ്ങളെത്തന്നെ നികൃഷ്‌ടരാക്കണമെന്നും അവന്‍ നിര്‍ദേശിച്ചു.
50. രാജകല്‍പന അനുസരിക്കാത്ത ഏവനും മരിക്കണം.
51. ഇങ്ങനെ അവന്‍ രാജ്യത്തെങ്ങും വിജ്‌ഞാപനം ചെയ്‌തു. എല്ലാ ജനങ്ങളുടെയുംമേല്‍ പരിശോധകരെ നിയമിച്ചു. യൂദായിലെ നഗരങ്ങള്‍ തവണവച്ച്‌ ബലിയര്‍പ്പിക്കണമെന്നു കല്‍പിക്കുകയും ചെയ്‌തു.
52. നിയമം ഉപേക്‌ഷിച്ചവളരെപ്പേര്‍ അവരോടുചേര്‍ന്ന്‌ നാട്ടിലെങ്ങും തിന്‍മ പ്രവര്‍ത്തിച്ചു.
53. ഇസ്രായേല്‍ക്കാര്‍ അഭയസ്‌ഥാനങ്ങളില്‍ ഒളിക്കുന്നതിന്‌ ഇത്‌ ഇടയാക്കി.
54. നൂറ്റിനാല്‍പത്തഞ്ചാം വര്‍ഷത്തില്‍ കിസ്‌ലേവ്‌ മാസം പതിനഞ്ചാംദിവസം ദഹന ബലിപീഠത്തിന്‍മേല്‍ അവര്‍ വിനാശത്തിന്‍െറ മ്ലേച്ഛവസ്‌തു പ്രതിഷ്‌ഠിച്ചു. ചുറ്റുമുള്ള യൂദാനഗരങ്ങളിലും അവര്‍ ബലിപീഠങ്ങള്‍ നിര്‍മിച്ചു.
55. വീടുകളുടെ വാതിലുകളിലും തെരുവീഥികളിലും അവര്‍ ധൂപമര്‍പ്പിച്ചു.
56. കിട്ടിയ നിയമഗ്രന്‌ഥങ്ങള്‍ കീറി തീയിലിട്ടു.
57. ഉടമ്പടിഗ്രന്‌ഥം കൈവശം വയ്‌ക്കുകയോ നിയമത്തോടു കൂറുപുലര്‍ത്തുകയോ ചെയ്യുന്നവന്‍ രാജശാസനപ്രകാരം മരണത്തിന്‌ അര്‍ഹനായിരുന്നു.
58. നഗരങ്ങളില്‍ ഇങ്ങനെ പിടിക്കപ്പെട്ട ഇസ്രായേല്‍ക്കാരുടെമേല്‍ അവര്‍ മാസംതോറും ശിക്‌ഷാവിധി നടപ്പാക്കിയിരുന്നു.
59. ദഹനബലിപീഠത്തിനു മുകളില്‍ സ്‌ഥാപി ച്ചപീഠത്തില്‍ മാസത്തിന്‍െറ ഇരുപത്തഞ്ചാം ദിവസം അവര്‍ ബലിയര്‍പ്പിച്ചു.
60. പുത്രന്‍മാരെ പരിച്‌ഛേദനം ചെയ്യി ച്ചസ്‌ത്രീകളെ രാജകല്‍പനപ്രകാരം അവര്‍ വധിച്ചു.
61. അവരുടെ കുടുംബാംഗങ്ങളും പരിച്‌ ഛേദനം ചെയ്‌തവരും വധിക്കപ്പെട്ടു. ശിശുക്കളെ തള്ളമാരുടെ കഴുത്തില്‍ തൂക്കിക്കൊന്നു.
62. എങ്കിലും ഇസ്രായേലില്‍ വളരെപ്പേര്‍ അചഞ്ചലരായി നിന്നു. അശുദ്‌ധഭക്‌ഷണം കഴിക്കുകയില്ലെന്ന്‌ അവര്‍ ദൃഢനിശ്‌ചയംചെയ്‌തു.
63. ഭക്‌ഷണത്താല്‍ മലിനരാകുകയോ വിശുദ്‌ധ ഉടമ്പടി അശുദ്‌ധമാക്കുകയോ ചെയ്യുന്നതിനേക്കാള്‍ മരിക്കാന്‍ അവര്‍ സന്നദ്‌ധരായി. അവര്‍ മരണം വരിക്കുകയുംചെയ്‌തു.
64. ഇസ്രായേലിന്‍െറ മേല്‍ അത്യുഗ്രമായ ക്രോധം നിപതിച്ചു.

Holydivine